കോഴിക്കോട്: ഗാസയിൽ അഞ്ച്‌ ലക്ഷം മനുഷ്യർ മരണത്തിലേക്ക് പോകുമ്പോൾ നമുക്ക് വലുത് ഒരു നേതാവിൻ്റെ രതി ദൗർബല്യങ്ങളാണെന്ന് എഴുത്തുകാരൻ എം. മുകുന്ദൻ. ലിജീഷ് കുമാർ എഴുതി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച വർത്തമാന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  നൂറുകണക്കിന് കുഞ്ഞുങ്ങൾ പട്ടിണി മൂലം മരിച്ചു വീഴുന്നത് നമുക്ക് വിഷയമല്ല. നമുക്കാവശ്യം ചെറിയ ചെറിയ വിവാദങ്ങളാണ്. ഇത് വർത്തമാന പുസ്തകമല്ല, പ്രതിരോധത്തിൻ്റെ പുസ്തകമാണ്. ഞാനാണ് ഇതിന് തലക്കെട്ട് ഇടുന്നതെങ്കിൽ 'നിലവിളികളുടെ പുസ്തകം' എന്നായിരുന്നു നൽകുക- മുകുന്ദൻ പറഞ്ഞു. എം.മുകുന്ദനും ചലച്ചിത്രതാരം പ്രകാശ് രാജും സുഭാഷ് ചന്ദ്രനും ചേർന്നാണ് പുസ്തകം പ്രകാശനം ചെയ്തത്.

To advertise here,

ഞാൻ മോദി വിരുദ്ധനാണ്, ഞാൻ അമിത് ഷാ വിരുദ്ധനാണ്, ഞാൻ ഹിന്ദു വിരുദ്ധനല്ല എന്ന പ്രകാശ് രാജിൻ്റെ  മൂന്നു വാചകങ്ങളാണ് ഈ പുസ്തകം പ്രകാശനം ചെയ്യുമ്പോൾ മനസ്സിൽ മുഴങ്ങിക്കേട്ടതെന്ന് എം.മുകുന്ദൻ പറഞ്ഞു. വെറും വർത്തമാന പുസ്തകങ്ങളല്ല, ഒരുപാട് നേരം നമ്മളെ അലട്ടുന്ന പുസ്തകമാണിത്. ലിജീഷ് ഒരിക്കൽ എന്നെ അഭിമുഖം ചെയ്യുകയുണ്ടായി. കുറച്ചു കഴിഞ്ഞപ്പോൾ എനിക്കു തോന്നി ഞങ്ങൾ പരസ്പരം അഭിമുഖം ചെയ്യുകയാണെന്ന്. അക്ഷരങ്ങൾ കൊണ്ട് ലോകം സൃഷ്ടിക്കാൻ കഴിയുന്നവരാണ് എഴുത്തുകാരും വായനക്കാരുമെന്നും ഈ പുസ്തകമുടനീളം കേൾക്കുന്നത് പലതരത്തിലുള്ള നിലവിളികളാണെന്നും എം.മുകുന്ദൻ പറഞ്ഞു.

കേരളം തൻ്റെ മറ്റൊരു വീടാണെന്നും തൻ്റെ വാക്കുകളെയും നിരീക്ഷണങ്ങളെയും കേൾക്കാൻ മലയാളം എക്കാലവും തയ്യാറാവുന്നതിൽ നന്ദിയുണ്ടെന്നും പ്രകാശ് രാജ് പറഞ്ഞു. ഒരുപാട് അഭിമുഖങ്ങൾക്ക് ഞാൻ നിന്നു കൊടുത്തിട്ടുണ്ട്. അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം കൊടുത്താലും അവർ മുൻകൂട്ടി തയ്യാറാക്കിയ ഉത്തരമുണ്ടാകും. അത്തരം സന്ദർഭത്തിൽ നിന്നും വ്യത്യസ്തമായാണ് ലീജീഷ്  എന്നെ അഭിമുഖം ചെയ്തത്. ഈ പുസ്തകത്തിൽ ഒരു അധ്യായമായി ഞാൻ നിൽക്കുന്നതിൽ അഭിമാനമുണ്ട്. ഒരു നടൻ എന്നതിനപ്പുറം ഞാൻ എന്താണ് എന്നതിനെക്കുറിച്ച് ലിജീഷ് വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു- പ്രകാശ് രാജ് പറഞ്ഞു.

ലിജീഷ് കുമാർ പല കാലകളിൽ പല മേഖലകളിൽ പ്രവർത്തിക്കുന്ന പ്രതിഭകളുമായുള്ള അഭിമുഖ സംഭാഷണങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. എഴുത്തുകാരി ഷാഹിന കെ. റഫീഖ് പുസ്തകം പരിചയപ്പെടുത്തി. ഡോ. എ. കെ. അബ്ദുൾ ഹക്കീം ആശംസകളർപ്പിച്ചു. മാതൃഭൂമി ഡയറക്ടർ (ഡിജിറ്റൽ ബിസിനസ്) മയൂര ശ്രേയാംസ് കുമാർ അധ്യക്ഷത വഹിച്ചു.

ഒമ്പത് വ്യത്യസ്തരായ വ്യക്തിത്വങ്ങളുമായുള്ള വർത്തമാന പുസ്തകം  തികഞ്ഞ കയ്യടക്കത്തോടെയാണ് ലിജീഷ് തയ്യാറാക്കിയിരിക്കുന്നതെന്ന് പുസ്തകം പരിചയപ്പെടുത്തിയ ഷാഹിന കെ റഫീഖ് പറഞ്ഞു.

 

 

 

വർത്തമാന പുസ്തകത്തിൽ ഒമ്പത് അഭിമുഖങ്ങളിൽ ഏഴും മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചതാണെന്നും ഈ പുസ്തകത്തിലെ എല്ലാ അഭിമുഖങ്ങളും അധികാരത്തിനെതിരെ ഒറ്റയ്ക്കു പോരാടിയ ഏകാകികളുടെ ജീവിതമാണെന്നും സുഭാഷ് ചന്ദ്രൻ പറഞ്ഞു. 

അഭിമുഖ സംഭാഷണങ്ങളെ സാഹിത്യ രൂപമാക്കിയത് മാതൃഭൂമിയാണെന്ന് പുസ്തകത്തിന് ആശംസകളർപ്പിച്ചു കൊണ്ട് ഡോ. എ.കെ അബ്ദുൾ ഹക്കീം പറഞ്ഞു. മലയാളത്തിലെ അഭിമുഖ സംഭാഷണങ്ങളുടെ ചരിത്രം പരിശോധിച്ചാൽ മാതൃഭൂമി നടത്തിയ ഇടപെടലുകൾ വലുതാണ്. അതിൻ്റെ ഏറ്റവും പുതിയ മുഖമാണ് ലിജീഷ് കുമാറിൻ്റെ വർത്തമാന പുസ്തകമെന്ന് ഹക്കീം പറഞ്ഞു. 

വർത്തമാന പുസ്തകത്തിന് പറയാനുള്ളത് എന്നെക്കുറിച്ചല്ല, എൻ്റെ ഭാഷയല്ല, എൻ്റെ രാഷ്ട്രീയമല്ല എന്ന തികഞ്ഞ ബോധ്യത്തോടു കൂടിയാണ് വർത്തമാന പുസ്തക പ്രകാശന വേളയിൽ നിൽക്കുന്നതെന്ന് പുസ്തകത്തിൻ്റെ രചയിതാവായ ലിജീഷ് കുമാർ മറുപടി പ്രസംഗത്തിൽ പറഞ്ഞു.