സിനിമ താരങ്ങൾക്കും കായിക പ്രതിഭകൾക്കും നിരവധി ഫാൻസ് അസോസിയേഷനുകൾ ഉള്ളതായി നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഒരു സാഹിത്യകാരന് ഫാൻസ് അസോസിയേഷൻ ഉണ്ടാവുക എന്നത് സാധാരണമല്ല. എന്നാൽ ഒരു എഴുത്തുകാരനായി ഫാൻസ് അസോസിയേഷൻ രൂപീകരിച്ച ഒരു നാടുണ്ട്. അത് മറ്റെങ്ങുമല്ല. നമ്മുടെ കേരളത്തിലാണ്. കൊല്ലം ജില്ലയിലെ കൊട്ടാരക്കരയ്ക്കടുത്തുള്ള പെരുംകുളം എന്ന കൊച്ചു ഗ്രാമത്തിൽ. അവർ ആരാധിക്കുന്ന ആ എഴുത്തുകാരൻ മറ്റാരുമല്ല ഇന്ന് 84 ന്റെ നിറവിൽ നിൽക്കുന്ന സാക്ഷാൽ എം മുകുന്ദനും. അസാധാരണമായ ആ കൂട്ടായ്മയുടെ കഥ ഇങ്ങനെയാണ്.
പെരുംകുളം ഒരു ചെറിയ ഗ്രാമമാണെങ്കിലും പി എസ് സി പരീക്ഷകളുടെ ചോദ്യപ്പേപ്പറിൽ ഇടം പിടിച്ച ഒരു ഖ്യാതി ആ ഗ്രാമത്തിനുണ്ട്. പെരുംകുളമാണ് കേരളത്തിലെ ആദ്യ പുസ്തകഗ്രാമം. ഒരു പക്ഷെ ഒരേയൊരു പുസ്തകഗ്രാമവും. 2021 ജൂൺ 19 വായനാദിനത്തിന്റെയന്നു അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനാണ് കേരളത്തിലെ ആദ്യ പുസ്തക ഗ്രാമമായി പെരുംകുളത്തെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഗ്രാമത്തിൽ ഉടനീളം സ്ഥാപിച്ചിട്ടുള്ള പുസ്തകക്കൂടുകളും ബാപ്പുജി സ്മാരക വായനശാല എന്ന ശക്തമായ ഒരു സ്ഥാപനവുമായിരുന്നു ഈ ബഹുമതിയിലേക്ക് ഗ്രാമത്തെ എത്തിച്ചത്. ഇന്ത്യയിൽ തന്നെ മഹാരാഷ്ട്രയിലെ ഭിലാറും കശ്മീരിലെ അരഗം ഗ്രാമവും മാത്രമാണ് ഇത്തരത്തിൽ അറിയപ്പെടുന്നത് എന്നോർക്കുമ്പോഴാണ് ഈ പദവിയുടെ വലിപ്പം മനസിലാകുന്നത്.
ബാപ്പുജി സ്മാരക വായനശാലയുടെ ശ്രമഫലമായി ഗ്രാമത്തിൽ ധരാളം പുസ്തകപ്രേമികളും പുതിയ വായനക്കാരും ഉദയം ചെയ്തതോടെയാണ് അവരിലെ ചെറുപ്പക്കാരായ മുകുന്ദൻ ആരാധകർ ചേർന്ന് എം മുകുന്ദൻ ഫാൻസ് അസോസിയേഷൻ എന്ന കൂട്ടായ്മയ്ക്ക് തുടക്കമിട്ടത്. 2019 മുതൽ ഈ കൂട്ടായ്മ പ്രവർത്തിച്ചു വരുന്നു. ഈ കൂട്ടായ്മയുടെ രക്ഷാധികാരിയായി എഴുത്തുകാരനെ തന്നെയാണ് അവർ തീരുമാനിച്ചത്. എഴുത്തുകാരനെ എഴുത്തിനേക്കാളേറെ ആരാധിക്കുന്ന കേരളത്തിന്റെ തനത് സ്വഭാവത്തിന്റെ ഒരു മാതൃക കൂടിയാണ് മലയാളത്തിനപ്പുറം വളർന്ന മയ്യഴിയുടെ കഥാകാരന് ലഭിക്കുന്ന ഈ അക്ഷരാദരം.
Content Highlights: Perumkulam in Kollam is Kerala's first official book village., Young readers formed the M Mukundan Fans Association in 2019., Author M Mukundan serves as the patron of his own fan association., The village gained this status due to widespread book kiosks and the Bappuji Smaraka Vayanasala.
Published: 10 Sept 2026, 02:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented