പെട്ടെന്ന് കറന്റുപോയി. കൂരിരുട്ട്. വീണ്ടും ലൈറ്റ് തെളിയുമ്പോള്‍ എന്‍എന്‍ പിള്ളയും തൊട്ടടുത്തുള്ള ടീപ്പോയിയില്‍ വാറ്റ് 69 എന്ന കുപ്പിയും.

എന്‍.എന്‍ പിള്ള| ഫോട്ടോ: മാതൃഭൂമി
1982-ലെ ഒരു വൈകുന്നേരത്തെക്കുറിച്ച് പറഞ്ഞുതുടങ്ങാം. കോട്ടയം സിഎംഎസ് കോളേജിലെ ആര്‍ട്സ് ക്ലബ് ഉദ്ഘാടനത്തിന്, നാടകകൃത്ത് എന്‍.എന്‍ പിള്ളയെ ക്ഷണിക്കാനായി അദ്ദേഹത്തിന്റെ കോട്ടയത്തെ ഒളശ്ശയിലെ വീട്ടില്‍ പോയതായിരുന്നു അന്ന് കോളേജിലെ വിദ്യാര്‍ഥികളായിരുന്ന ഞങ്ങള്‍. പിള്ളസ്സാര്‍ നല്ല മൂഡിലായിരുന്നു. ഓരോന്നു പറഞ്ഞുപറഞ്ഞ് അദ്ദേഹം കത്തിക്കയറി. ഞങ്ങള്‍ക്കോ അത് അവിചാരിതമായി കൂടിയ ഒരുത്സവം പോലെയായി. അപ്പോഴാണ് ചുവരില്‍ മാലയിട്ട് ആദരപൂര്‍വം വെച്ചിരുന്ന ഒരു കുപ്പി കണ്ടത്. ജിറാഫിന്റെ കഴുത്തുപോലെ മെലിഞ്ഞുനീണ്ട കഴുത്തുള്ള നീലനിറക്കുപ്പിയില്‍ വെള്ളനിറത്തില്‍ വലുതായി വാറ്റ് 69 എന്നെഴുതിയിരുന്നു. ഞങ്ങള്‍ രണ്ടുപേര്‍ ഉണ്ടായിരുന്നു. ഞങ്ങളുടെ കണ്ണുകള്‍ ആ കുപ്പിയില്‍ പതിയുന്നത് കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു, അതൊരു കഥയാണ് പറയാം.
കഥപറയാന്‍ അസാധാരണ വിരുതുള്ള എന്‍എന്‍ പിള്ള പറഞ്ഞുതുടങ്ങി:
ഇതുപോലൊരു വൈകുന്നേരം ഞാന്‍ എന്റെ ഈ വീടിന്റെ മുകളിലത്തെ മുറിയില്‍ ഇരിക്കുകയായിരുന്നു. പെട്ടെന്ന് ഒരു യുവാവ് വാതില്‍ തള്ളിത്തുറന്ന് അകത്ത് പ്രവേശിച്ചു. അയാള്‍ എനിക്ക് അപരിചിതനായിരുന്നു. അയാള്‍ കയറിയ ഉടന്‍ വാതില്‍ ലോക്കായിപ്പോയി. ആ യുവാവിനെക്കണ്ടാല്‍ യവനസുന്ദരനായ അപ്പോളോ ദേവനെപ്പോലെയിരുന്നു. അപ്പോളോ ദേവനേക്കാള്‍, പക്ഷേ, രണ്ടിഞ്ചെങ്കിലും പൊക്കം കൂടുതലുണ്ടാകണം ആ സുന്ദരയുവാവിന്. അയാള്‍ മുറിയില്‍ അതിക്രമിച്ചുകയറിയപ്പോള്‍ പശ്ചാത്തലത്തില്‍ പൊടുന്നനെ ഒരു ഗാനം അത്യുച്ചത്തില്‍ കേള്‍ക്കാനുണ്ടായിരുന്നു.
'ശരണം ശരണമേ ശരണം പൊന്നയ്യപ്പാ
അയ്യപ്പാ ശരണം ശരണം പൊന്നയ്യപ്പാ' എന്ന ഗാനമായിരുന്നു അത്.
ആ പാട്ടിന്റെ ശബ്ദമൊന്നു കുറയ്ക്കൂ എന്നു ഞാന്‍ പറഞ്ഞപ്പോള്‍ ആ യവനസുന്ദരന്‍ പറഞ്ഞു, ഈ ശബ്ദകോലാഹലം കാരണമാണ് ഞാനോടി ഈ വീട്ടിലേക്കുവന്നത്. ശബ്ദം മാത്രമല്ല, പഞ്ചേന്ദ്രിയങ്ങളേയും ഞെട്ടിക്കുന്ന അത്യുത്കടമായ പ്രാണദണ്ഡം അനുസ്യൂതമായി അലറുന്ന ഒരാവിക്കപ്പലിന്റെ പുകക്കുഴലില്‍ നിങ്ങള്‍ക്കെത്രനേരം അടങ്ങിയിരിക്കാന്‍ കഴിയും? ടണ്‍ കണക്കിനു കത്തുന്ന കര്‍പ്പൂരത്തിന്റെ ധൂമപടലം... ഞാനോടി രക്ഷപ്പെട്ടതാ. നിങ്ങളുടെ വീട്ടുപേരുകണ്ടപ്പോള്‍ ഒന്നുകയറിയതാണ്'.
എന്‍എന്‍ പിള്ളയുടെ വീട്ടുപേര് ഡയനീഷ്യ എന്നാണ്. വീട്ടില്‍ അവിചാരിതമായി കയറി വന്ന യുവാവ് നാടകകൃത്തിനോട് ചോദിച്ചു ഈ വീട്ടുപേര് എങ്ങനെവന്നു?
എന്‍എന്‍ പിള്ള: ഞാന്‍ ജീവിക്കുന്നത് നാടകം കൊണ്ടാണ്. എന്റെ ജീവിതം തന്നെ ഒരു നാടകമാണ്. ചുരുക്കത്തില്‍ അരനൂറ്റാണ്ടു പിന്നിട്ട ഒരു ഡയനീഷ്യന്‍ അനുഭവമാണത്. ഗ്രീക്ക് നാടകവേദിയുടെ പിതാവല്ലേ ഡയനീഷ്യസ് ദേവന്‍.
വീട്ടില്‍ കയറിവന്ന യുവാവ് അപ്പോഴാണ് പേരുപറയുന്നത് ശബരീനാഥന്‍. ഒളശ്ശയിലെ നാടകകൃത്തിന്റെ വീട്ടില്‍ ഒരു സവിശേഷ അയ്യപ്പസംഗമം നടക്കുകയായിരുന്നു. ഡയനീഷ്യസ് ദേവതയും അയ്യപ്പനും രണ്ട് പുരുഷദേവതകള്‍ക്ക് പിറന്നവരാണ്. അയ്യപ്പന്‍ വിഷ്ണുവിന്റെ തുടയില്‍ നിന്നാണ് ജനിച്ചതെന്നു പറഞ്ഞപ്പോള്‍ ആ യുവാവ് എന്‍എന്‍ പിള്ളയോട് പറഞ്ഞു, ' ഞാനുമതെ. സീയൂസ് ദേവന്റെ തുടയില്‍നിന്നാണ് ഞാന്‍ ജനിച്ചത്. നിങ്ങള്‍ അയ്യപ്പന് നല്‍കുന്ന വിശേഷണങ്ങളെല്ലാം എന്റേതാണ്. ചുരുക്കത്തില്‍ നമ്മുടെ വംശപാരമ്പര്യം ഒന്നാണ്. എന്റെ ഏറ്റവും വലിയ പേട്രണ്‍ പന്തളത്തുരാജാവായിരുന്ന, അതായത് തീബ്സിലെ പൊന്തിയുസ് രാജാവ്.
ഈ അനുഭവമാണ് എന്‍എന്‍ പിള്ളയുടെ പ്രശസ്തമായ ഏകാങ്കനാടകമായ വാറ്റ് 69 ന്റെ പ്രമേയം. ഗ്രീക്കുനാടക ചരിത്രവും ഭാസനാടകങ്ങളും ഗ്രീക്ക്-ഇന്ത്യന്‍ ഐതിഹ്യങ്ങളുമെല്ലാം ഇടകലരുന്ന സംഭാഷണങ്ങളാണ് ഈ നാടകത്തെ കൗതുകകരമാക്കുന്നത്. ഇടയ്ക്ക് ഡയനീഷ്യസ് പറയുന്നുണ്ട് താനും അശ്വഘോഷനും ഒരുമിച്ചാണ് ഇന്ത്യയിലെത്തിയതെന്നും തക്ഷശിലയിലെ വിദ്യാപീഠത്തില്‍ താമസിച്ചതെന്നും. മരണമില്ലെന്ന് വിശ്വസിക്കുന്ന ഒരു നാട്ടില്‍ ദുരന്തനാടകങ്ങള്‍ എഴുതിയാല്‍ അത് കോമഡിയാകുമെന്നും ഇന്ത്യയെക്കുറിച്ച് ഡയനീഷ്യസ് എന്ന അയ്യപ്പന്‍ ഒളശ്ശയിലെ വീട്ടില്‍ വെച്ചുപറയുന്നുണ്ട്. അശ്വഘോഷന്‍ തക്ഷശിലയില്‍ നിന്നും ബുദ്ധഭിക്ഷുക്കളോടൊപ്പം ടിബറ്റിലേക്കും താന്‍ തെക്ക് കേരളത്തിലേക്കും പോന്നു എന്നാണ് ഡയനീഷ്യസ് പറയുന്നത്.
