മങ്കുണ്ടിൽ നടപ്പാതയും റോഡിന്റെ ഭാഗങ്ങളും മൂടി
കാളികാവ് : മലയോര ഹൈവേയുടെ നടപ്പാതയും റോഡിന്റെ ഭാഗങ്ങളും കീഴടക്കി കാട്ടുവള്ളി പടരുന്നത് യാത്രക്കാർക്ക് ഭീഷണിയാകുന്നു.
കാളികാവ് മങ്കുണ്ടിലാണ് റോഡരികിലും നടപ്പാതയിലും വള്ളിപ്പടർപ്പ് വ്യാപകമായത്. നടപ്പാത പൂർണമായും മൂടിയ വള്ളികൾ ടാർ ചെയ്ത ഭാഗത്തേക്കും പടർന്നിട്ടുണ്ട്.
മങ്കുണ്ടിൽ മാത്രം റോഡിലേക്ക് അരമീറ്ററിലേറെ വള്ളികൾ വ്യാപിച്ചിട്ടുണ്ട്. വള്ളിപ്പടർപ്പുള്ള ഭാഗം ഒഴിവാക്കി വാഹനങ്ങൾ പോകുന്നതിനാൽ റോഡിന്റെ വീതി കുറഞ്ഞ നിലയിലാണ്. നടപ്പാത കാണാൻ പോലും കഴിയില്ല.
മലവാരങ്ങളിൽ മാത്രം കണ്ടുവന്നിരുന്ന വള്ളികൾ വനമേഖലകളിലേക്കും വ്യാപകമായി പടരുകയാണെന്ന് പ്രദേശവാസികൾ പറയുന്നു.
കാളികാവ്, ചോക്കാട്, പുല്ലങ്കോട് മലവാരങ്ങളിലെ നൂറുകണക്കിന് ഏക്കർ സ്വാഭാവിക വനമേഖലകൾ വള്ളികൾ മൂടിയ നിലയിലാണ്. വൻ മരങ്ങളിലും അടിക്കാടുകളിലും പടർന്നുകയറുന്ന വള്ളികൾ സൂര്യപ്രകാശം തടസ്സപ്പെടുത്തി മരങ്ങൾ ഉണങ്ങുന്നതിനും കാരണമാകുന്നുണ്ട്. ഔഷധസസ്യങ്ങൾ ഉൾപ്പെടെയുള്ള സ്വാഭാവിക സസ്യജാലങ്ങളും ഇതുമൂലം നശിക്കുന്നതായി പരിസ്ഥിതി പ്രവർത്തകർ പറയുന്നു.
റബ്ബർതോട്ടങ്ങളിൽ അടിക്കാട് നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന തോട്ടപ്പയർ വള്ളികളോട് സാമ്യമുള്ള മ്യൂക്കണ വള്ളികളാണ് അനിയന്ത്രിതമായി പടരുന്നത്. റോഡിലേക്ക് പടർന്ന വള്ളികൾ വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും അപകടസാധ്യത സൃഷ്ടിക്കുന്നതിനാൽ റോഡരികിലെ വള്ളിപ്പടർപ്പ് അടിയന്തരമായി നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Published: 15 Sept 2026, 03:35 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented