കരുളായി : അങ്ങാടിയിലെ വ്യാപാരിക്കുനേരേ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ചും, അങ്ങാടിയിലെ ലഹരിമാഫിയയുടെ വിളയാട്ടം തടയണമെന്നാവശ്യപ്പെട്ടും വ്യാപാരി വ്യവസായി ഏകോപന സമിതി കരുളായി യൂണിറ്റിന്റെ നേതൃത്വത്തിൽ അങ്ങാടിയിൽ പ്രതിഷേധപ്രകടനം നടത്തി.

To advertise here,

തിങ്കളാഴ്ച ഉച്ചയ്ക്ക് ആലുങ്ങൽ സ്റ്റോർ ഉടമ നിഷാദ് ആലുങ്ങലിനെ കടയിൽക്കയറി ചില്ലുഭരണി ഉപയോഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു. മുഖത്തു പരിക്കേറ്റ കടയുടമ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ചികിത്സതേടി. സംഭവവുമായി ബന്ധപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി പൂക്കോട്ടുംപാടം പോലീസിൽ പരാതിനൽകുകയും ചെയ്തു. കരുളായി അങ്ങാടിയിൽ ഇടയ്ക്കിടെ ലഹരിവില്പനക്കാ‍ർ തമ്മിൽ അടിപിടിയുണ്ടാകാറുണ്ടെന്നും ഇത് അങ്ങാടിയിലെ ക്രമസമാധാനനില തകർക്കുന്നതായും വ്യാപാരികൾ പരാതിപ്പെട്ടു.

കരുളായിയിലെ ലഹരിസംഘങ്ങളുടെ വിളയാട്ടത്തിനെതിരേ പോലീസ് കർശന നടപടി സ്വീകരിക്കണമെന്നും സ്വൈര്യമായി കച്ചവടംചെയ്യാൻ അവസരമൊരുക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

സെക്രട്ടറി ജെയിംസ് മാവേലി, പ്രസിഡന്റ് ഹുസ്സൻകുട്ടി കൂക്കി, ഖജാൻജി മർജാനു ഷമീം, നിഹാൽ ആലുങ്ങൽ, സി.പി. ഉമ്മർ, സി.വി. സത്യൻ, ടി.കെ. നിസാർ, സുപ്രിയ, ഷംലി തുടങ്ങിയവർ നേതൃത്വംനൽകി.