മലബാർ ടൂറിസം മാർട്ട് നടത്തും

To advertise here,

നിലമ്പൂർ : കാലങ്ങളായി അവഗണിക്കപ്പെട്ടിരുന്ന മലബാറിന്റെ ടൂറിസം വികസനത്തിന് പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുമെന്ന് ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ്. നിലമ്പൂരിൽ ഒരു സ്വകാര്യ ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

കാലങ്ങളായി കേരള ടൂറിസം എന്നത് കുമരകം, കോട്ടയം, ആലപ്പുഴ, എറണാകുളം, തിരുവനന്തപുരം എന്ന നിലയിൽമാത്രം ഒതുങ്ങി നിൽക്കുകയായിരുന്നു. ഇതിന്റെ പോരായ്മ പുതിയ മന്ത്രിസഭ മനസ്സിലാക്കി.

നിലവിൽ ഒന്നിടവിട്ട വർഷങ്ങളിൽ കേരള ടൂറിസം മാർട്ട് (കെ.ടി.എം.) നടത്തുന്നുണ്ട്. ഇതിൽ കെ.ടി.എം. നടക്കാത്ത വർഷങ്ങളിൽ മലബാർ ടൂറിസം മാർട്ട് (എം.ടി.എം.) നടത്താനാണ് പദ്ധതി. ഇതുസംബന്ധിച്ച് വിവിധ മേഖലകളിലെ ആളുകളുമായി ചർച്ച നടത്തിയതായി മന്ത്രി അറിയിച്ചു. കേരളത്തിൽ ഭൂമിലഭ്യത കുറവായതിനാൽ പുതിയ വ്യവസായങ്ങൾ അധികംവരില്ലെന്ന് പ്രതീക്ഷിക്കാം. ജനങ്ങൾ തിങ്ങിത്താമസിക്കുന്നിടത്ത് പുതിയ വ്യവസായങ്ങൾ തുടങ്ങുമ്പോൾ പാരിസ്ഥിതികപ്രശ്നങ്ങൾ വരുന്നത് സ്വാഭാവികം.

ചെറിയ സംരംഭങ്ങൾക്കുപോലും എതിർപ്പുകൾ വരാം. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ കേരളത്തിന് കൂടുതൽ തൊഴിലവസരങ്ങൾ, വരുമാനം, വിദേശനാണ്യം നേടൽ എന്നിവ ഇനി ടൂറിസം വഴി മാത്രമേ നേടാനാകൂ.

ഫാം ടൂറിസം മുതൽ ഹെറിറ്റേജ്, വെൽനസ്സ്, ആയുർവേദ ടൂറിസങ്ങൾക്ക് കേരളത്തിൽ വലിയ സാധ്യതകളാണുള്ളത്.

കേരളത്തിന്റെ ആയുർവേദ ടൂറിസത്തിന് ലോകത്തൊരിടത്തും മത്സരങ്ങളില്ല. കേരളത്തിലേക്ക് ബ്രിട്ടനിൽനിന്നും അമേരിക്കയിൽനിന്നും കൂടുതലായി ടൂറിസ്റ്റുകൾ ഇപ്പോഴും വരുന്നുണ്ട്. എന്നാൽ, മൂന്നാംസ്ഥാനത്തുണ്ടയിരുന്ന ജർമനി മാറി ഇപ്പോൾ ഒമാനിൽനിന്നാണ് കൂടുതൽ പേരെത്തുന്നതെന്നും മന്ത്രി പറഞ്ഞു.