പിന്നെ നാടകകൃത്തിന്റെ വീട്ടില്‍ വെച്ച് ഡയനീഷ്യസ് മദ്യപിക്കുന്നു. മദ്യത്തിന്റെ അധിദേവത താനാണെന്ന് ഡയനീഷ്യസ് എന്‍.എന്‍ പിള്ളയോട് പറയുന്നുണ്ട്. അങ്ങനെയാണ് അവിചാരിത അതിഥി വാറ്റ് 69 കുപ്പിയില്‍ നിന്നും വിസ്‌കി കഴിച്ചുതുടങ്ങുന്നത്. റിയോണിക്ക-രേണുക എന്നും പറയാം -എന്ന അയോണിയന്‍ ദേവദാസിയ്ക്ക് ജനിച്ച മൂന്നാമത്തെ പുത്രനായിരുന്നു കേരളം കടലില്‍ നിന്നും മഴുവെറിഞ്ഞ് സൃഷ്ടിച്ച പരശുരാമന്‍ എന്നയറിവ് ഡയനീഷ്യസ് പിള്ളസ്സാറിനോട് പറയുന്നു. യവനാഘോഷമാണ് ഓണാഘോഷമായതെന്നും.
അവര്‍ രണ്ടുപേരും കുറേനേരം സംസാരിച്ചിരുന്നു. ചരിത്രവും ഐതിഹ്യവും ലോകനാടകങ്ങളും ഇടകലര്‍ന്ന സായാഹ്നം. പെട്ടെന്ന് കറന്റുപോയി. കൂരിരുട്ട്. വീണ്ടും ലൈറ്റ് തെളിയുമ്പോള്‍ എന്‍എന്‍ പിള്ളയും തൊട്ടടുത്തുള്ള ടീപ്പോയിയില്‍ വാറ്റ് 69 എന്ന കുപ്പിയും. എന്‍എന്‍ പിള്ള ചുറ്റിനും നോക്കി. അപ്പോള്‍ സുവ്യക്തമായ ഒരശരീരി.
ഡയനീഷ്യസ് എന്ന ശബരിനാഥന്‍: 'പേടിക്കണ്ട, ഞാനിവിടെത്തന്നെയുണ്ട്, ഈ കുപ്പിയില്‍'.
1982-ല്‍ ഈ കഥ പിള്ളസ്സാറിന്റെ നാവിനാല്‍ നേരിട്ടു കേട്ടിട്ട് അത്ഭുതാദരങ്ങളോടെ ഞങ്ങള്‍ ഒളശ്ശയിലെ വീട്ടില്‍ നിന്നിറങ്ങി. പറഞ്ഞതുപോലെ അദ്ദേഹം കോളേജിലെത്തി ആര്‍ട്സ് ക്ലബ് ഉദ്ഘാടനം ചെയ്ത് മനോഹരമായി സംസാരിച്ചു. ഈ ലക്കം ആഴ്ചപ്പാടുകള്‍ എഴുതുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ മകനും നടനുമായ വിജയരാഘവനെ ഫോണില്‍ വിളിച്ചു. ദേശീയ അവാര്‍ഡ് വാങ്ങാന്‍ അദ്ദേഹം ഡല്‍ഹിയിലായിരുന്നു. വിജയരാഘവന്‍ പറഞ്ഞു: 'ഇപ്പോഴും ഞങ്ങളുടെ വീട്ടില്‍ ആ കുപ്പി ചുവരില്‍ പ്രതിഷ്ഠിച്ചിട്ടുണ്ട്'.
Content Highlights: Discover the fascinating story behind NN Pillai`s play Vat 69, where Ayyappan and Dionysus meet. Explore themes of Greek & Indian mythology.
Published: 25 Sept 2025, 10:30 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented