കുറ്റിപ്പുറം : ശബരിമല തീർഥാടകർക്ക് ഇത്തവണ മിനി പമ്പയിൽ വിരിവെച്ച് വിശ്രമിക്കാനുള്ള സൗകര്യമുണ്ടാകും.
അഡ്വ. വി.എസ്. ജോയ് എം.എൽ.എ.യുടെ നേതൃത്വത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ചേർന്നാണ് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിന് തീരുമാനമായത്.
ആറുവരി ദേശീയപാത യാഥാർഥ്യമായതോടെ മിനി പമ്പയിലെ അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടി തീർഥാടകർക്ക് സൗകര്യങ്ങളൊരുക്കുന്നതിൽനിന്ന് അധികൃതർ പിന്മാറിയിരുന്നു.
കഴിഞ്ഞതവണ തീർഥാടകരെത്തുന്നത് വിലക്കാനായിരുന്നു തീരുമാനം. എങ്കിലും ഒട്ടേറേ തീർഥാടകർ കുളിച്ച് വിശ്രമിക്കാനായി മിനി പമ്പയിലെത്തിയിരുന്നു. സൗകര്യമൊരുക്കിയില്ലെങ്കിലും പതിവുപോലെ തീർഥാടകരെത്തുമെന്നതിനാലാണ് ലഭ്യമായ സ്ഥലത്ത് ആവശ്യമായ സൗകര്യമൊരുക്കി ഇടത്താവളമൊരുക്കാൻ അധികൃതർ തീരുമാനിച്ചത്.ഇത്താവളമൊരുക്കുന്നതിനു മുന്നോടിയായി മിനി പമ്പയിൽ ശുചീകരണം ആരംഭിച്ചു.
കുറ്റിപ്പുറം നിളയോരം പാർക്കിലെ ശുചീകരണ തൊഴിലാളികളുടെ നേതൃത്വത്തിലാണ് ശുചീകരണം നടന്നത്. മിനി പമ്പയിലെത്തുന്ന തീർഥാടകർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ വിശ്രമകേന്ദ്രം ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങളാണുണ്ടാവുക.
വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും വിരിവെക്കാനും സൗകര്യമൊരുക്കുന്നതോടൊപ്പം ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാനും നടപടിയുണ്ടാകും. പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള സ്ഥലം തീർഥാടകരുടെ വാഹന പാർക്കിങ്ങിനായി ഉപയോഗിക്കാനും തീരുമാനമായിട്ടുണ്ട്. വിവിധ ഭാഷകളിലുള്ള ദിശാസൂചകബോർഡുകളും സ്ഥാപിക്കും.
തീർഥാടകരുടെ സുരക്ഷയും ആരോഗ്യപരിരക്ഷയും ഉറപ്പാക്കുന്നതിനായി വൊളന്റിയർമാർ, പോലീസ്, അഗ്നിരക്ഷാസേന, ഡോക്ടർമാർ എന്നിവരുടെ സേവനമുണ്ടാകും. ഡി.ടി.പി.സി.യുടെ നേതൃത്വത്തിൽ ബോട്ട്, ലൈഫ് ഗാർഡ് എന്നിവയും സജ്ജമാക്കും.
വിവിധ വകുപ്പുകളുടെ ഏകോപനത്തിലാണ് ഇത്തവണ മണ്ഡലമകരവിളക്കുകാലത്ത് മിനി പമ്പയിൽ തീർഥാടകർക്കാവശ്യമായ സൗകര്യങ്ങളൊരുക്കുക.
Published: 06 Nov 2026, 03:23 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented