പുതിയ സ്ഥലം കണ്ടെത്തണമെന്ന ആവശ്യത്തിൽ അന്തിമ തീരുമാനമായില്ല
മേലാറ്റൂർ : നിർമാണോദ്ഘാടനം കഴിഞ്ഞ് രണ്ടു മാസത്തോളമായിട്ടും മേലാറ്റൂർ വില്ലേജ് ഓഫീസ് സ്മാർട്ടാക്കുന്നതിനുള്ള പുതിയ കെട്ടിടത്തിന്റെ നിർമാണം തുടങ്ങാനായില്ല. ജനോപകാരപ്രദമായ സ്ഥലം കണ്ടെത്തി അവിടെ പുതിയ ഓഫീസ് നിർമിക്കണമെന്ന ആവശ്യം ഉയർന്നതോടെയാണ് പണി അനിശ്ചിതത്വത്തിലായത്. മേലാറ്റൂർ സബ് രജിസ്ട്രാർ ഓഫീസിനു സമീപത്തുള്ള സ്വന്തം സ്ഥലത്താണ് വില്ലേജ് ഓഫീസ് പതിറ്റാണ്ടുകളായി പ്രവർത്തിച്ചിരുന്നത്. 2024-ലാണ് വില്ലേജ് ഓഫീസ് സ്മാർട്ട് ആക്കുന്നതിന് നജീബ് കാന്തപുരം എം.എൽ.എ. തന്റെ ആസ്തി വികസനഫണ്ടിൽനിന്ന് തുക അനുവദിച്ചത്.
തിരഞ്ഞെടുപ്പടക്കമുള്ള പല കാരണങ്ങളാൽ എസ്റ്റിമേറ്റ് തയ്യാറാക്കലും ടെൻഡറും പഴയ കെട്ടിടം പൊളിച്ചുനീക്കലുമെല്ലാം നീണ്ടതോടെ പുതിയ കെട്ടിടത്തിന്റെ പണി നീളുകയായിരുന്നു. നടപടികളെല്ലാം പൂർത്തിയാക്കി പഴയ കെട്ടിടം പൂർണമായും പൊളിച്ചുനീക്കിയശേഷം ഇക്കഴിഞ്ഞ സെപ്റ്റംബർ 11-ന് പുതിയ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം എം.എൽ.എ. നിർവഹിച്ചിരുന്നു. അതിനുശേഷമാണ് വില്ലേജ് ഓഫീസിന് ജനോപകാരപ്രദമായ പുതിയ സ്ഥലം കണ്ടെത്തണമെന്നും സ്മാർട്ട് വിലേജ് ഓഫീസ് പുതിയ സ്ഥലത്ത് നിർമിക്കണമെന്നുമുള്ള ആവശ്യവുമായി മേലാറ്റൂർ കൺസ്യൂമർ ഫോറത്തിന്റെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ രംഗത്തെത്തിയത്.
ഈ ആവശ്യം ഉന്നയിച്ച് അവർ മേലാറ്റൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവർക്ക് നിവേദനം നൽകുകയും ചെയ്തു. വില്ലേജ് ഓഫീസ് സ്ഥിതിചെയ്തിരുന്നത് ഉയരം കൂടിയ സ്ഥലത്താണെന്നും അവിടേക്ക് ഗതാഗതസൗകര്യം കുറവായതിനാൽ പ്രായമായർക്കും മറ്റും എത്തിച്ചേരാൻ പ്രയാസമാണെന്നും അതിനാൽ പുതിയ സ്ഥലം കണ്ടെത്തണമെന്നുമായിരുന്നു കൺസ്യൂമർഫോറത്തിന്റെ ആവശ്യം.
മേലാറ്റൂർ കൃഷിഭവൻ, മൃഗാശുപത്രി, പോലീസ് ക്വാർട്ടേഴ്‌സ്, മിനി സ്റ്റേഡിയം എന്നിവയ്ക്കു സമീപം അനുയോജ്യമായ സ്ഥലമുണ്ടെന്നും അവർ ചൂണ്ടിക്കാണിച്ചിരുന്നു. വില്ലേജ് ഓഫീസ് ജനോപകാരപ്രദമായ സ്ഥലത്ത് നിർമിക്കണമെന്ന ആവശ്യം ശക്തമായതോടെ നിർമാണോദ്ഘാടനം കഴിഞ്ഞ് രണ്ടു മാസത്തോളമായിട്ടും പണി തുടങ്ങിയിട്ടില്ല.
പഴയ ഓഫീസ് പൂർണമായും പൊളിച്ചുനീക്കിയതോടെ മേലാറ്റൂർ ബസ് സ്റ്റാൻഡ് കെട്ടിടസമുച്ചയത്തിലെ മൂന്നാം നിലയിലെ ഇടുങ്ങിയ സ്ഥലത്താണ് വില്ലേജ് ഓഫീസിപ്പോൾ പ്രവർത്തിക്കുന്നത്. പരിമിതമായ സ്ഥലത്ത് ഉദ്യോഗസ്ഥർ ഏറെ പ്രയാസത്തിലാണ് ജോലി ചെയ്യുന്നത്. മൂന്നാം നിലയിലായതിനാൽ ജനങ്ങൾക്ക് എത്തിപ്പെടാനും ഏറെ പ്രയാസമാണ്.
Published: 05 Nov 2026, 02:14 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented