പട്ടാമ്പി സ്റ്റേഷൻപരിധിയിലെ കാവൽക്കരിമ്പനകൾ ജാലകദൃശ്യമായി. തീവണ്ടി കൊയ്ത്തുകറ്റകളുടെ ഗന്ധമുള്ള പാലക്കാടൻ വായുവിലോടിത്തുടങ്ങി... 'വെയിലെരിയുന്ന മാനത്തുനിന്ന് ദേവന്മാർ കല്പകവൃക്ഷത്തിന്റെ ഇളനീരു കുടിച്ച് തിളക്കമുള്ള മേഘങ്ങളുടെ വിടവിലൂടെ, തൊണ്ടുകൾ താഴേക്കിടുന്നു'

To advertise here,

എനിക്കാ ദൃശ്യങ്ങൾ കാണാപ്പാഠമായിരുന്നു. 'കിഴക്കൻ കാറ്റ് കരിമ്പനകളിൽ വീശി. കാറ്റിൽ കരിമ്പനകൾ ഇണചേർന്നു. വിദൂരമായ പൂവിളി... താമരക്കുളത്തിന്റെ മേട്ടിലൂടെ ഒരുസംഘം കുട്ടികൾ ചെതലിയുടെനേർക്ക് ഓണപ്പൂക്കൾ തേടിപ്പോവുകയാണ്. രവിയോർത്തു. കാപ്പിത്തോട്ടങ്ങളുടെ നടുവിൽ കാടുപിടിച്ചുനിന്ന വീട്, കുന്നിൻചെരുവിലെ മഞ്ഞ്, കാട്ടുപൂക്കൾ, പിന്നെ അപരിചിതമായ സന്ധ്യകൾ, പേരില്ലാത്ത നഗരങ്ങൾ...'

''ദാണ്ടെ കാണുന്നു നിന്റെ ട്രേഡ്മാർക്ക് -കടമ്മനിട്ട കരിമ്പനകൾ ചൂണ്ടിക്കാട്ടി.'' ''യെവന്മാരെ പിന്നെ പൊള്ളാച്ചിയിലേ കാണൂ...''

-''നീയതൊക്കെ വായിച്ചിട്ടുണ്ടോ...?''-വിജയൻ ഉപഹാസത്തോടെ ഉഷാറായി.

''-രവിശങ്കറും ഇതുപോലെയാണല്ലോ എഴുതുന്നത്. വിജയനത് കാണുന്നുണ്ടോ''-കടമ്മനിട്ട ആരാഞ്ഞു (ഇപ്പോൾ ഇന്ത്യൻ എക്‌സ്പ്രസ്സിൽ കാർട്ടൂണിസ്റ്റായ രവിശങ്കർ, വിജയന്റെ സഹോദരി ശാന്തയുടെ മകനാണ്. കഥാകൃത്തായിട്ടാണ് രംഗപ്രവേശം. തനി വിജയൻ ശൈലിയിലാണ് കഥകളെഴുതിയിരുന്നത്)

''അവന് നല്ലബുദ്ധി തോന്നട്ടെ'' -വിജയൻ പറഞ്ഞു.

- ''എഴുതാനോ എഴുതാതിരിക്കാനോ....'' -കടമ്മനിട്ട ചിരിച്ചു

ഈ ഘട്ടത്തിൽ കറുത്തകോട്ടിട്ട ഒരു ഹിസ് ഹൈനസ് ടിക്കറ്റ് എക്‌സാമിനർ രംഗപ്രവേശം ചെയ്തു. കമ്പാർട്ടുമെന്റിൽ അധികം ആളില്ല. ചാർട്ടുനോക്കി ഗൃഹപാഠം ചെയ്തിട്ടാണ് വരുന്നത്. എവിടെയും തങ്ങാത്ത കിഴക്കൻകാറ്റുപോലെ നേരേ വിജയനുമുന്നിലെത്തി അഭിവാദ്യമർപ്പിച്ചു. തൊട്ടടുത്തുതന്നെ ഇരുന്നു. പുരുഷോത്തമൻ -അദ്ദേഹത്തിന്റെ നെഞ്ചിലെ നെയിം സ്റ്റാറ്റസ് പറഞ്ഞു.

''അവിടെ അതാ ഒരാളുണ്ട്...'' -വിജയൻ കടമ്മനിട്ടയെ ചൂണ്ടിക്കാട്ടി. ടി.ടി. അവിടെയും അഭിവാദ്യമർപ്പിച്ചു.

മല കലങ്ങിവരുന്ന നദിപോൽ കുറത്തിയെത്തുന്നു...

...ഞാൻ ചാർട്ടുകണ്ടു. ടി.ടി. കടമ്മനിട്ടയോടു പറഞ്ഞു: ''ഇതല്ലല്ലോ സീറ്റ്? സാരമില്ല''

അപ്പോൾ ഒളിച്ചുവെച്ച കളവുമുതലെന്നപോലെ സീസൺ ടിക്കറ്റായ എന്നെ, വിജയൻ മുഖംതിരിക്കാതെ നോക്കി. മൂക്കിനുതാഴെ നടന്നുകൊണ്ടിരിക്കുന്ന മഹാപരാധം എന്തായിത്തീരുമോ. സമ്പർക്കത്തിലുള്ളവരും പ്രതികളാവുമോ, ഭരണഘടനയ്ക്ക് മുഖാമുഖം നിൽക്കുകയല്ലേ... എന്നാവാം വിജയൻ ചിന്തിക്കുന്നത്

''നോവൽ ഞാൻ മുടങ്ങാതെ വായിക്കുന്നുണ്ട്'' -മറ്റൊന്നും നിനയ്ക്കാതെ ടി.ടി. അറിയിച്ചു. ഗുരുസാഗരം നോവൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഖണ്ഡശ്ശഃ വന്നുകൊണ്ടിരിക്കുന്ന കാലമാണ്.

''പാസ് മാർക്ക് കിട്ടുമോ?'' -വിജയൻ ചോദിച്ചു.

''നല്ല ചോദ്യം. ഇതിൽ വിജയൻസാറിനെത്തന്നെയാണല്ലോ കുഞ്ഞുണ്ണിയായി വരയ്ക്കുന്നത്?''

''അതൊക്കെ എ.എസ്സിന്റെ വികൃതിയല്ലേ'' -വിജയൻ പറഞ്ഞു.

''അതല്ല. കഥയിൽ ആത്മാംശമുണ്ടെന്നു തോന്നി'' -ടി.ടി.യിലെ സാഹിത്യനിരൂപകൻ ഉണർന്നു. ''രവിയും പരാശരനും കുഞ്ഞുണ്ണിയും ഒരാൾതന്നെയല്ലേ?''

''വേണമെങ്കിൽ പറയാം'' -അവിചാരിതമായി അവതരിച്ച നോവൽച്ചർച്ചയിൽ പ്രസാദിച്ച് വിജയൻ തുള്ളിതുള്ളിയായി പറഞ്ഞു:

''അന്വേഷണം വ്യത്യസ്തമാണ്. രവി ഒറ്റയാൻ അന്വേഷകനാണ്. ശിക്ഷണമില്ലാത്ത അലച്ചിൽ. പരാശരൻ ആരായുന്നു; ഗുരുവിനെ കണ്ടെത്തുന്നു. കുഞ്ഞുണ്ണി ഗുരുവിനെ കണ്ടെത്തുകയല്ല, പ്രകൃതിയിൽനിറഞ്ഞ ഗുരുത്വത്തെ കണ്ടെത്തി മുക്തനാവുകയാണ്''.

''ഖസാക്കിൽ രവി ചൊല്ലുന്ന ഒരു ശ്ലോകമുണ്ടല്ലോ. അതിൽനിന്ന് പരാശരനിലൂടെ കുഞ്ഞുണ്ണിയിലേക്കൊരു പരിണാമം നോവലിൽ തോന്നി'' -ടി.ടി.യും നിസ്സാരക്കാരനായിരുന്നില്ല. മീശയിൽനിന്നാണ് ചിന്തകൾ ഉദ്ഭവിക്കുന്നതെന്നപോലെ മീശയുടെ തന്ത്രികളിൽ വിരൽമീട്ടിക്കൊണ്ടാണ് ടി.ടി.യുടെ സാഹിത്യനിരൂപണം.

''മിസ്റ്റിക് ഹീറോ നായകസങ്കല്പമെന്നു പറയാം'' -വിജയൻ അഭിമുഖകാരനോടെന്നോണം വിശദീകരിച്ചു. ''മാർക്കേസ് പറഞ്ഞിട്ടുണ്ടല്ലോ അവരുടെ നായകസങ്കല്പം വ്യത്യസ്തമാണെന്ന്. അത് ലാറ്റിനമേരിക്കയുടെ വ്യക്തിത്വമാണ്. സാത്വികനും ആത്മാനുഭാവമുള്ളവനുമായ കഥാനായകസങ്കല്പമാണ് നമുക്ക്. ഗുരുസാഗരത്തിൽ അതിനാണ് ശ്രമിച്ചത്''

''കുഞ്ഞുണ്ണി വാർ റിപ്പോർട്ടറല്ലേ?'' -കടമ്മനിട്ട ചോദിച്ചു.

''പ്രൊസസ് ഓഫ് ഹീറോ ഭാരതീയമാണ്. യുദ്ധം വ്യക്തിയിലൂടെ എന്നതാണ് ഗുരുസാഗരത്തിൽ വരുന്നത്'' -വിജയൻ പറഞ്ഞു.

ടി.ടി.യെ വേഗം പറഞ്ഞയക്കാനാവാം വിജയന്റെ സഹായി ഷണ്മുഖൻ രണ്ടു ടിക്കറ്റുകൾ നീട്ടി. പക്ഷേ, ടിക്കറ്റു പരിശോധനയ്ക്കുള്ള മൂഡിലായിരുന്നില്ല അപ്പോൾ അയാൾ. കോട്ടഴിച്ച്, ട്രാവൽഷീറ്റും മറ്റ് മാരകായുധങ്ങളും സീറ്റിൽവെച്ച് സ്വതന്ത്രമായ സാഹിത്യചർച്ചയിലാണ്. എങ്കിലും ഔദ്യോഗികതയെ കൈനീട്ടിവിളിച്ച പൊരുളിന്റെ സാന്ധ്യപ്രജ്ഞയിൽ ഷൺമുഖന്റെ ടിക്കറ്റുകളിൽ കോറിവരച്ച് തിരിച്ചുകൊടുത്തു സംഭാഷണത്തിലേക്കുതന്നെ കൂപ്പുകുത്തി. അപൂർവമായ അവസരങ്ങൾ വെറുതേ കളയരുതല്ലോ എന്ന ഭാവം. ഗുരുസാഗരം അതുവരെ വായിച്ചതെല്ലാം ടി.ടി.ക്കു മനഃപാഠമാണെന്നു തോന്നിച്ചു. കടമ്മനിട്ട ഉറക്കം തൂങ്ങി.

''നോവലിൽ മാനസികപ്രശ്‌നങ്ങളെ ആത്മീയഭാവങ്ങളാക്കിമാറ്റുന്നത് എനിക്കിഷ്ടമായി'' -അദ്ദേഹം നിരൂപിച്ചു.

''ആ ഭാഗം ഏതാണ്?'' -വിജയൻ താത്പര്യപൂർവം ആരാഞ്ഞു.

''പട്ടാളക്കാരൻ തന്റേതെന്നു കരുതുന്ന കുഞ്ഞ് തന്റേതല്ലെന്നറിയുന്ന ഒരു രംഗമുണ്ടല്ലോ''

''കല്യാണിയുടെ മരണക്കിടക്കയിൽവെച്ച് കല്യാണി കുഞ്ഞുണ്ണിയുടെ മകളല്ല മറിച്ച് സുഹൃത്തായ ശിവാനിയുടെ മകളാണ് എന്നു പറയുന്നല്ലോ. അപ്പോൾ കുഞ്ഞുണ്ണി പറയില്ലേ, തന്റെ ഗുരു മകളാണെന്ന്''

''അതെ, ഉവ്വ്'' -ശരിവെച്ച് വിജയൻ കണ്ണടയ്ക്കിടയിലൂടെ കടമ്മനിട്ടയെ നോക്കി. എന്തെങ്കിലും ഇടപെടൽ നടത്തുന്നുണ്ടോ?

