തിരൂർ : നെല്ലിന്റെ ജന്മനാളിൽ കൃഷിയുടെ ബാലപാഠം പഠിക്കാൻ പാടത്ത് കുരുന്നുകളെത്തി. ഞാറുകളൊരുക്കി മാർഗനിർദേശം നൽകി അതിഥിത്തൊഴിാളികളായ കർഷകരും നാട്ടിലെ കർഷക കാരണവരും. കന്നിമാസത്തിലെ മകം നാൾ നെല്ലിന്റെ ജന്മനാളായി ആചരിച്ചാണ് വെട്ടം കർഷകക്കൂട്ടായ്‌മ ‘നെല്ലൂസം 2026’ ഞാറുനടീൽ ഉത്സവം സംഘടിപ്പിച്ചത്. വെട്ടം പഞ്ചായത്ത് ഒൻപതാംവാർഡിലെ കാനൂർ പങ്കാളി പാടത്താണ് കൃഷിയിറക്കാൻ വിദ്യാർഥികളെത്തിയത്, ഒപ്പം അധ്യാപകരും കൃഷി ഉദ്യോഗസ്ഥരും.
തെക്കുംമുറി ജി.എൽ.പി. സ്‌കൂളിലെ 56 വിദ്യാർഥികളും പറവണ്ണ സലഫി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ 15 വിദ്യാർഥികളുമാണ് പാടത്ത് ഞാറ് നട്ടത്. രണ്ടേകാൽ ഏക്കർ സ്ഥലത്താണ് രണ്ടാംവിളയായി മുണ്ടകൻ കൃഷിയിറക്കിയത്. കൃഷിഭവനും പഞ്ചായത്തും കൃഷിയിറക്കാൻ വേണ്ട മാർഗനിർദേശങ്ങളും സാമ്പത്തികസഹായങ്ങളും നൽകും. കർഷകർ നെല്ലിന്റെ ജന്മദിനത്തിൽ നെല്ല് പറയിൽ നിറച്ച് തുളസിമാലയിട്ട് ആദരിച്ചു.
പാഠപുസ്തകങ്ങളിൽ മാത്രം കണ്ടിരുന്ന പാടത്തേക്ക് നേരിട്ടിറങ്ങി ചെളിയിൽ ഞാറുനട്ടത് കുട്ടികൾക്ക് കൗതുകമായി. കാനൂർ പങ്കാളി പാടത്ത് കുട്ടികൾക്കൊപ്പം ഞാറുനട്ട് വെട്ടം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.പി. സക്കീന ഉദ്ഘാടനംചെയ്തു. തെക്കേപ്പാട്ട് പുരുഷോത്തമൻ അധ്യക്ഷനായി. വെട്ടം കൃഷി ഓഫീസർ സി.സി. ബാസില മുഖ്യപ്രഭാഷണം നടത്തി. കർഷകൻ മാഞ്ഞാമ്പ്രയകത്ത് അഷ്റഫ് കൃഷിഗീതം പാടി.
തിരൂർ ബ്ലോക്ക്പഞ്ചായത്തംഗം അവറാങ്കിൽ അബ്ദുൽറഷീദ്, പഞ്ചായത്ത് അംഗങ്ങളായ പി. മുരളീധരൻ, സി.എം. മൊയ്തീൻകുട്ടി, ഷൈജ എടപ്പയിൽ, സി. കദീജ, എ. അബ്ദുൾമജീദ്, അസിസ്റ്റന്റ് കൃഷി ഓഫീസർമാരായ എം.ടി. വിനീഷ്, പി. അഹമ്മദ് ഇർഷാദ്, ടി. ഫാത്തിമ സിത്താര എന്നിവർ പങ്കെടുത്തു. കർഷക അവാർഡ് ജേതാവ് ചക്കന്റാട്ടിൽ ഹംസ, കുട്ടിക്കർഷക നൈസാ നാസിൻ എന്നിവരെ ആദരിച്ചു. വെട്ടം കർഷകക്കൂട്ടായ്‌മ അംഗങ്ങളായ രാജൻ ഓടേങ്ങലത്ത്, പുരുഷോത്തമൻ തെക്കേപാട്ട്, പാനേനി മണി, പി. ശശിധരൻ എന്നിവർ നേതൃത്വം നൽകി.
Published: 09 Oct 2026, 03:37 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented