പുളിക്കൽ : ചെറുകാവ് പഞ്ചായത്ത് അധീനതയിലുള്ള മിനി സ്റ്റേഡിയത്തിന്റെ ഗേറ്റ് പൂട്ടിയിട്ടതിനെ തുടർന്ന് കർഷകർക്ക് വിതരണം ചെയ്യേണ്ട വളം ഇറക്കാനാകാതെ കേര വികസന സമിതി പ്രതിസന്ധിയിൽ. നാളികേര വികസന ബോർഡ് അനുവദിച്ച വളവുമായി എത്തിയ ലോറിയാണ് ഗേറ്റ് പൂട്ടിയതിനാൽ സ്റ്റേഡിയത്തിന് അരികിലുള്ള കാർഷിക വിപണന കേന്ദ്ര കെട്ടിടത്തിൽ പ്രവേശിക്കാനാകാതെ മടങ്ങേണ്ട സാഹചര്യമുണ്ടായത്.
വളം സൂക്ഷിക്കുന്നതിനായി കൃഷിഭവനോട് ചേർന്നുള്ള കാർഷികവിപണന കേന്ദ്ര കെട്ടിടത്തിലേക്ക് ലോറി എത്തേണ്ടതുണ്ട്. സ്റ്റേഡിയത്തിന്റെ വശംചേർന്ന് ഏതാണ്ട് 60 മീറ്റർ സഞ്ചരിച്ചാൽ മാത്രമേ കെട്ടിടത്തിലെത്താൻകഴിയൂ. വളം ഇവിടെ സംഭരിച്ചശേഷം കർഷകരെ അറിയിച്ച് വിതരണം ചെയ്യാനായിരുന്നു കേര വികസന സമിതിയുടെ തീരുമാനം. പഞ്ചായത്തിന്റെ മധ്യഭാഗത്തായതിനാൽ വിവിധ പ്രദേശങ്ങളിൽനിന്നുള്ള കർഷകർക്ക് എളുപ്പത്തിൽ എത്തിച്ചേരാനാകും.
സ്റ്റേഡിയത്തിന് സമീപം കൃഷിഭവൻ, ഐ.സി.ഡി.എസ്. ഓഫീസ്, ചെറുകാവ് പഞ്ചായത്ത് മൃഗാശുപത്രി, പഞ്ചായത്ത് ആയുർവേദ ആശുപത്രി എന്നിവ പ്രവർത്തിക്കുന്നുണ്ട്.
ആയുർവേദ ആശുപത്രിയുടെയും പതിനെട്ടാം വാർഡിലെ അങ്കണവാടിയുടെയും നിർമ്മാണ പ്രവർത്തനങ്ങളും ഇവിടെ നടക്കുന്നുണ്ട്.
ഇവയുടെ നിർമ്മാണപ്രവൃത്തികൾക്കാവശ്യമായ സാമഗ്രികളും സാധനങ്ങളും ഇതുവഴി വാഹനങ്ങളിൽ കൊണ്ടുപോകാൻ കഴിയുമ്പോൾ കർഷകർക്ക് വിതരണം ചെയ്യാനുള്ള വളം എത്തിക്കുന്നതിന് മാത്രം തടസ്സം സൃഷ്ടിക്കുന്നതെന്തിനാണെന്ന ചോദ്യം കർഷകർ ഉന്നയിക്കുന്നു.
വളം വിതരണം സുഗമമാക്കുന്നതിന് വേണ്ടി ഗേറ്റ് തുറന്നുനൽകണമെന്ന് ആവശ്യപ്പെട്ട് കേര വികസനസമിതി പഞ്ചായത്ത് പ്രസിഡൻ്റിനും സെക്രട്ടറിക്കും രേഖാമൂലം കത്ത് നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡന്റ് ജസീന ആലുങ്ങലിന്റെ അധ്യക്ഷതയിൽ സമിതി ഭാരവാഹികളുമായി ചർച്ച നടത്തിയിരുന്നു.
ചർച്ചയിൽ പൂട്ട് തുറന്നുനൽകുന്നതിനുള്ള നടപടി സ്വീകരിക്കാമെന്ന് പഞ്ചായത്ത് സെക്രട്ടറി ഉറപ്പുനൽകിയതായും സമിതി ഭാരവാഹികൾ പറഞ്ഞു.
വ്യാഴാഴ്ച വളവുമായി ലോറി എത്തിയപ്പോൾ ഗേറ്റിന്റെ പൂട്ട് തുറന്നുനൽകുന്നതിനായി സെക്രട്ടറിയുടെ ഫോണിൽ ബന്ധപ്പെടാൻ പലതവണ ശ്രമിച്ചെങ്കിലും ഫോൺ എടുക്കുകയോ തിരിച്ചുവിളിക്കുകയോ ചെയ്തില്ലെന്ന് സമിതി ഭാരവാഹികൾ ആരോപിച്ചു.
സെക്രട്ടറിയെ നേരിൽക്കണ്ട് പരാതി അറിയിക്കാൻ പഞ്ചായത്ത് ഓഫീസിൽ സമിതിയംഗങ്ങൾ ചെന്നെങ്കിലും ഏറെ വൈകിയും സെക്രട്ടറി എത്തിയില്ലെന്നും പറഞ്ഞു.
തുടർന്ന് കർഷകർ പഞ്ചായത്ത് ഉപരോധംമൂലം പ്രതിഷേധ നടപടികളിലേക്ക് നീങ്ങുമെന്നായതോടെ പഞ്ചായത്ത് പ്രസിഡന്റ് പ്രത്യേക താത്പര്യമെടുത്ത് പെരിയമ്പലത്തിന് സമീപം ഒഴിഞ്ഞുകിടക്കുന്ന കെട്ടിടം താത്കാലികമായി വളം വെക്കുന്നതിനായി സംഘടിപ്പിച്ചു നൽകിയതായി കേരവികസന സമിതി ഭാരവാഹികൾ അറിയിച്ചു.
അതേസമയം, ഒരു കൂട്ടം യുവാക്കളാണ് താഴിട്ടു പൂട്ടി വാഹനങ്ങൾ സ്റ്റേഡിയത്തിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പടുത്തിയതെന്ന് അറിയാൻ സാധിച്ചു.
ഇവരെ കണ്ടെത്തി സ്റ്റേഡിയം പൂട്ടിയിടാനുള്ള സാഹചര്യം ചർച്ചചെയ്യാൻ കസ്റ്റോഡിയൻ എന്ന നിലയിൽ പഞ്ചായത്ത് സെക്രട്ടറി തയ്യാറാകാത്തതിൽ യുവാക്കൾക്കിടയിലും പ്രതിഷേധമുണ്ട്.
Published: 09 Oct 2026, 03:38 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented