ഷാർജ: യു.എ.ഇ. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി തന്റെ പുസ്തകം പ്രകാശനം ചെയ്തതിന്റെ ആഹ്‌ളാദത്തിലാണ് കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപൻ.

To advertise here,

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ആദ്യമായാണ് ഒരു മലയാളിയുടെ പുസ്തകം ശൈഖ് സുൽത്താൻ പ്രകാശനം ചെയ്യുന്നത്. അമ്മമാർക്കുള്ള ആദരമാണ് ഈ മുഹൂർത്തമെന്ന് ടി.എൻ. പ്രതാപൻ പറഞ്ഞു.

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്കൊപ്പമെത്തി ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിക്ക് 'അമ്മേ അനുപമ സൗന്ദര്യമേ' എന്ന തന്റെ പുസ്തകം സമ്മാനിക്കാനായിരുന്നു എ.ഐ.സി.സി. സെക്രട്ടറി ടി.എൻ പ്രതാപന്റെ ആഗ്രഹം. പക്ഷേ, കൂടിക്കാഴ്ചയിൽ എം.എ. യൂസഫലിയിൽനിന്ന് പുസ്തകം ഏറ്റുവാങ്ങി ശൈഖ് സുൽത്താൻ പ്രകാശനം നിർവഹിച്ചു. 

പുസ്തകപ്രകാശനത്തിനായി സജ്ജീകരിച്ച ചടങ്ങിൽ എം.എ. യൂസഫലിയാണ് ഷാർജ ഭരണാധികാരി പുസ്തകം പ്രകാശനം ചെയ്ത വിവരം അറിയിച്ചത്.

പൂ ചോദിച്ചപ്പോൾ പൂന്തോട്ടം കിട്ടിയതിന്റെ സന്തോഷമായിരുന്നു തനിക്കെന്നായിരുന്നു ടി.എൻ. പ്രതാപന്റെ പ്രതികരണം. സ്വന്തം മാതാവടക്കം അറിയപ്പെടുന്നവരും അല്ലാത്തവരുമായ അമ്മമാരെക്കുറിച്ചുള്ളതാണ് പ്രതാപന്റെ പുസ്തകം. അമ്മയെക്കുറിച്ച് നേരത്തേ എഴുതിയ ഗസലിന്റെ വരികളാണ് പുസ്തകത്തിന്റെ തലക്കെട്ടായി ചേർത്തത്. എം.എ. സലീം, വി.ടി. സലീം, രവി ഡി.സി., മോഹൻകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

അടുത്ത പുസ്തകം സങ്കടങ്ങൾ അനുഭവിക്കുന്ന ഭാര്യമാരെ കുറിച്ചായിരിക്കുമെന്നും ടി.എൻ. പ്രതാപൻ പറഞ്ഞു.