ചെറുതുരുത്തി : ഭാരതപ്പുഴ അതിവേഗം വറ്റി വരളുന്നതിനിടയിൽ പുഴയിൽ നിന്നുള്ള മണലെടുപ്പ് പുനരാരംഭിച്ചു. അതേസമയം കുടിവെളളക്ഷാമം രൂക്ഷമാകാതിരിക്കാൻ വെള്ളംകെട്ടി നിർത്തി സംരക്ഷിക്കുന്നതിന് ഇപ്പോഴും നടപടിയില്ലെന്നുള്ളതാണ് വൈരുധ്യം.

To advertise here,

കോടികൾ വിലമതിക്കുന്ന മണലാണ് പ്രളയപ്രതിരോധ മുന്നൊരുക്കം എന്ന നിലയിൽ വർഷങ്ങളായി നിളയിൽ നിന്നും കോരിയെടുക്കുന്നത്. ചെറുതുരുത്തി തടയണയിൽ അടിഞ്ഞു കൂടിയ മണൽ മാറ്റുകയായിരുന്നു ലക്ഷ്യം. എന്നാൽ മൂന്നാം ടേമിൽ മണൽ എടുക്കുമ്പോൾ അശാസ്ത്രീയമായാണ് മണൽ എടുക്കുന്നതെന്ന ആരോപണം ശക്തമാണ്.

 

നിലവിൽ തടയണയുടെ ഷൊർണൂർ ഭാഗത്തെ ഒരു ചെറിയ പ്രദേശത്തു നിന്ന് മാത്രമാണ് മണൽ എടുക്കുന്നത്. വെള്ളം പ്രധാനമായും ഒഴുകിയെത്തി കെട്ടിനിൽക്കുന്ന ചെറുതുരുത്തി ഭാഗത്ത് മണൽ നിറഞ്ഞെങ്കിലും ഇവിടെ നിന്ന് മണൽ മാറ്റുന്നില്ല. പകരം ഒരേ ഭാഗത്തുനിന്ന് വീണ്ടും കുഴിച്ചെടുക്കുകയാണ് . തടയണയുടെ നീളത്തിൽ ഒരേ നിരപ്പിൽ മണൽ എടുത്താൽ മാത്രമേ തടയണയിലെ ജലസംഭരണശേഷി വർധിപ്പിക്കാൻ കഴിയൂ.

 

കുടിവെള്ളം കിട്ടാക്കനിയാകും

ഭാരതപ്പുഴയിൽ നിന്നും മണൽ കോരി പൊന്നും വിലയ്ക്ക് വിൽക്കുമ്പോൾ കുടിവെള്ളത്തിനായി ജലം സംഭരിക്കാൻ യാതൊരു നടപടിയുമില്ല. കുടിവെള്ളത്തിന് മണലിന്റെ വില പോലും അധികൃതർ കൊടുക്കുന്നില്ലെന്ന ആരോപണം ശക്തമാണ്. അമ്പതിനായിരത്തോളം രൂപയാണ് നിലവിൽ ഒരു ലോറി മണലിനു വരുന്നത്. കോടികളുടെ മണൽ കോരിയെടുത്തു കഴിഞ്ഞു. ഇതിൽ ഒരു ചെറിയ ശതമാനം തുക വിനിയോഗിച്ചാൽ തടയണയിലെ ജലം സംഭരിക്കാൻ കഴിയും. നിലവിൽ പുഴയിലെ ഒഴുക്ക് ഏതാണ്ട് നിലച്ച മട്ടാണ്.

ഇത്തവണ മഴക്കുറവു മൂലം നിലവിൽ ജലവിതരണം നടത്തുന്ന പമ്പ് ഹൗസ് മേഖലകളിൽ കുറച്ചെങ്കിലും വെള്ളംകെട്ടി നിൽക്കുന്നുണ്ട്. ഇത് വറ്റിയാൽ കുടിവെള്ള വിതരണവും തടസ്സപ്പെട്ടു തുടങ്ങും. ഇനിയും ചെറുതുരുത്തി തടയണയുടെ ഷട്ടറുകൾ പൂർണമായി അടച്ച് പരമാവധി ജലം സംഭരിച്ചില്ലെങ്കിൽ ഇത്തവണ കുടിവെള്ളക്ഷാമം രൂക്ഷമാകും.

പുഴ വറ്റുന്നത് സംബന്ധിച്ച് മാതൃഭൂമി വാർത്ത നൽകിയിരുന്നെങ്കിലും ഇപ്പോഴും ഷട്ടറുകൾ അടയ്ക്കാൻ നടപടി ആയിട്ടില്ല.

ഇതുമൂലം തടയണയുടെ വെള്ളം കെട്ടി നിൽക്കുന്ന ഭാഗത്തെല്ലാം മണൽ തിട്ടകൾ രൂപപ്പെട്ട നിലയിലാണ്. അടിയന്തരമായി തടയണയിൽ ജലം സംഭരിക്കാനുള്ള നടപടികൾ സ്വീകരിച്ചില്ലെങ്കിൽ വരൾച്ച അതിരൂക്ഷമാവും.