പട്ടാമ്പി : പട്ടാമ്പി പോലീസ് സ്റ്റേഷൻ ഗേറ്റിന് താഴെയുള്ള ചവിട്ടുപടിയിൽ കാവലിനായി ഇനി ഷഫീക്ക് എന്ന നായയില്ല. കഴിഞ്ഞ എട്ടുവർഷത്തോളമായി ‘ഷഫീക്ക്’ എന്ന് പോലീസുകാർ സ്നേഹത്തോടെ വിളിക്കുന്ന നായ സ്റ്റേഷൻ വളപ്പിലെ സ്ഥിരം സാന്നിധ്യമായിരുന്നു.
പരാതിയുമായി എത്തുന്നവർക്കും പോലീസുകാർക്കും യാതൊരു ശല്യവുമുണ്ടാക്കാതെ സ്റ്റേഷനുമുന്നിൽ ശാന്തനായി കിടക്കും. പോലീസുകാർ ജീപ്പുമായി പ്രകടനത്തിനും മറ്റും സുരക്ഷക്കായി പോകുമ്പോൾ ജീപ്പിന് മുന്നിലായി ഷഫീക്കും ഉണ്ടാകും, തിരിച്ച് ജീപ്പ് സ്റ്റേഷനിലെത്തുംവരെ. മറ്റ് തെരുവുനായകൾ സ്റ്റേഷനിലേക്ക് കയറാതെ നോക്കുന്നതും ഷഫീക്കിന്റെ ഡ്യൂട്ടിയായിരുന്നു.
2018-ലെ പ്രളയകാലത്താണ് നായ സ്റ്റേഷനിലേക്ക് കാലിൽ മുറിവുമായി അവശനിലയിൽ എത്തുന്നത്. തുടർന്ന് ഭക്ഷണവും വെള്ളവും ചികിത്സയും കൊടുത്ത് പോലീസുകാർ നായയെ സംരക്ഷിച്ചു. ദിവസങ്ങൾക്കുശേഷം കാലിലെ മുറിവുണങ്ങുകയും അവശതകൾ മാറി ആരോഗ്യവാനാവുകയും ചെയ്തു.
പിന്നീടങ്ങോട്ട് നായ സ്റ്റേഷന്റെ കാവൽക്കാരനായി. രാത്രിയിൽ അപരിചിതർ വരുമ്പോൾ അവൻ 'അലർട്ട്' ആവും. പോലീസുകാർ അവന് ഷെഫീക്ക് എന്ന് പേരുമിട്ടു. ഒരാഴ്ച മുൻപാണ് അജ്ഞാത വാഹനമിടിച്ച് നായയ്ക്ക് ഗുരുതര പരിക്കേറ്റത്. ഡോക്ടർ വന്ന് പരിശോധിച്ച് മരുന്നുകൾ നൽകിയെങ്കിലും ശനിയാഴ്ച ജീവൻ നഷ്ടമായി. ഷഫീക്കിന്റെ വിടവാങ്ങലിനുശേഷം സ്ഥലം മാറിപ്പോയ എസ്.സി.പി.ഒ. ഷമീർ മുഹമ്മദ് സാമൂഹികമാധ്യമത്തിൽ ഷഫീക്കിനെക്കുറിച്ചെഴുതി. പോലീസുകാരുമായുള്ള ബന്ധത്തിന്റെ ആഴം കുറിപ്പിൽ വ്യക്തമാണ്.
“രാത്രിയിൽ സ്റ്റേഷനുപിന്നിലെ മരത്തിൽ തൂങ്ങി മരിക്കാൻ ശ്രമിച്ച മാനസിക പ്രശ്നമുള്ള ഒരാളെ ശബ്ദമുണ്ടാക്കി ഓടിച്ച് പോലീസുകാർക്ക് കാണിച്ചുകൊടുത്തത് ഈ നായയായിരുന്നു. സ്റ്റേഷനിൽ വെള്ളിയാഴ്ച പരേഡ് നടക്കുമ്പോൾ ഒരാളായി അവനും ഒരു മൂലയിൽ ഉണ്ടാവും.
സ്റ്റേഷനിൽ നടക്കുന്ന എല്ലാ പരിപാടികളുടെയും ഫോട്ടോയെടുക്കുമ്പോൾ ഫ്രെയിമിൽ അവനും ഉണ്ടാവും.” അപ്രതീക്ഷിതമായ അവന്റെ വേർപാട് വല്ലാത്ത വിങ്ങൽ ഉണ്ടാക്കുന്നുവെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
Published: 16 Nov 2026, 01:33 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented