കോഴിക്കോട് സാഹിത്യനഗരമായി പ്രഖ്യാപിക്കപ്പെട്ടതിനുശേഷം മാതൃഭൂമി ഒരുക്കിയ മുതിര്‍ന്ന എഴുത്തുകാരുമായുള്ള സംഗമത്തില്‍ എഴുത്തുകാര്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നു.
സാഹിത്യനഗരമായിരിക്കുന്ന നാലുവര്‍ഷവും കോഴിക്കോട് പ്രവര്‍ത്തനനിര്‍ഭരമായിരിക്കണം. എഴുത്തുകാര്‍ മാത്രമല്ല, വായനക്കാര്‍ കൂടിയാണ് കോഴിക്കോടിനെ സാഹിത്യനഗരമാക്കുന്നത്. തിങ്ങിനിറഞ്ഞ ടൗണ്‍ഹാള്‍ കേരളത്തില്‍ മറ്റെവിടെയും കാണാന്‍ കഴിയില്ല. അങ്ങനെയുള്ള കോഴിക്കോടിനെ മാറ്റിയെടുക്കാനുള്ള അസുലഭമുഹൂര്‍ത്തമാണ് സാഹിത്യനഗരപദവിയിലൂടെ വന്നിരിക്കുന്നത്- കല്‍പറ്റ നാരായണന്‍
കോഴിക്കോട്ടുള്ള എല്ലാ സാഹിത്യകാരരും ഈ നാട്ടുകാരല്ല. അവരെല്ലാം കോഴിക്കോടിനെ സ്‌നേഹിച്ച് ഇവിടെയെത്തിയവരാണ്. ഇവിടെ ജീവിച്ചുമരിച്ച സാഹിത്യകാരന്മാരെയും എല്ലാതരം കലാകാരന്മാരെയും ബന്ധിപ്പിക്കുന്ന ഒരു കേന്ദ്രമാണ് വേണ്ടത്. നിലവിലുള്ള ആനക്കുളം സാംസ്‌കാരികനിലയം നവീകരിക്കുകയോ അല്ലെങ്കില്‍ മറ്റൊരിടം കണ്ടെത്തുകയോ വേണം- വി.ആര്‍ സുധീഷ്
സാഹിത്യസംവാദങ്ങളാല്‍ സജീവമാകണം. വായനക്കാരന്റെ മനസ്സുതുറക്കുന്ന നിരന്തര ചര്‍ച്ചകള്‍ക്ക് പറ്റിയ കൃത്യമായ വേദി ഇവിടെയില്ല. പല വേദികളും വാടകയ്‌ക്കെടുക്കാനുള്ള സാമ്പത്തികം സംഘടനകള്‍ക്കില്ല. സാഹിത്യചര്‍ച്ചകള്‍ക്കുള്ള സ്ഥിരംവേദിയൊരുക്കുന്നതിന് കോര്‍പ്പറേഷന്‍ ഇടപെടണം- യു.കെ കുമാരന്‍

കോഴിക്കോടിന്റെ ഭക്ഷണവും സംഗീതവും കലയുമെല്ലാം ചേരുന്ന ഒരു സാഹിത്യത്തെരുവ് വേണം. സാഹിത്യോത്സവങ്ങള്‍ നടത്താന്‍ പറ്റണം. വായനശാലകള്‍ക്ക് പരിഗണന കൊടുക്കണം.- ഖദീജ മുംതാസ്.
കേന്ദ്രസാഹിത്യ അക്കാദമിയുടെ നേതൃത്വത്തില്‍ നാലോ അഞ്ചോ ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനം കോഴിക്കോട്ട് നടത്താമെന്ന് അക്കാദമിയുടെ എക്‌സിക്യുട്ടീവ് മീറ്റിങ്ങില്‍ തത്ത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്. രാജ്യത്തെ 24 ഭാഷകളില്‍ നിന്നുള്ള എഴുത്തുകാരെയും ഇവിടെയെത്തിക്കുന്നതിലൂടെ കോഴിക്കോടിനെ രാജ്യത്തെ സാഹിത്യകേന്ദ്രമാക്കി മാറ്റാന്‍ പറ്റും. മത്സരത്തിനപ്പുറം സാഹിത്യകാരന്മാര്‍ക്കിടയില്‍ മനുഷ്യപ്പറ്റുപോലെ സാഹിത്യപ്പറ്റും ഉണ്ടാകണം- കെ.പി രാമനുണ്ണി
എഴുത്തുകാരെയും അവരുടെ ശബ്ദത്തെയുമൊന്നും ഇന്ന് പലര്‍ക്കുമറിയില്ല. അത്തരത്തിലുള്ള വിവരങ്ങളെല്ലാം ശേഖരിച്ചുസൂക്ഷിക്കണം. എല്‍.കെ.ജി- അങ്കണവാടികാലം മുതല്‍ സാഹിത്യഅവബോധം ഉണ്ടാക്കണം. മലയാളത്തില്‍ ആശയവിനിമയം ചെയ്യാന്‍ പറ്റാത്ത സ്ഥിതിയാണ് പലര്‍ക്കും. അത് അഭിമാനമായി കാണുന്നവരുണ്ട്. ആ സ്ഥിതി മാറണം.- സുഭാഷ് ചന്ദ്രന്‍
പുതിയ തലമുറകളെ കൊണ്ടുവരാനും സാഹിത്യക്യാമ്പ് നടത്താനും തയ്യാറാകണം. ഫോക്‌ലോര്‍ വിഭാഗങ്ങളെയും ഇവിടത്തെ ഭാഷകളെയും കണ്ടെത്തണം- മിനി പ്രസാദ്

മുന്‍പ് മലബാര്‍ മഹോത്സവം പോലുള്ള പരിപാടികള്‍ നടത്തിയിരുന്നു. ഇനിയും അത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തണം. സാഹിത്യനഗരത്തിലൂടെ ഉയര്‍ന്നപദവി താഴേക്ക് പോകാതിരിക്കാന്‍ ശ്രദ്ധിക്കണം- ഡോ. ആര്‍സു
സാധാരണക്കാര്‍പോലും എഴുത്തുകാരെ തിരിച്ചറിയുന്ന നഗരമാണ്. ഉറൂബിന്റെ ഓര്‍മകളുള്ള ദിവസമാണ് ജൂലായ് 10. ഇത്തരത്തിലുള്ള ദിവസങ്ങളില്‍ അവരുടെ പുസ്തകങ്ങള്‍ വായിക്കുന്നതുപോലുള്ള പരിപാടി നടത്തണം. വലിയ പരിപാടികളല്ല, പതിഞ്ഞുപറഞ്ഞ കാര്യങ്ങളാണ് മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുള്ളത്- പി.കെ പാറക്കടവ്.

ഇത്തരമൊരവസരത്തില്‍ മാതൃഭൂമിയിലെത്താന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ട്. മാതൃഭൂമി എന്നും നിലവാരമുള്ള പത്രമായിരുന്നു. പത്രവും ആഴ്ചപ്പതിപ്പും നൂറ്റാണ്ടിലേറെയായി സാഹിത്യപോഷണത്തിന് പ്രോത്സാഹനം നല്‍കി. ഇത് തുടരണം- കെ.പി ശങ്കരന്‍
അനേകം സാഹിത്യകൂട്ടായ്മകള്‍ സജീവമായിരുന്ന നഗരമാണിത്. സാഹിത്യനഗരത്തിന്റെ ഭാഗമായി ഈ കൂട്ടായ്മകളെയും ലൈബ്രറികളെയും ചേര്‍ത്തുപിടിച്ചുകൊണ്ടുള്ള ആസൂത്രണമാണ് വേണ്ടത്. സാഹിത്യത്തോടൊപ്പം മറ്റുകലകളെക്കൂടി ചേര്‍ത്തുപിടിക്കാന്‍ ശ്രമിക്കണം. നാടന്‍കലകളെക്കൂടി തിരിച്ചുപിടിക്കുന്ന ഒരു സാംസ്‌കാരിക പുനരേകീകരണമാണ് സാഹിത്യനഗരപദവിയിലൂടെ നേടേണ്ടത്- പി.പി ശ്രീധരനുണ്ണി

Content Highlights: veteran writers meet at mathrubhumi on behalf of kozhikode city of literature
Published: 10 Jul 2024, 03:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented