മലപ്പുറം : കോൺഗ്രസിനും മുസ്‍ലിംലീഗിനും സ്വാധീനമുള്ള മലപ്പുറത്ത് ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുകയാണെന്നും ഇതരരാഷ്ട്രീയപാർട്ടികൾക്ക് പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയാണെന്നും ബി.ജെ.പി. സംസ്ഥാന സെക്രട്ടറി പി. ശ്യാംരാജ്. ബി.ജെ.പി.യുടെ പദയാത്രയുടെ പ്രചാരണസാമഗ്രികൾ ലീഗും കോൺഗ്രസും ഭരിക്കുന്ന മലപ്പുറം നഗരസഭയുടെ ജീവനക്കാർ ഏകപക്ഷീയമായി എടുത്തുമാറ്റി.
പകരം അതേ സ്ഥാനത്ത് ലീഗിന്റെയും കോൺഗ്രസിന്റെയും പതാകകളും ബോർഡുകളും സ്ഥാപിച്ചു. ഇത് പക്ഷപാതപരവും ജനാധിപത്യധ്വംസനവുമാണെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
കോൺഗ്രസ് അരാജകത്വത്തിനെതിരേ വെള്ളിയാഴ്ച ബി.ജെ.പി. മലപ്പുറത്ത് ജനാധിപത്യ സംരക്ഷണ പദയാത്ര നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി സ്ഥാപിച്ച ബോർഡുകളും കൊടികളുമാണ് പുലർച്ചയോടെ നഗരസഭാ ജീവനക്കാർ അഴിച്ചുമാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയപാർട്ടികളുടെ ബോർഡുകളും കൊടികളും പൊതുസ്ഥലങ്ങളിൽ സ്ഥാപിക്കാൻ പാടില്ലെന്ന സർക്കുലർ ഉണ്ടെന്ന് പറയുന്ന നഗരസഭാ അധികൃതർ, ആ നിയമം ബി.ജെ.പി.യുടെ കാര്യത്തിൽ മാത്രം കർശനമായി നടപ്പാക്കുകയാണ്. കോൺഗ്രസ്-ലീഗ് മുന്നണികൾക്ക് അതിൽ പൂർണ ഇളവ് നൽകുന്നത് ഇരട്ടത്താപ്പാണെന്നും ആരോപിച്ചു.
സംഭവത്തിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച വൈകീട്ട് ബി.ജെ.പി. നഗരസഭാ ഓഫീസിനു മുൻപിൽ നടത്തിയ ധർണ പി. ശ്യാംരാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി. സുബ്രഹ്മണ്യൻ അധ്യക്ഷനായി.
മേഖലാ പ്രസിഡന്റ് കെ. നാരായണൻ, ജനറൽ സെക്രട്ടറി കെ.കെ. സുരേന്ദ്രൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ. രാമചന്ദ്രൻ, ബി. രതീഷ്, മേഖലാ വൈസ് പ്രസിഡന്റ് ടി.കെ. അശോക് കുമാർ, സെക്രട്ടറി വില്ലോടി സുന്ദരൻ, മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് അശ്വതി ഗുപ്ത തുടങ്ങിയവർ പ്രസംഗിച്ചു.
Published: 06 Nov 2026, 03:21 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented