എടപ്പാൾ : വെറൂർ തൃക്കോവിൽ സുബ്രഹ്മണ്യക്ഷേത്രത്തിൽ മണ്ഡലകാലമാസാചരണത്തിന്റെ മുന്നോടിയായി നടന്ന സ്കന്ദഷഷ്ഠി ആഘോഷം ഭക്തിനിർഭരമായി. പഞ്ചാമൃതം, നിറമാല, പാൽപ്പായസം, അഭിഷേകം എന്നിവയ്ക്കുശേഷം അണ്ണങ്ങാട്ട് ക്ഷേത്രത്തിൽനിന്ന് നിരവധി വേഷങ്ങളും കാവടി, മേളം, താലം എന്നിവയുമടങ്ങിയ എഴുന്നള്ളിപ്പിൽ നിരവധി ഭക്തർ പങ്കാളികളായി. ക്ഷേത്രത്തിലെ അഖണ്ഡനാമജപയജ്ഞം ചൊവ്വാഴ്ച നടക്കും. ഹരിനാമകീർത്തനം, മൂന്നുനേരം അന്നദാനം എന്നിവയുമുണ്ടാകും.

To advertise here,

 

വട്ടംകുളം സുബ്രഹ്മണ്യകോവിലിലെ അയ്യപ്പൻവിളക്ക് ചൊവ്വാഴ്ച നടക്കും. രാവിലെ പത്തിന് മേളത്തോടെ ആരംഭിക്കുന്ന പരിപാടികളുടെ ഭാഗമായി മൂന്നിന് പുരമുണ്ടേക്കാട് ക്ഷേത്രത്തിൽനിന്ന് താലം, ചെണ്ടവാദ്യം എന്നിവയോടെ പാലക്കൊമ്പ് എഴുന്നള്ളിപ്പ് നടക്കും. ദീപാരാധനയ്ക്കുശേഷം ഭജന, തായമ്പക, ഉടുക്കുപാട്ട്, പാൽക്കുടം എഴുന്നള്ളിപ്പ്, പൊലിപ്പാട്ട്, തിരിയുഴിച്ചിൽ, അയ്യപ്പനും വാവരും വെട്ടും തടവും, ഗുരുതിതർപ്പണം എന്നിവ നടക്കും. മൂന്നുനേരവും അന്നദാനമുണ്ടാകും. വട്ടംകുളം ശങ്കരൻകുട്ടി ഗുരുസ്വാമി മകൻ വി.വി. ചന്ദ്രൻ സ്വാമിയും സംഘവുമാണ് വിളക്കുപാർട്ടി.

 

ശുകപുരം : ചമ്പ്രമാണം ശിവക്ഷേത്രത്തിൽ അഖണ്ഡനാമയജ്ഞവും കർപ്പൂരാഴി എഴുന്നള്ളിപ്പും 27, 28 തീയതികളിൽ നടക്കും. 27-ന് വൈകീട്ട് ആറിന് ശുകപുരം കുളങ്കര ക്ഷേത്രത്തിൽനിന്ന് ചെണ്ടമേളം, താലം എന്നിവയോടെയാണ് കർപ്പൂരാഴി എഴുന്നള്ളിപ്പ്. തുടർന്ന് തത്ത്വമസിയുടെ നേതൃത്വത്തിൽ അന്നദാനമുണ്ടാകും. 28-ന് രാവിലെ അഞ്ചിന് ഹരിനാമകീർത്തനം, ഗണപതിഹോമം എന്നിവയ്ക്കുശേഷം അഖണ്ഡനാമയജ്ഞത്തിനു തുടക്കമാകും. 12-ന് അന്നദാനവും സന്ധ്യക്ക് ദീപാരാധനയുമുണ്ടാകും.

എടപ്പാൾ : വട്ടംകുളം കുറ്റിപ്പാല ചെമ്പുഴ ഭാഗവത സപ്താഹയജ്ഞത്തിന് തുടക്കമായി. മേൽശാന്തി പ്രസാദ് നമ്പൂതിരി, ഊരാളൻ ചിത്രൻ നമ്പൂതിരി, നടരാജൻ ഗുരുസ്വാമി എന്നിവർ ഉദ്ഘാടനം ചെയ്തു. അയിനിപ്പിള്ളി ബാബു ചന്ദ്രശേഖരൻ ആചാര്യനാണ്.

ചൊവ്വാഴ്ച വേദപുരം ശിവക്ഷേത്രത്തിൽനിന്ന് വാദ്യഘോഷം, പൂത്താലം എന്നിവയോടെ രുക്മിണീസ്വയംവരഘോഷയാത്രയും 18-ന് സർവൈശ്വര്യപൂജയും 19-ന് സംഗീതവിരുന്നും നടക്കും.

20-ന് രാവിലെ ആറിന് തന്ത്രി കരിവന്നൂർ വാസുദേവൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ അയ്യപ്പന് കളഭാഭിഷേകം, നാഗങ്ങൾക്ക് പാലും പൊടി, ഗുരുതി എന്നിവ നടക്കും. 5.30-ന് മേക്കാവ് ഭഗവതീക്ഷേത്രത്തിൽനിന്ന് ആലങ്കോട് സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിൽ മേളം, നീരാഞ്ജനതാലം എന്നിവയോടെ കർപ്പൂരാഴി പ്രദക്ഷിണം നടക്കും. തുടർന്ന് ആലങ്കോട് സന്തോഷ്, പ്രജോഷ് ചാലിശ്ശേരി എന്നിവരുടെ ഇരട്ടത്തായമ്പക. 21-ന് ഹരിനാമകീർത്തനത്തോടെ അഖണ്ഡനാമയജ്ഞമാരംഭിക്കും.

അയിലക്കാട് : അയ്യപ്പൻകാവിൽ ചൊവ്വാഴ്ച അഖണ്ഡനാമയജ്ഞം നടക്കും. ഹരിനാമകീർത്തനത്തോടെ ആരംഭിക്കുന്ന യജ്ഞത്തിന്റെ ഭാഗമായി അന്നദാനവുമുണ്ടാകും. അയ്യപ്പൻവിളക്ക് 25-ന് പട്ടിശ്ശേരി മങ്ങാട്ട് ഗോവിന്ദൻ നായർ സ്മാരക വിളക്കുപാർട്ടിയുടെ നേതൃത്വത്തിൽ നടക്കും. ഉടുക്കുപാട്ട്, ഭജന, താലം എഴുന്നള്ളിപ്പ്, തായമ്പക എന്നിവയുമുണ്ടാകും. 28-ന് വൈകീട്ട് ആറിന് കർപ്പൂര ദീപാരാധന, അന്നദാനം എന്നിവയുണ്ടാകും.

ശുകപുരം കുളങ്കര ഭഗവതീക്ഷേത്രം, നടുവട്ടം വടക്കേ മണലിയാർകാവ്, പെരുമ്പറമ്പ് മഹാദേവ ക്ഷേത്രം, തലമുണ്ട മാനത്ത്കാവ്, പൊറൂക്കര ഭഗവതീക്ഷേത്രം, മൂതൂർ കല്ലാനിക്കാവ്, കണ്ടനകം വേളാമ്പുള്ളിക്കാവ് തുടങ്ങിയ ക്ഷേത്രങ്ങളിലും പരിപാടികൾ നടക്കും.