പുളിക്കൽ : പതിനഞ്ചാം വയസ്സിൽ ഒരു പശുവുമായി തുടങ്ങിയ പശുവളർത്തൽ ഏഴു പതിറ്റാണ്ടിനോടടുക്കുമ്പോഴും മുടങ്ങാതെ തുടരുകയാണ് കൊട്ടാരത്തിൽ പ്രഭാകരൻ. പ്രായം 73 പിന്നിട്ടെങ്കിലും പശുക്കളോടുള്ള സ്നേഹത്തിനും അവയെ പരിപാലിക്കുന്നതിലുള്ള ആവേശത്തിനും ഒട്ടും കുറവില്ല. ഒരു പശുവിൽനിന്ന് തുടങ്ങിയ യാത്ര ഇന്ന് 14 പശുക്കളും അഞ്ച് കിടാരികളുമുള്ള വലിയ ക്ഷീരസംരംഭമായി വളർന്നു. ചെറുകാവ് പറവൂരിലെ പ്രസീതം വീട്ടിൽ കൊട്ടാരത്തിൽ പ്രഭാകരന്റെ ജീവിതം ക്ഷീരകർഷകർക്ക് മാതൃകയാകുന്നതും അതുകൊണ്ടുതന്നെ. വീട്ടിൽ അച്ഛൻ വളർത്തിയിരുന്ന പശുക്കളെ പരിപാലിക്കാൻ സഹായിച്ചുകൊണ്ടാണ് പ്രഭാകരൻ പശുവളർത്തലിന്റെ ലോകത്തേക്ക് എത്തിയത്. ചെറുപ്രായത്തിൽ തുടങ്ങിയ ആ താത്പര്യം പിന്നീട് ജീവിതത്തിന്റെ ഭാഗമായിത്തീർന്നു. അച്ഛന്റെ മരണശേഷവും കുടുംബത്തിൽ തുടർന്നുവന്ന പശുവളർത്തൽ പാരമ്പര്യം കൈവിടാൻ അദ്ദേഹം തയ്യാറായില്ല. പതിനഞ്ചാം വയസ്സിൽ സ്വന്തമായി ഒരു പശുവിനെ വളർത്തിത്തുടങ്ങിയ പ്രഭാകരൻ പതിയെ പശുക്കളുടെ എണ്ണം വർധിപ്പിച്ചു.
ആദ്യകാലത്ത് വീടിനോടുചേർന്നുള്ള തൊഴുത്തിലായിരുന്നു പശുക്കളെ വളർത്തിയിരുന്നത്. എണ്ണം വർധിച്ചതോടെ കൂടുതൽ സൗകര്യങ്ങൾ ഒരുക്കേണ്ടിവന്നു. തൊഴുത്തിന്റെ സൗകര്യക്കുറവും പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഉയർന്നതോടെ ഫാം വീടിനടുത്തുനിന്നുമാറ്റി പുളിക്കൽ പഞ്ചായത്തിലെ അരൂർ പ്രദേശത്ത് സ്ഥാപിച്ചു. ഇന്ന് 14 പശുക്കളും അഞ്ച് കിടാരികളുമുള്ള ഫാമിന്റെ പരിപാലനത്തിന് രണ്ട് ഇതരസംസ്ഥാന തൊഴിലാളികളുടെ സഹായവും പ്രഭാകരൻ തേടുന്നുണ്ട്. പ്രതിദിനം 140 ലിറ്റർ പാലാണ് ഫാമിൽനിന്ന് ലഭിക്കുന്നത്. ഇതിൽ പകുതിയിലധികവും പ്രദേശവാസികൾക്ക് നേരിട്ട് വിൽക്കുന്നു. ബാക്കി പെരിയമ്പലത്തെ ക്ഷീരവികസന വകുപ്പിനു കീഴിലുള്ള ക്ഷീരോത്പാദക സഹകരണസംഘത്തിൽ അളക്കുന്നു. പശുക്കളുടെ ആരോഗ്യത്തിനും പാലിന്റെ ഗുണനിലവാരത്തിനും പ്രാധാന്യം നൽകുന്ന പ്രഭാകരൻ തൊഴുത്തിന്റെ ശുചിത്വത്തിലും വിട്ടുവീഴ്ച ചെയ്യാറില്ല. മാലിന്യങ്ങൾ കെട്ടിക്കിടക്കാത്തതും എപ്പോഴും വൃത്തിയായി സൂക്ഷിക്കുന്നതുമായ തൊഴുത്താണ് ഫാമിന്റെ പ്രത്യേകത. ഫാമിൽമാത്രം പ്രവർത്തനം ഒതുക്കിനിർത്തിയിട്ടില്ല പ്രഭാകരൻ. 19 വർഷമായി പെരിയമ്പലം ക്ഷീരോത്പാദക സഹകരണസംഘത്തിന്റെ പ്രസിഡന്റുകൂടിയാണ്. ചെറുകാവ് പഞ്ചായത്തിലെ മികച്ച ക്ഷീരകർഷകനായി മൂന്നു തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇന്നത്തെ സാഹചര്യത്തിൽ പശുവളർത്തൽ ലാഭകരമായ തൊഴിലായി തുടരുക എളുപ്പമല്ലെന്നാണ് പ്രഭാകരന്റെ അഭിപ്രായം. കാലിത്തീറ്റയുടെ അനിയന്ത്രിതമായ വിലവർധനയാണ് ക്ഷീരകർഷകർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. പാലിന് ലഭിക്കുന്ന വിലയും ഉത്പാദനച്ചെലവും തമ്മിലുള്ള അന്തരം കർഷകരെ പ്രതിസന്ധിയിലാക്കുന്നു.
Published: 26 Nov 2026, 03:07 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented