കാഞ്ഞങ്ങാട്: മരിച്ച സ്ത്രീയുടെ കഴുത്തിലുണ്ടായിരുന്ന രണ്ടരപ്പവൻ മാല കാണാനില്ലെന്ന മകന്റെ പരാതിയിൽ കാസർകോട് സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. ഒക്ടോബർ ഏഴിന്‌ മരിച്ച ബളാംതോട് മുന്തന്റെ മൂലയിലെ ഡി. രത്നമ്മയുടെ (74) സ്വർണമാലയാണ് നഷ്ടപ്പെട്ടത്. ഇവരുടെ മകൻ തിരുവനന്തപുരം നെയ്യാർഡാം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകൻ കൂടിയായ ജെ. രത്നകുമാറാണ് മാല നഷ്ടപ്പെട്ടെന്ന്‌ പരാതിയുമായി പോലീസിനെ സമീപിച്ചത്. ജില്ലാ പോലീസ് മേധാവി പി. നിധിൻരാജിന്റെ നിർദേശപ്രകാരമാണ് സ്‌പെഷ്യൽ ബ്രാഞ്ച്‌ അന്വേഷണം.

To advertise here,

മരണദിവസം വൈകീട്ടോടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് രത്നമ്മയെ കോളിച്ചാലിലെ ആസ്പത്രിയിലും പിന്നീട് മാവുങ്കാലിലെ ആസ്പത്രിയിലുമെത്തിച്ചു. മാവുങ്കാലിലെ സ്വകാര്യ ആസ്പത്രിയിലെത്തുമ്പോഴേക്കും മരിച്ചിരുന്നു. രാത്രി 7.45 മുതൽ 8.30 വരെയാണ് ഈ ആസ്പത്രിയിലുണ്ടായിരുന്നത്. പിന്നീട് മറ്റൊരു സ്വകാര്യ ആസ്പത്രിയിലെ ഫ്രീസറിൽ മൃതദേഹം സൂക്ഷിക്കുകയും പിറ്റേന്ന് രാവിലെ വീട്ടിലേക്ക്‌ കൊണ്ടുപോകുകയുമായിരുന്നു.

ആസ്പത്രിയിലേക്ക് രത്നമ്മയെ കൊണ്ടുപോയത് മകൾ ദീപയും അയൽവാസി ഗിരിജിയുമാണ്. മാവുങ്കാലിലെ ആസ്പത്രിയിലേക്കു കൊണ്ടുപോകുമ്പോൾ കഴുത്തിൽ മാലയുണ്ടായിരുന്നുവെന്നാണ് ഇവരും പറയുന്നത്. സംസ്കാരച്ചടങ്ങെല്ലാം കഴിഞ്ഞ് ആസ്പത്രിയിലെത്തി കാര്യങ്ങൾ പറഞ്ഞെങ്കിലും യാതൊരു ഫലവുമുണ്ടായില്ലെന്ന് രത്നകുമാർ പറഞ്ഞു. സി.സി.ടി.വി. പരിശോധിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് രത്‌നകുമാർ ഹൊസ്ദുർഗ് പോലീസ് സ്റ്റേഷനിലും പരാതി നൽകി.

പിന്നീട് അന്വേഷണം നടക്കുന്നില്ലെന്ന് പറഞ്ഞ് രത്നകുമാർ ജില്ലാ പോലീസ് മേധാവിക്ക്‌ മുൻപിലെത്തുകയായിരുന്നു. അതിനിടെ ആസ്പത്രി അധികൃതരും പോലീസിനെ സമീപിച്ചു. ആസ്പത്രിയിൽനിന്ന്‌ മാല നഷ്ടപ്പെട്ടുവെന്ന് പറയുന്നത് തെറ്റായ കാര്യമാണെന്നും അന്വേഷണം നടത്തണമെന്നുമാണ് ആസ്പത്രി അധികൃതരുടെ വാദം. സി.സി.ടി.വി.യിൽനിന്ന്‌ പകർത്തിയ വീഡിയോ ഉൾപ്പെടെയുള്ളതെല്ലാം പോലീസിന് കൈമാറിയിട്ടുണ്ടെന്നും ആസ്പത്രി അധികൃതർ പറഞ്ഞു.