'സി. സാന്ദീപനിഉണ്ണിക്കൃഷ്ണൻ മനസ്സിൽ കളിക്കുമ്പോൾ

To advertise here,

ഉണ്ണികൾ മറ്റു വേണമോ മക്കളായ്...'

ആറ്റുനോറ്റുണ്ടായ സ്വന്തം ഉണ്ണി നഷ്ടപ്പെട്ട ഒരച്ഛനായിരുന്നു പൂന്താനം. ഭഗവാൻതന്നെ ഉണ്ണിയായി അദ്ദേഹത്തിന്റെ മനസ്സിൽ കളിചിരികളുതിർത്തപ്പോൾ, കൃഷ്ണഭക്തർ ഹൃദയത്തിൽകൊണ്ടുനടക്കുന്ന 'ജ്ഞാനപ്പാന'യിലെ ഈ വരികൾ പിറന്നു. ഭക്തകവി പൂന്താനത്തിന്റെ ജന്മനാട്ടിൽ അദ്ദേഹം പിറന്ന ഇല്ലത്തോടുചേർന്ന് ഇപ്പോഴും കാണാം, ആ മഹാഭക്തന്റെ മനസ്സിലും മിഴികളിലും കളിയാടിയ ഉണ്ണിക്കണ്ണന്റെ സാന്നിധ്യം. പൂന്താനം ഗ്രാമത്തിലെ ശ്രീ മഹാവിഷ്ണു-കൃഷ്ണ ക്ഷേത്രത്തിലാണ് പൂന്താനത്തിനുദർശനമരുളിയ വെണ്ണക്കൃഷ്ണൻ ഉള്ളത്.

 

മഹാവിഷ്ണുവാണ് പ്രധാന പ്രതിഷ്ഠ. കവി പൂന്താനമുൾപ്പെടെ ആ കുടുംബത്തിലെ എല്ലാവരും പൂജിച്ചിരുന്ന ആരാധനാമൂർത്തി. വാർധക്യത്തിന്റെ അവശതകൾ ബാധിച്ച് പൂന്താനത്തിന് അകലെയുള്ള ഗുരുവായൂരിൽച്ചെന്ന് മാസത്തിലൊരിക്കലുള്ള ദർശനം അസാധ്യമായപ്പോൾ അദ്ദേഹം മനമുരുകി പ്രാർഥിച്ചു: 'ഭഗവാനേ ഇനി ഞാൻ എങ്ങനെ അങ്ങയെ തൊഴും, ഒരുവഴി പറയൂ' എന്ന്. ആ പ്രാർഥനകേട്ട് ഉടൻ ഭഗവാൻ വെണ്ണക്കൃഷ്ണന്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടു. ഭഗവാൻ പ്രത്യക്ഷപ്പെട്ട സ്ഥലത്ത്‌ പൂന്താനം പ്രതിഷ്ഠിച്ച വെണ്ണക്കൃഷ്ണനാണ് മുഖ്യശ്രീകോവിലിന്റെ ഇടത്തുപുറത്തായുള്ള വാമപുരാധീശൻ (സമാനമായ ഐതിഹ്യമുള്ള മറ്റൊരു ക്ഷേത്രമാണ് അങ്ങാടിപ്പുറത്തെ ഇടത്തുപുറത്ത് ക്ഷേത്രം). അങ്ങനെ മഹാവിഷ്ണുക്ഷേത്രമായ ഇവിടെ വൈഷ്ണവമൂർത്തിതന്നെയായ ശ്രീകൃഷ്ണൻകൂടി കുടികൊള്ളുന്നുവെന്ന അപൂർവതയും ഈ ക്ഷേത്രത്തിനു കൈവന്നു. വെണ്ണക്കൃഷ്ണന്റെ അടുത്തുതന്നെയുള്ള ഗണപതിയാണ് മറ്റൊരു ഉപദേവൻ.

ചൈതന്യത്തിന്റെ വീണ്ടെടുപ്പ്

പണ്ട് പൂന്താനം കുടുംബം നല്ലനിലയിൽ പരിപാലിച്ചിരുന്ന ക്ഷേത്രം ആ കുടുംബം ക്ഷയോന്മുഖമായതോടെ നിത്യപൂജ മുടങ്ങി തകർച്ച നേരിട്ടു. കാടുമൂടിപ്പോയ ക്ഷേത്രം 1982-ലാണ് നാട്ടുകാരുടെ നേതൃത്വത്തിൽ പുനരുദ്ധരിക്കാനുള്ള ശ്രമങ്ങളുണ്ടാകുന്നതെന്ന് അതിന്റെ മുൻനിരയിൽനിന്ന റിട്ട. ബി.ഡി.ഒ.യും ഇല്ലം-ക്ഷേത്രം സംരക്ഷണസമിതിയുടെ മുൻ സെക്രട്ടറിയുമായ എ. ഗോവിന്ദരാജ് (ബാബു) പറഞ്ഞു. പിന്നീട് പൂർണമായും പുതുക്കിപ്പണിതു. 1993-ൽ ഇല്ലവും ക്ഷേത്രവും ഗുരുവായൂർ ദേവസ്വം ഏറ്റെടുത്തു.

