തിരുവനന്തപുരം: ‘പ്രണയപ്പകയുടെ പേരിൽ പതിനേഴുകാരനെ മറ്റൊരു പതിനേഴുകാരൻ കൊലപ്പെടുത്തി’ -ശ്രീകാര്യത്ത പ്ലസ്‌വൺ വിദ്യാർഥി അഭിരാം കൊല്ലപ്പെട്ട വിവരത്തെക്കുറിച്ച് ആദ്യവാർത്തകൾ ഇങ്ങനെയായിരുന്നു. പക്ഷേ, പതിയെ കൂടുതൽ കാര്യങ്ങൾ ചുരുളഴിഞ്ഞപ്പോൾ വെളിവായത് ക്രിമിനൽ ബുദ്ധിയോടെ ആസൂത്രണം ചെയ്ത അരുംകൊല. പിന്നിൽ പ്രധാന സൂത്രധാരനായി ഉമർ എന്ന ക്രിമിനലും.

To advertise here,

നഗരത്തിൽ കഴിഞ്ഞ കുറേക്കാലമായി പോലീസിന്റെ തീരാതലവേദനയാണ് ഉമർ. മയക്കുമരുന്നുസംഘങ്ങളുടെ ഏകോപനം, അതിവിദഗ്ധനായ മോഷ്ടാവ് എന്നിങ്ങനെയാണ്‌ പോലീസ് ഇയാളെക്കുറിച്ച് പറയുന്നത്. സ്വർണമാണ് പ്രധാനമായും മോഷ്ടിക്കുന്നത്. മോഷണത്തിനായി തിരഞ്ഞെടുക്കുന്ന വീടും സ്ഥാപനവുമൊക്കെ ഒറ്റനോട്ടംകൊണ്ട് ’സ്കെച്ച്‌’ ചെയ്യുന്നതിൽ വിദഗ്ധൻ. ആ സ്ഥലത്തെ ക്യാമറകൾ, വാതിൽ, ജനൽ... എല്ലാം സ്കെച്ചിലുണ്ടാവും.

മോഷണമുതൽ കൈകാര്യം ചെയ്യുന്നതിലും പ്രത്യേകശൈലികളുണ്ട്. ഒരു വീട്ടിൽനിന്ന് സ്വർണം മോഷ്ടിക്കുകയാണെങ്കിൽ അത് മുഴുവൻ ഒരു സ്ഥലത്ത് വിൽക്കില്ല. തമിഴ്നാട്ടിലെ മാർത്താണ്ഡവും നാഗർകോവിലുമാണ് പ്രധാനമായും സ്വർണം വിൽക്കുന്ന ഇടങ്ങൾ. ഇരുപത് പവനാണ് മോഷ്ടിക്കുന്നതെങ്കിൽ അഞ്ച് പവൻ വിൽക്കും. ബാക്കി എവിടെയെങ്കിലും ഒളിപ്പിക്കും.

പിടിക്കപ്പെട്ടാൽ അപ്പോൾ തന്നെ കുറ്റം സമ്മതിക്കും. മോഷ്ടിച്ചതും വിറ്റതും അഞ്ച് പവൻ മാത്രമാണെന്ന് പറയും. എത്ര ചോദ്യംചെയ്താലും അതിൽ കൂടുതൽ ഏൽക്കില്ല. വിറ്റ സ്ഥലം കാണിച്ചുകൊടുക്കും. ആ അഞ്ചു പവൻ മാത്രമാകും കേസിൽ റിക്കവറി. വീട്ടുകാർ എത്ര പരാതിപ്പെട്ടാലും ഉമർ അഞ്ച് പവൻ മോഷ്ടിച്ചുവെന്ന നിലപാടിൽ ഉറച്ചുനിൽക്കും. ഇയാളുടെ കേസുകൾ നോക്കാൻവേണ്ടി അഭിഭാഷകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇറങ്ങിക്കഴിഞ്ഞാൽ ഒളിപ്പിച്ചുവെച്ചിരിക്കുന്ന ബാക്കി സ്വർണം രഹസ്യമായി വിൽപ്പന നടത്തി പണമാക്കും.