കോയമ്പത്തൂർ : മധുര ബൈപ്പാസ് റോഡിലെ നെഹ്‌റു നഗർ ഭാഗത്തുള്ള തനിഷ്‌ക് ജൂവലറിയിൽനിന്ന് കോടിക്കണക്കിന് രൂപ വിലവരുന്ന സ്വർണവും വജ്രവും കവർന്ന കേസിൽ നാലാം നാൾ പ്രതികളെ പിടികൂടി മധുര പോലീസ്.

To advertise here,

ഒക്ടോബർ 15-ന് പ്രവർത്തനം തുടങ്ങിയ ജൂവലറിയിൽനിന്ന് പോലീസിനെയും സുരക്ഷാ സംവിധാനങ്ങളെയും വെട്ടിച്ചായിരുന്നു കവർച്ച. സുഹൃത്തും യുറ്റ്യൂബറുമായ മീനാക്ഷിക്ക് പണത്തിന് ആവശ്യം വന്നതോടെയാണ് നിശാന്ത് കവർച്ച ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന് പോലീസ് പറയുന്നു. സ്വർണം വാങ്ങാനെന്ന പേരിൽ നിശാന്ത് മൂന്നുതവണ ജൂവലറിയിൽ പോയി സാഹചര്യങ്ങൾ മനസ്സിലാക്കി. നവംബർ അഞ്ചിന് ജൂവലറിയിൽ കയറിയെങ്കിലും സ്വർണംവെച്ചിരുന്ന ഭാഗത്തേക്ക് കടക്കാൻ പറ്റിയില്ല.

നവംബർ 11-ന് രാത്രി ജൂവലറി കെട്ടിടത്തിന് പിറകിൽ നിർമാണ ആവശ്യങ്ങൾക്ക് കെട്ടിവെച്ചിരുന്ന കമ്പിയിലൂടെ കയറി ലിഫ്റ്റിന്റെ വാതിൽ തുറന്ന് ഒന്നാംനിലയിൽ സ്വർണം വെച്ചിരുന്ന ഭാഗത്തെത്തി. തുടർന്ന് സ്വർണവും വജ്രവും എടുത്ത് ചാക്കിൽ നിറച്ചു. തൊട്ടടുത്ത് ലോക്കറിൽ സ്വർണം ഉണ്ടായിരുന്നെങ്കിലും അതെടുത്തില്ല. വന്നവഴിയെ തന്നെ പുറത്തിറങ്ങിയശേഷം മീനാക്ഷിയുടെ സ്‌കൂട്ടറിൽ കയറി രക്ഷപ്പെട്ടു. 12-ന് പുലർച്ചെ വരെ സ്‌കൂട്ടറിൽ കറങ്ങിയശേഷം പഴങ്കാനത്തെ വീട്ടിലെത്തിയ നിശാന്ത് സ്വർണവും മറ്റും അച്ഛൻ സുരേഷിനെ ഏൽപ്പിച്ചു. പിറ്റേന്ന് തിരിച്ചെത്തിയ നിശാന്ത് സ്വർണത്തിന്റെ ഒരുഭാഗം മടക്കുളം ഭാഗത്തെ ഒഴിഞ്ഞ സ്ഥലത്ത് കുഴിച്ചിട്ട് ഒളിവിൽപോകുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

ജൂവലറിയിലെ സി.സി.ടി.വി. ദൃശ്യങ്ങളിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം പോലീസ് നിശാന്തിന്റെ വീട്ടിൽ ശനിയാഴ്ച നടത്തിയ റെയ്ഡിൽ അച്ഛൻ സുരേഷിനെയും പിന്നീട് മീനാക്ഷിയെയും അറസ്റ്റ് ചെയ്തിരുന്നു. മടക്കുളം ഭാഗത്ത് ഒളിപ്പിച്ചുവെച്ച അഞ്ചു കിലോ സ്വർണം കണ്ടെടുക്കുകയുംചെയ്തു.