പഴനി : സ്‌കന്ദഷഷ്ഠി ഉത്സവത്തിന് സമാപനംകുറിച്ച് പഴനിമലക്ഷേത്രം, പെരിയനായകിയമ്മൻ ക്ഷേത്രങ്ങളിൽ തിരുക്കല്യാണചടങ്ങുകൾ നടന്നു.

To advertise here,

പഴനിമല ക്ഷേത്രത്തിൽ രാവിലെ 9.30-നും 10.30-നും മധ്യേ ഷണ്മുഖർ വള്ളിദൈവാനയ്ക്കും പഴനി പെരിയനായകിയമ്മൻ ക്ഷേത്രത്തിൽ വൈകീട്ട് വള്ളി-ദേവസേന മുത്തുക്കുമാരസ്വാമിക്കും തിരുക്കല്യാണച്ചടങ്ങുകൾ നടന്നു. ചടങ്ങിൽ പങ്കെടുക്കാൻ ആയിരക്കണക്കിന് ഭക്തരെത്തി.

തിരുക്കല്യാണച്ചടങ്ങിന്റെ ഭാഗമായി പഴനിമല ക്ഷേത്രത്തിൽനിന്നും വള്ളിദൈവാനാ ഷൺമുഖർ മലക്ഷേത്രത്തിൽ പൂക്കളാൽ നിർമിച്ചിരുന്ന മണ്ഡലത്തിലേക്ക് എഴുന്നള്ളി.

തുടർന്ന് ഗണപതിപൂജ, പുണ്യാഹവാചനം, കലശപൂജ തുടങ്ങി വിശേഷപൂജകളും വള്ളി, ദൈവാന ഷൺമുഖർക്ക് 16 തരത്തിലുള്ള അഭിഷേകങ്ങളും അലങ്കാരവും നടന്നു.

മാംഗല്യപൂജയ്ക്കുശേഷം തിരുക്കല്യാണച്ചടങ്ങും 16 തരത്തിലുള്ള ദീപാരാധനയും മഹാദീപാരാധനയും സ്വാമി എഴുന്നള്ളിപ്പും നടന്നു.

രാത്രി പഴനി പെരിയനായകിയമ്മൻ ക്ഷേത്രത്തിൽ വിശേഷപൂജകൾക്ക് ശേഷം വള്ളി ദേവസേനാ മുത്തുക്കുമാരസ്വാമിക്ക് 16 തരത്തിലുള്ള അഭിഷേകങ്ങളും അലങ്കാരങ്ങളും നടന്നു. തിരുക്കല്യാ ണവും ദീപാരാധനയും നടന്നു.

പിന്നീട് വള്ളിദേവസേനാ മുത്തുക്കുമാരസ്വാമി നാല് തേരടി വീഥികളിലൂടെയും എഴുന്നള്ളി. ചടങ്ങിൽ പഴനി ദേവസ്വംട്രസ്റ്റ് ബോർഡ് ചെയർമാൻ സുബ്രഹ്മണ്യൻ, കെ. രവി മനോഹരൻ എം.എൽ.എ., ദേവസ്വംബോർഡ് അംഗങ്ങളായ ധനശേഖർ, അന്നപൂർണി, ആർ. ബാലസുബ്രഹ്മണ്യൻ, പഴനി ദേവസ്വംബോർഡ് ജോയിന്റ് കമ്മിഷണർ ഹരിഹരൻ, ഡെപ്യൂട്ടി കമ്മിഷണർ വെങ്കിടേഷ് തുടങ്ങിയവർ പങ്കെടുത്തു.

പൂജകൾക്ക് അമൃതലിംഗ ഗുരുക്കൾ, സെൽവ സുബ്രഹ്മണ്യ ഗുരുക്കൾ എന്നിവർ നേതൃത്വം നൽകി.

പഴനി ഡി.എസ്.പി. ധനഞ്ജയൻ, ടൗൺ പോലീസ് ഇൻസ്‌പെക്ടർ മണിമാരൻ എന്നിവരുടെ നേതൃത്വത്തിൽ നൂറുകണക്കിന് പോലീസുകാർ സുരക്ഷയൊരുക്കി.