കടമ്മനിട്ട ഒന്നും പറയാതെ സീറ്റിൽ ചമ്രംപടിഞ്ഞിരുന്ന് ടി.ടി.യുടെ ആസ്വാദനം കേൾക്കുകയാണ്. ഖസാക്കിന്റെ നിഴൽ വിജയൻകൃതികളിൽ പൊതുവേയുള്ളതുപോലെ ഗുരുസാഗരത്തിലുമുണ്ടെന്നും തീവ്ര ആത്മീയത നോവൽവായനയെ ചിലയിടങ്ങളിൽ തടസ്സപ്പെടുത്തുന്നുണ്ടെന്നും എനിക്കഭിപ്രായമുണ്ടെങ്കിലും പറഞ്ഞില്ല. ഞാനിപ്പോൾ ഒളിവിലാണ്. റിസർവേഷനിലെ സീസൺ ടിക്കറ്റ് എന്ന വംശീയപ്രശ്‌നം എപ്പോൾ വേണമെങ്കിലും ഉയർന്നുവരാനുമിടയുണ്ട്. മൗനം ഭജ ബുദ്ധിമതേ...

എന്നിട്ടും അതു സംഭവിച്ചു. കടമ്മനിട്ടയുടെ ഉദാസീനതയും എന്റെ മൗനവും വിജയനെ അസ്വസ്ഥനാക്കിയെന്നു തോന്നുന്നു. അതിനൊരു വിച്ഛേദം ആഗ്രഹിച്ചിട്ടെന്നപോലെ പെട്ടെന്ന് വിജയൻ എന്നെച്ചൂണ്ടി പറഞ്ഞു:

''ഇയാൾക്ക് ടിക്കറ്റില്ല കേട്ടോ... എനി പ്രോബ്ലം?'' ടി.ടി. എന്നെ ശ്രദ്ധിച്ചുനോക്കി.

''കള്ളവണ്ടിയല്ല, ടിക്കറ്റുണ്ട്. സീസണാണെന്നു മാത്രം.'' -ഞാൻ സീസൺ ടിക്കറ്റു കാണിച്ചു.

''ഒന്നുമല്ല..., ഞങ്ങൾ ജനറലിലായിരുന്നു'' -കടമ്മനിട്ട എന്റെ ചുമലിൽ കൈവെച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ''ഷൊർണൂരുനിന്ന് വിജയനെ കണ്ടപ്പോൾ വട്ടംകൂടി ഇതിൽ കയറിയെന്നു മാത്രം''

''നിങ്ങൾ ഒന്നിച്ചല്ലേ?''

''അതെ...''

''ദെൻ നോ പ്രോബ്ലം. എല്ലാവരും കോഴിക്കോട്ടേക്കാണോ?''

''ഞാൻ തിരൂരിറങ്ങും'' -കടമ്മനിട്ട പറഞ്ഞു.

''ഞാനും തിരൂരിറങ്ങും. വേറെ ടി.ടി. വരും'' -പുരുഷോത്തമൻ ടി.ടി. പറഞ്ഞു. അതുകേട്ട് വിജയൻ വീണ്ടും ഒന്നു നടുങ്ങി.

അപ്പോൾ ഇയാളെ പിടിക്കില്ലേ? അത് എന്നെയും ബാധിച്ചാലോ എന്ന ഭയമായി വിജയന്

''ഞാൻ ഇറങ്ങി ജനറലിൽ കയറിക്കോളാം. പ്രശ്‌നമില്ല'' -ഞാൻ കടമ്മനിട്ടയോടു പറഞ്ഞു.

അവിടെ അധികപ്പറ്റായിരിക്കാൻ ഞാനാഗ്രഹിച്ചില്ല. കടമ്മനിട്ട വിളിച്ചതുകൊണ്ടും ആദ്യമായി വിജയനൊപ്പമുള്ള ഒരു യാത്ര തരപ്പെട്ടതുകൊണ്ടും ഇതിൽ കയറിയെന്നു മാത്രം. പ്രബന്ധവശാൽ സിമിയെ പേടിച്ചിരിക്കുന്ന വിജയന് മറ്റൊരു സീസൺടിക്കറ്റു പേടികൂടി വേണ്ടല്ലോ.

''ഇറങ്ങണ്ട. നിങ്ങളൊന്നിച്ച് സംസാരിച്ച് യാത്രചെയ്യൂ'' -സാഹിത്യപ്രണയിയായ പുരുഷോത്തമൻ ടി.ടി. അനുവദിച്ചു.

''ഈ സീറ്റിൽ ഇനി കോഴിക്കോട്ടുനിന്നേ റിസർവേഷനുള്ളൂ. മാറുന്ന ടി.ടി.യോട് ഞാൻ പറഞ്ഞേക്കാം. അപ്പോൾ ശുഭയാത്ര...''

കോട്ടും ഷീറ്റും മാരകായുധങ്ങളുമെല്ലാം എടുത്ത് ടി.ടി. മറ്റു യാത്രക്കാർക്കുനേരേ തിരിഞ്ഞപ്പോൾ കടമ്മനിട്ട ചോദിച്ചു:

''പുള്ളി സാഹിത്യ അക്കാദമീന്ന് ഡെപ്യൂട്ടേഷനാണോ... എന്നാ ഡീകൺസ്ട്രക്ഷനാ കുഞ്ഞേ...''

''ഇത്ര പ്രതീക്ഷിച്ചില്ല. പ്രതീക്ഷിച്ചവരാരും പറഞ്ഞുമില്ല...'' -വിജയനു നേരിയ പരാതി.

''ഞാൻ രഘുവിനെ ഡിസ്റ്റർബു ചെയ്‌തോ?'' -പിന്നാലെ വിജയൻ ചോദിച്ചു.

''പിന്നില്ലാതെ? ഇതൊക്കെ ഒരു വിജയൻ ക്യാരക്ടറാണ്'' -കടമ്മനിട്ട പറഞ്ഞു. ''വിജയനു ടിക്കറ്റുണ്ടല്ലോ. പിന്നെന്ത്. ഇയാളെ പിടിക്കുകയോ ഇറക്കിവിടുകയോ തൂക്കിക്കൊല്ലുകയോ ചെയ്യട്ട്...''

അല്ല കടമ്മൻ... വിജയനൊന്നു വിരണ്ടു: ''ഇതൊക്കെ ഒഴിവാക്കാൻ പറഞ്ഞതല്ലേ. റെയിൽവേ റൂൾസാർ സോ ക്രൂവൽ...''

''അതൊക്കെ അറിയാം. ടി.ടി. പറഞ്ഞില്ലേ. ഇയാൾ ഇറങ്ങേണ്ടെന്ന്. പിന്നെന്തോന്ന് പ്രോബ്ലം...'' -കടമ്മനിട്ടയുടെ മുഖം ചുവന്നു.

വിജയന് തത്കാലം ശമനമായെങ്കിലും മറ്റൊരുഘട്ടത്തിൽ ഈ ക്യാരക്ടർ വീണ്ടും പൊങ്ങിവരുമെന്ന് എനിക്കറിയാമായിരുന്നു. അതിനുള്ള വകുപ്പ് ഗുരുസാഗരത്തിന്റെ കഴിഞ്ഞൊരു ലക്കത്തിൽ വിജയൻ സൃഷ്ടിച്ചിട്ടുണ്ടല്ലോ.

'നോക്കൂ അച്ഛാ, ആ പോത്തിനെ അടിക്കണ കണ്ടോ? കുഞ്ഞുണ്ണി ചോദിച്ചു. മോനെ ശ്രദ്ധിച്ചോളൂ. വലത്തേ പോത്തിനാ അടി മുഴോനും'

'അതെന്താ അച്ഛാ'

'വലത്തേ കയ്യിലല്ലേ വണ്ടിക്കാരന്റെ മുടിക്കോല്'

'വലത്ത് എന്നും ഒരേ പോത്തന്ന്യാവോ അച്ഛാ'

'അതങ്ങനേ വരൂ, അച്ഛൻ പറയുന്നു. അതിന്റെ കർമ്മഫലം ഏറ്റുവാങ്ങാൻ അതവടെ വന്നല്ലേ പറ്റൂ'

പോത്തിനെപ്പോലെ അങ്ങനെ മാറിക്കയറാത്ത എനിക്കുമാശ്വസിക്കാം. കർമഫലം ...ദുഃഖിക്കാനുള്ള ജന്മവാസന കൊണ്ടുമാത്രം മനുഷ്യൻ വെറുതേ വെറുതേ പിന്നേയും ഓർമ്മിക്കുന്നുവെന്നും വിജയൻ എഴുതിയിട്ടുണ്ടല്ലോ. കർമഫലപ്രകാരം വീണ്ടും യാത്രതുടർന്നു. കരിമ്പനകൾ ക്രമേണ അദൃശ്യമായി...