പൂന്താനം മഹാവിഷ്ണു-കൃഷ്ണ ക്ഷേത്രത്തിലെ ദർശനം പൂർണമാകണമെങ്കിൽ തൊട്ടടുത്തുള്ള പൂന്താനം ഇല്ലത്തെ തിരുമാന്ധാംകുന്നിലമ്മയുടെ ചൈതന്യത്തെക്കൂടി തൊഴണം -ക്ഷേത്ര ക്ഷേമസമിതി അംഗവും മുൻഭാരവാഹിയുമായ സുകുമാരൻ പൂന്താനം പറഞ്ഞു. ഇല്ലത്ത് അമ്മയുടെ ചൈതന്യമേന്തുന്ന പീഠവും വാൽക്കണ്ണാടിയും വാളുമാണുള്ളത്. തിരുമാന്ധാംകുന്നിലമ്മ പൂന്താനത്തെ അനുഗ്രഹിച്ചതിനുപിന്നിലെ ഐതിഹ്യമിങ്ങനെയാണ്:

ഒരിക്കൽ പൂന്താനത്തിന് കലശലായ വസൂരി പിടിപെട്ടു. അവശനായ ഘട്ടത്തിൽ ചിലരുടെ ഉപദേശമനുസരിച്ച് തിരുമാന്ധാംകുന്നിലമ്മയെ പ്രാർഥിച്ച് ഒരു സ്‌തോത്രം എഴുതി. അതാണ് 'ഘനസംഘം' അഥവാ 'അംബാസ്തവം'. കാവ്യം ആസ്വദിച്ച് അമ്മ കനിഞ്ഞു. പൂന്താനത്തിന്റെ വസൂരി ഭേദമായി.

അഷ്ടമിരോഹിണിയാണു ക്ഷേത്രത്തിലെ പ്രധാന ആഘോഷം. പൂന്താനത്തിന്റെ ജന്മദിനം (കുംഭത്തിലെ അശ്വതി), വൃശ്ചികത്തിലെ അഖണ്ഡനാമയജ്ഞം, ചിങ്ങത്തിലെ നിറപുത്തിരി തുടങ്ങിയവയും വിശേഷം. പാൽപ്പായസം, വെണ്ണ, തിരുമുടിമാല തുടങ്ങി വിഷ്ണു-ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലെ വഴിപാടുകളെല്ലാം പ്രധാനം. മൂത്തേടത്ത് നാരായണൻ നമ്പൂതിരിയാണ്‌ തന്ത്രി. മേൽശാന്തി: കണ്ണൻ എമ്പ്രാന്തിരി. ദേവസ്വം ഇൻസ്‌പെക്ടർ: കെ.പി. അഭിൻ. ഗുരുവായൂർ ദേവസ്വമാണ് ഇപ്പോൾ ക്ഷേത്രത്തിന്റെ നടത്തിപ്പ്‌. കെ. കൃഷ്ണദാസ് പ്രസിഡന്റും എം. പ്രദീപ് സെക്രട്ടറിയും പി.ടി. സുബിൻ ട്രഷററും ആയ ഇല്ലം-ക്ഷേത്ര ക്ഷേമസമിതി പിന്തുണയുമായി ഒപ്പമുണ്ട്.

വഴിയിങ്ങനെ

പെരിന്തൽമണ്ണയിൽനിന്ന് നിലമ്പൂർ റൂട്ടിൽ 10 കിലോമീറ്റർ സഞ്ചരിച്ചാൽ പൂന്താനം സ്റ്റോപ്പ്. ഇവിടെ റോഡിന് അപ്പുറവും ഇപ്പുറവുമായാണ് പൂന്താനം ഇല്ലവും ക്ഷേത്രവും. കോഴിക്കോട്ടുനിന്ന് മഞ്ചേരി-പാണ്ടിക്കാട് വഴി വരുന്നവർക്ക് പാണ്ടിക്കാട്-പെരിന്തൽമണ്ണ റൂട്ടിൽ ആറുകിലോമീറ്റർ സഞ്ചരിച്ചും പൂന്താനം സ്റ്റോപ്പിലെത്താം. ഫോൺ: 9995876618 (കെ.പി. ദേവദാസ്).