കർഷകർക്ക് 90 ദിവസത്തേക്ക് വെള്ളം കിട്ടും

To advertise here,

മംഗലംഡാം : രണ്ടാംവിള നെൽക്കൃഷിക്കായി മംഗലംഡാം ഇടത്-വലത് കനാലുകൾ തുറന്നു. വെള്ളമില്ലാത്തതിനെത്തുടർന്ന് ഞാറുനടീൽ പ്രതിസന്ധിയിലായതോടെ കനാൽ തുറക്കണമെന്ന് കർഷകർ ആവശ്യപ്പെടുകയായിരുന്നു. 90 ദിവസത്തേക്ക് നൽകാനുള്ള വെള്ളം സംഭരണിയിലുണ്ടെന്ന് ജലസേചനവകുപ്പധികൃതർ അറിയിച്ചു.

മംഗലംഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ തുലാമഴ ലഭിച്ചതിനാൽ സംഭരണി നിറഞ്ഞിരുന്നു. 77.88 മീറ്റർ പരമാവധി ശേഷിയുള്ള മംഗലംഡാമിൽ നിലവിൽ 77.24 മീറ്റർ ജലനിരപ്പുണ്ട്.

അതേസമയം, വാലറ്റപ്രദേശങ്ങളിൽ ആവശ്യത്തിന് വെള്ളം കിട്ടണമെങ്കിൽ, തുടക്കഭാഗങ്ങളിൽ ആവശ്യത്തിന് വെള്ളം ലഭിച്ചശേഷം കർഷകർ ഉപകനാൽ ഷട്ടറുകൾ അടയ്ക്കണമെന്ന് അധികൃതർ നിർദേശിച്ചു. വാലറ്റപ്രദേശങ്ങളിൽ കനാൽ വൃത്തിയാക്കൽ പൂർത്തിയാകാത്തത് കർഷകരിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. അതേസമയം, കനാൽ വൃത്തിയാക്കുന്നുണ്ടെന്നും വെള്ളം വാലറ്റമെത്തുമ്പോഴേക്കും പൂർത്തിയാക്കാനാകുമെന്നും അധികൃതർ പറഞ്ഞു.

ചോർച്ചയ്ക്ക് കുറവില്ല

വെള്ളം കരുതലോടെ ഉപയോഗിക്കണമെന്ന് ജലസേചനവകുപ്പധികൃതർ നിർദേശം നൽകുമ്പോഴും കനാലിന്റെ വിവിധയിടങ്ങളിലുള്ള ചോർച്ചയ്ക്ക് കുറവില്ല. അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ വളയിൽ കനാൽപ്പാലം, പുല്ലംപാടം കനാൽ, കണ്ണമ്പ്ര കനാൽപ്പാലം തുടങ്ങി പല സ്ഥലങ്ങളിലും വെള്ളം പാഴാകുന്നുണ്ട്. വലതുകര കനാലിന്റെ തുടക്കഭാഗത്തും ഇടതുകനാലിൽ പള്ളിക്കാട് ഭാഗത്തും കനാൽ ഇടിഞ്ഞ ഭാഗത്ത് മണൽചാക്ക് അടുക്കി ടാർപ്പായ വിരിച്ചാണ് വെള്ളം കടത്തിവിടുന്നത്. കനാൽ അറ്റകുറ്റപ്പണിക്കായി 30 കോടിരൂപയുടെ അടങ്കൽ നബാർഡിന്റെ അനുമതിക്കായി സമർപ്പിച്ചിട്ടുണ്ടെന്നും അനുമതി ലഭിക്കുന്ന മുറയ്ക്ക് ജോലികൾ ചെയ്യുമെന്നും ജലസേചനവകുപ്പധികൃതർ പറഞ്ഞു.