കോഴിക്കോട്: എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും കോഴിക്കോട്, എം.ടി. വാസുദേവന്‍ നായര്‍ ജീവിക്കുന്ന ഇടമാണ്. വാക്കുകള്‍ കോര്‍ത്തുകെട്ടി നക്ഷത്രങ്ങള്‍ തീര്‍ക്കുന്ന, അതിന്റെ പ്രഭകൊണ്ട് തലമുറകളെ മോഹിപ്പിക്കുന്ന കഥാപ്രപഞ്ചമാണ് മലയാളത്തിന് എം.ടി. അദ്ദേഹം പാര്‍ക്കുന്ന നഗരമെന്നതാണ് കോഴിക്കോടിന്റെ അഭിമാനം. സാഹിത്യനഗരമാവുമ്പോള്‍ അത് ഇരട്ടിമധുരമാവും. ജന്മനാടായ കൂടല്ലൂരില്‍നിന്നെത്തി കോഴിക്കോട് തട്ടകമാക്കി മാറ്റുകയായിരുന്നു എം.ടി.; ബേപ്പൂര്‍ സുല്‍ത്താനായി മാറിയ വൈക്കം മുഹമ്മദ് ബഷീറിനെപ്പോലെത്തന്നെ. കഴിഞ്ഞ ജൂലായില്‍ അദ്ദേഹത്തിന് നവതി തികഞ്ഞപ്പോള്‍ മാതൃഭൂമിയൊരുക്കിയ, 'സുകൃത'മെന്നുപേരിട്ട സാംസ്‌കാരികോത്സവത്തിലെ ജനപങ്കാളിത്തം എം.ടി.യോടുള്ള കോഴിക്കോടിന്റെ ഇഷ്ടവും ആരാധനയുമെല്ലാം ഒരുപോലെ വെളിവാക്കിയിരുന്നു.
കോഴിക്കോട്ട് ആദ്യമായി വരുന്നത് പന്ത്രണ്ടാം വയസ്സിലാണെന്ന് എം.ടി. എഴുതിയിട്ടുണ്ട്. അച്ഛനൊപ്പമായിരുന്നു നഗരക്കാഴ്ചകള്‍ കാണാനുള്ള വരവ്. ''കേവലം അരദിവസത്തില്‍ത്താഴെമാത്രം നീണ്ട നഗരസന്ദര്‍ശനമായിരുന്നു അത്. കൂടല്ലൂരുപോലൊരു ഉള്‍നാടന്‍ ഗ്രാമത്തില്‍നിന്നെത്തിയ സാധാരണബാലനെ ഈ നഗരക്കാഴ്ചകള്‍ വശീകരിക്കാതിരിക്കുന്നതെങ്ങനെ? അത്തരം കാഴ്ചകള്‍ മനസ്സിലേറ്റി മടങ്ങുമ്പോഴും പിന്നീടെന്റെ തട്ടകം കോഴിക്കോട്ടാവുമെന്ന് ഞാനന്ന് ഊഹിച്ചതേയില്ല.'' - എം. ടി കോഴിക്കോടിനെക്കുറിച്ചെഴുതിങ്ങനെ. പില്‍ക്കാലത്ത് തൊഴില്‍തേടിയുംമറ്റും അദ്ദേഹം പലതവണ കോഴിക്കോട്ടെത്തി. 'ഒടുവില്‍ 1956-ല്‍ മാതൃഭൂമിയില്‍ ജോലികിട്ടി. കോഴിക്കോട്ട് സ്ഥിരതാമസക്കാരനുമായി.
റിക്ഷാവണ്ടികളുടെ കാലം കഴിഞ്ഞു, നഗരനിരത്തുകളില്‍ തിരക്കേറിയപ്പോഴേക്കും എം.ടി. കോഴിക്കോടിന് സ്വന്തമായി; സ്വകാര്യമായ അഹങ്കാരമായി. എഴുത്തിനെയും വായനയെയും സ്‌നേഹിക്കുന്നവരെല്ലാം കൊട്ടാരം റോഡിലെ 'സിത്താര'യിലെ ആ സൗമ്യസാന്നിധ്യത്തെ തേടിയെത്തി. സാഹിത്യനഗരമെന്ന പദവി കൈവരുമ്പോള്‍ ആദരിക്കപ്പെടുന്നത് ഈ കൈവഴികളെല്ലാമാണ്.
Content Highlights: kozhikode unesco literary city the place where mt vasudevan nair resides
Published: 21 Jun 2024, 03:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented