
കൊച്ചി: ''കുട്ടിക്കാലത്ത് ഉയര്‍ന്ന ജാതിക്കാരായ കുട്ടികള്‍ ക്ലാസിന് പുറത്ത് ചെരുപ്പഴിച്ചിടുന്ന സ്ഥലത്തിരുന്നാണ് ഞാന്‍ പഠിച്ചത്. ജീവിതത്തില്‍ അങ്ങനെ ഒട്ടേറെ അനുഭവങ്ങള്‍...അണയാത്ത കനലു പോലെയാണത്...''-ശരണ്‍ കുമാര്‍ ലിംബാളെയുടെ വാക്കുകളില്‍ ഒരു ജനതയുടെ സങ്കടങ്ങളുണ്ട്.
നോവലിസ്റ്റും കവിയും വിമര്‍ശകനുമൊക്കയായ ശരണ്‍കുമാര്‍ ലിംബാളെ 1956-ല്‍ മഹാരാഷ്ട്രയിലെ ഷോലാപൂരിലാണ് ജനിച്ചത്. മറാത്തി ദലിത് സാഹിത്യത്തെ കുറിച്ച് ഡോക്ടറേറ്റ് എടുത്തു. യശ്വന്ത് റാവു ചവാന്‍ മഹാരാഷ്ട്ര ഓപ്പണ്‍ സര്‍വകലാശാലയില്‍ പബ്ലിക്കേഷന്‍ വിഭാഗത്തില്‍ അസിസ്റ്റന്റ് എഡിറ്ററായി. അവിടെ നിന്ന് ഡയറക്ടറായാണ് വിരമിച്ചത്.
'മാതൃഭൂമി' പ്രസിദ്ധീകരിച്ച അക്കര്‍മാശി, ബഹുജനം, ബഹിഷ്‌കൃതര്‍ എന്നിവ ഉള്‍പ്പെടെ 40 പുസ്തകങ്ങള്‍ എഴുതി. സരസ്വതി സമ്മാന്‍ ഉള്‍പ്പടെയുള്ള പുരസ്‌കാരങ്ങള്‍ ലഭിച്ചു. കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയ അദ്ദേഹം സംസാരിക്കുന്നു:
എഴുതുന്നത് ജീവിതം
എനിക്ക് എവിടെയിരുന്നും എഴുതാനാകും. ഏകാന്തതയോ അന്തരീക്ഷമോ ഒന്നും വേണ്ട. കാരണം എന്റെ ദുരിതാനുഭവങ്ങളല്ലേ എഴുതുന്നത്. ജാതിയുടെ നുകത്തിനു താഴെ പെട്ടുപോയവരെ കുറിച്ചാണത്. ആസാദി കാ അമൃത് മഹോത്സവത്തിനിടെയാണ് കിണറ്റില്‍നിന്ന് വെള്ളമെടുത്തെന്ന കാരണം പറഞ്ഞ് ഒരു കുട്ടിയെ മേല്‍ജാതിക്കാര്‍ തല്ലിക്കൊല്ലുന്നത്.
പൊതുവേ, 75 വര്‍ഷങ്ങള്‍ക്കിടെ ചില മാറ്റങ്ങളുണ്ട്. എന്നാല്‍ വേഗവും കുറവാണ്. .
രാഷ്ട്രീയനിലപാടുകള്‍
എന്റെ രാഷ്ട്രീയം പേനയിലൂടെ ഞാന്‍ പറയുന്നുണ്ട്. സരസ്വതി സമ്മാനം കിട്ടിയ ശേഷം എന്റെ ലെവല്‍ മാറി. മന്ത്രിമാരും എം.എല്‍.എ. മാരും വേദിയില്‍ ഒപ്പമിരിക്കാന്‍ വരുന്നു. ഈ മനുഷ്യന്‍ ഞങ്ങളുടെ ഒപ്പമാണ് എന്ന് കാണിക്കാനാണ് അവര്‍ക്കു താത്പര്യം.
മായാത്ത ജാതി
നിയമം, വിദ്യാഭ്യാസം, നഗരവത്കരണം തുടങ്ങിയവ ജാതിയെ കുറെയൊക്കെ മായ്ച്ചിട്ടുണ്ട്. സംവിധാനം മാറിയിട്ടുണ്ട്. പക്ഷേ, പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഉള്ളില്‍ ജാതി ചിന്തയുടെ ഇരുട്ടുണ്ട്. ഞാന്‍ ഹിന്ദുമതത്തിലാണ് പിറന്നത്. പക്ഷേ, മതത്തിലോ ദൈവത്തിലോ വിശ്വസിക്കുന്നില്ല.
മുര്‍മു മാത്രം പോര
ഹിന്ദുത്വവാദികളും ഇപ്പോള്‍ ദലിത് സമൂഹത്തെ ഒപ്പം കൂട്ടാന്‍ ശ്രമിക്കുന്നുണ്ട്. ആര്‍.എസ്.എസ്. അതിനായി സാമാജിക് സമരസതാ മഞ്ച് മുന്‍പേ തുടങ്ങി. എന്നാല്‍ ദ്രൗപതി മുര്‍മു രാഷ്ട്രപതിയായതോടെ എല്ലാ പിന്നാക്കക്കാര്‍ക്കും നീതി കിട്ടിയെന്ന് പറയാനാകില്ല. കുറേ പിന്നാക്കക്കാരായ ബി.ജെ.പി. മന്ത്രിമാര്‍ വന്നതു കൊണ്ടോ മായാവതി വന്നതുകൊണ്ടോ അതായില്ല. എല്ലാവര്‍ക്കും നീതി കിട്ടണം.
Content Highlights: Sarankumar Limbale, Dalit Literature, Mathrubhumi
Published: 18 Dec 2022, 03:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented