ആലത്തൂർ : ജില്ലയിൽ ഒന്നാംവിള നെല്ലുസംഭരണത്തിന് ഔപചാരിക തുടക്കം. പല്ലശ്ശന കൃഷിഭവനിലെ ചാട്ടുമുക്ക് പാടശേഖരത്തിലെ നെല്ലാണ് ആദ്യദിവസം അളന്നത്. 12 ടൺ നെല്ലെടുത്തു. കെ. പ്രേമൻ എം.എൽ.എ. ഉദ്ഘാടനംചെയ്തു. സുമേഷ് അച്യുതൻ എം.എൽ.എ. മുഖ്യാതിഥിയായി. പല്ലശ്ശന ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. രാമദാസ് അധ്യക്ഷനായി. പാഡി മാർക്കറ്റിങ് മാനേജർ കെ.എ. അജി, കൃഷി ഓഫീസർ എം.എസ്. റീജ, പാടശേഖരസമിതി പ്രസിഡന്റ് കെ. ഭാസ്‌കരൻ എന്നിവർ സംസാരിച്ചു. തിങ്കളാഴ്ച നെല്ലുസംഭരണം ആരംഭിക്കുമെന്നാണ് മന്ത്രിമാരായ ടി. സിദ്ദിഖും അനൂപ് ജേക്കബും പ്രഖ്യാപിച്ചിരുന്നതെങ്കിലും വെള്ളിയാഴ്ച ഔദ്യോഗികമായി തുടക്കംകുറിക്കാനായി.

To advertise here,

സംഭരണവില നിശ്ചയിച്ചിട്ടില്ല

നെല്ലിന്റെ സംഭരണവില ഇതുവരെയും നിശ്ചയിച്ചിട്ടില്ല. നിലവിൽ 30 രൂപയാണ് വില. കേന്ദ്രം താങ്ങുവിലയിൽ 72 പൈസയുടെ വർധന വരുത്തിയതിനാൽ സ്വാഭാവികമായും 30.72 രൂപ ലഭിക്കേണ്ടതാണ്. ഭക്ഷ്യവകുപ്പിന്റെ ഇതുസംബന്ധിച്ച ശുപാർശ ധനവകുപ്പിന്റെ പരിഗണനയിലാണ്. 2021 മുതൽ കേന്ദ്രം താങ്ങുവില കൂട്ടുന്നതിന് ആനുപാതികമായി സംസ്ഥാന പ്രോത്സാഹന ബോണസ് കുറയ്ക്കുന്ന നയമാണ് കേരളം സ്വീകരിച്ചത്. 2021-ൽ 8.80 രൂപയായിരുന്ന സംസ്ഥാന പ്രോത്സാഹന ബോണസ് നിലവിൽ 6.31 രൂപയായി കുറഞ്ഞു. 2024-ൽ പ്രോത്സാഹന ബോണസ് 5.20 രൂപ മാത്രമായിരുന്നു. പ്രോത്സാഹന ബോണസിൽ കർഷകന് അവകാശപ്പെട്ട 2.49 രൂപ ഇപ്പോൾത്തന്നെ കുറവാണ്. ഈ തുകയും കേന്ദ്രം ഇക്കൊല്ലം കൂട്ടിയ 72 പൈസയും നിലവിലെ സംഭരണവിലയോട് ചേർത്താൽ 33.21 രൂപ കർഷകന് കിട്ടേണ്ടതാണ്.

ഒപ്പിട്ടത് രണ്ടുമില്ല്‌ മാത്രം

നെല്ലുസംഭരിക്കാൻ ഇതുവരെ രണ്ടുമില്ല്‌ മാത്രമാണ് സപ്ലൈകോയുമായി കരാർ ഒപ്പുവെച്ചത്. കേരളാ റൈസ് മിൽ അസോസിയേഷൻ ഭാരവാഹികൾ ഭക്ഷ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ നാല്പതോളം മില്ലുടമകൾ പങ്കെടുത്തിരുന്നു. അൻപതിലേറെ മില്ലുകളാണ് സംഭരണവുമായി സഹകരിക്കാറുള്ളത്. 2021-ൽ സംഭരിച്ച നെല്ലിലെ അരിയുടെ അനുപാതത്തിലെ വ്യത്യാസംമൂലം മില്ലുകൾക്കുണ്ടായ നഷ്ടത്തിന് പരിഹാരമായി 63 കോടി രൂപ കൈമാറുമെന്ന വാഗ്ദാനം സർക്കാർ നടപ്പാക്കിയാലേ ഒപ്പിടൂ എന്ന നിലപാടിലാണ് പണംകിട്ടാനുള്ള മില്ലുടമകൾ. കഴിഞ്ഞ സംഭരണകാലത്ത് കരാർപ്രകാരമുള്ള അരി കൊടുക്കുന്നതിൽ വീഴ്ച വരുത്തിയ മില്ലുകൾക്ക് പ്രത്യേക സംഭരണാനുമതി കൊടുത്തിട്ടും അത്തരം മില്ലുടമകൾ രംഗത്തുവന്നിട്ടില്ല.

ജീവനക്കാർ കുറവ്

ജില്ലയിൽ സംഭരണത്തിന് നേതൃത്വം കൊടുത്തിരുന്നത് മൂന്ന് പി.എം.ഒ. മാരാണ്. നിലവിൽ രണ്ടുപേരേയുള്ളൂ. കൃഷിവകുപ്പിൽനിന്ന് ഡെപ്യൂട്ടേഷനിൽ കൃഷി അസിസ്റ്റന്റുമാരെ വിട്ടുകിട്ടിയിട്ടില്ല. 20 പേരെയാണ് വേണ്ടത്. ഇതിനുപുറമേ കരാറടിസ്ഥാനത്തിൽ 20 ഫീൽഡ് ജീവനക്കാരെ നിയമിക്കേണ്ടതുണ്ട്.