ചങ്ങരംകുളം : കുറ്റിപ്പുറം-തൃശ്ശൂർ സംസ്ഥാനപാതയിലെ സെമി ഹമ്പുകളും സമീപത്തെ കുഴികളും വാഹനങ്ങളുടെയും യാത്രക്കാരുടെയും നടുവൊടിക്കുന്നു. സമീപകാലത്തായി നിരവധി വാഹനങ്ങളാണ് ഇവിടെ അപകടത്തിൽപ്പെടുന്നത്. രാത്രികാലങ്ങളിൽ ഹമ്പുകളും കുഴികളും തിരിച്ചറിയാൻകഴിയാതെ ദിനംപ്രതി വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതായി നാട്ടുകാർ പറയുന്നു.

To advertise here,

 

ചിയ്യാനൂർ പാടത്തും വളയംകുളത്തുമുള്ള ഹമ്പുകളാണ് യാത്രക്കാർക്ക് കെണിയാകുന്നത്. സംസ്ഥാനത്തെതന്നെ ഏറ്റവും തിരക്കേറിയ പാതകളിലൊന്നായ തൃശ്ശൂർ-കുറ്റിപ്പുറം പാതയിലാണ് ഈ ദുരിതം. ദീർഘദൂര വാഹനങ്ങളും ഇതരസംസ്ഥാനങ്ങളിൽനിന്നെത്തുന്ന ചരക്കുവാഹനങ്ങളും ശബരിമല, ഗുരുവായൂർ തുടങ്ങിയ അമ്പലങ്ങളിലേക്കുള്ള തീർഥാടകരുടെ വാഹനങ്ങളുമെല്ലാം ഇതുവഴി പോകും. ഇത്തരം വാഹനങ്ങളെല്ലാം അപകടത്തിൽപ്പെടുന്നത് ഇവിടെ പതിവാണ്.

 

അപകടത്തിൽപ്പെടുന്നവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോകുന്നത് വഴിയാത്രക്കാരും നാട്ടുകാരും ചേർന്നാണ്. അപകടാവസ്ഥയും സെമി ഹമ്പും തിരിച്ചറിയാൻ ലൈറ്റുകളോ മുന്നറിയിപ്പ് ബോർഡുകളോ ഇല്ലെന്നതാണ് അപകടത്തിനു കാരണമാകുന്നത്. റോഡിന്റെ ഗതി തിരിച്ചറിയുന്നതിന് റിഫ്ലക്ടറുകൾ സ്ഥാപിക്കുകയും പാതയോരങ്ങളിലെ പൊന്തക്കാടുകൾ വൃത്തിയാക്കി വിളക്കുകൾ സ്ഥാപിക്കുകയും ചെയ്താൽ ഒരുപരിധിവരെ ഇവിടെ അപകടം ഒഴിവാക്കാനാകുമെന്നാണ് യാത്രക്കാർ പറയുന്നത്.

അടുത്തദിവസങ്ങളിലായി ബൈക്കപകടങ്ങളിൽപ്പെട്ട് നിരവധിപേർക്കാണ് പരിക്കേറ്റത്. റോഡിന്റെ അപകടാവസ്ഥ നാട്ടുകാർ പലതവണ പൊതുമരാമത്തുവകുപ്പിനെയും ഉദ്യോഗസ്ഥരെയും അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നും നാട്ടുകാർ പറയുന്നു. ശബരിമല സീസൺകൂടി വരുന്നതോടെ ഇവിടെ അപകടങ്ങൾ വർധിക്കാനുള്ള സാധ്യത കൂടുകയാണ്. പാതയോരത്തെ മണ്ണും മറ്റ് അവശിഷ്ടങ്ങളും മാറ്റണമെന്നും റോഡിലെ കുഴികൾ അടച്ച്‌ യാത്രക്കാർക്ക് സുരക്ഷ ഒരുക്കണമെന്നുണ് നാട്ടുകാരുടെ ആവശ്യം.

അപകടങ്ങൾ പതിവാകുന്നുമുന്നറിയിപ്പ് സംവിധാനങ്ങളില്ല