ഈ ശേഖരത്തെക്കുറിച്ചറിയാവുന്ന ചില എഴുത്തുകാരൊക്കെ ഇവിടെവന്ന് പഴയ ആഴ്ചപ്പതിപ്പുകള്‍ റഫറന്‍സിനായും മറ്റും ഉപയോഗിക്കും.

വടകര: പുതുപ്പണം അരവിന്ദ് ഘോഷ് റോഡിനു സമീപം കോറോത്ത് താഴ ഇ.കെ. കുഞ്ഞികൃഷ്ണക്കുറുപ്പിന്റെ വീട്ടിലൊരു മുറിയുണ്ട്. 1965 മുതലുള്ള മാതൃഭൂമി ആഴ്ചപ്പതിപ്പുകളുടെ മുറി. ഒരു പോറലുമേൽക്കാതെ, പേജൊന്നുപോലും കീറാതെ കുഞ്ഞികൃഷ്ണക്കുറുപ്പ് ഈ മുറിയിൽ സൂക്ഷിക്കുന്നത് നൂറുകണക്കിന് ആഴ്ചപ്പതിപ്പുകൾ, ഓണപ്പതിപ്പുകൾ... ഇതിൽ മലയാളത്തിലെ മുടിചൂടാമന്നൻമാരായ എഴുത്തുകാരുടെ ആദ്യകാല സൃഷ്ടികളുണ്ട്, മലയാളം ആഘോഷിച്ച നോവലുകളും കഥകളും കവിതകളുമുണ്ട്... എന്തിനാണ് ഇവ സൂക്ഷിച്ചുവെക്കുന്നതെന്ന് ചോദിച്ചാൽ അദ്ദേഹത്തിന്റെ ഉത്തരം ഇങ്ങനെ-
''ചെറുപ്പം മുതൽ മാതൃഭൂമി ആഴ്ചപ്പതിപ്പ് വായിക്കുന്നുണ്ട്. അന്നുതൊട്ട് വല്ലാത്തൊരു ബന്ധം ആഴ്ചപ്പതിപ്പുമായുണ്ട്. അതിലെ പേജ് കീറുന്നതുപോലും ഇഷ്ടമല്ല.'' ഒരിക്കൽ മകൻ ആഴ്ചപ്പതിപ്പിന്റെ കവറെടുത്ത് പുസ്തകത്തിന് പൊതിയിട്ടപ്പോൾ, അത് തിരിച്ചെടുത്ത് ആഴ്ചപ്പതിപ്പിൽ തുന്നിച്ചേർത്തിട്ടുണ്ട് ഇദ്ദേഹം.
ചെറുപ്പത്തിൽത്തന്നെ അച്ഛൻ മരിച്ചതോടെ പതിമൂന്നാം വയസ്സിൽ കുഞ്ഞികൃഷ്ണക്കുറുപ്പിന് പഠനം നിർത്തേണ്ടിവന്നു. പിന്നെ കുടുംബത്തെ നയിക്കാൻ വടകരയിൽ വക്കീൽ ഗുമസ്തപ്പണി തുടങ്ങി. ആ ജോലിയിൽനിന്ന് കിട്ടിയ തുച്ഛമായ ആദ്യവരുമാനവുംകൊണ്ട് വീട്ടിലേക്ക് പോകുമ്പോൾ കൈയിൽ മാതൃഭൂമി പത്രവും ആഴ്ചപ്പതിപ്പും ഉണ്ടായിരുന്നു. അന്നു തുടങ്ങിയതാണ് മാതൃഭൂമിയുമായുള്ള ബന്ധം. പ്രധാനപ്പെട്ട വാർത്തകളുള്ള പത്രങ്ങളും സൂക്ഷിച്ചുവെച്ചിരുന്നു.
പക്ഷേ, എല്ലാംകൂടി സൂക്ഷിച്ചുവെക്കാൻ ഇടമില്ലാതായതോടെ ചായ്പിലായി ഇവയുടെ സ്ഥാനം. പത്രങ്ങളും മറ്റും ചിതലരിച്ചും മഴനനഞ്ഞും നശിച്ചു. ആഴ്ചപ്പതിപ്പുകളെ വീട്ടിനുള്ളിൽ സൂക്ഷിച്ചതിനാൽ നശിച്ചില്ല. ഇതിനിടെ വീടുമാറി പുതിയസ്ഥലത്ത് താമസം തുടങ്ങിയപ്പോഴും ഇവയെ കൈവിട്ടില്ല. പുതിയവീട്ടിലേക്ക് ആദ്യമെത്തിയത് ആഴ്ചപ്പതിപ്പുകളാണ്. ഇവയ്ക്കായി മുകൾനിലയിൽ ഒരു കുഞ്ഞുമുറി പണിതു. ഓരോ വർഷവും ഇവയെല്ലാം പുറത്തെടുത്ത് പൊടിതട്ടി, നനവോ ചിതലോ ഉണ്ടെന്ന് പരിശോധിച്ച്, വെയിലത്തിട്ടശേഷം തിരികെ ഭദ്രമായി വെക്കും. ഈ ശേഖരത്തെക്കുറിച്ചറിയാവുന്ന ചില എഴുത്തുകാരൊക്കെ ഇവിടെവന്ന് പഴയ ആഴ്ചപ്പതിപ്പുകൾ റഫറൻസിനായും മറ്റും ഉപയോഗിക്കും.
കുഞ്ഞികൃഷ്ണക്കുറുപ്പിന്റെ രണ്ടു മക്കൾ എഴുത്തുകാരാണ്. ബിജു പുതുപ്പണവും ബിനീഷ് പുതുപ്പണവും. ഇവർക്ക് സ്വന്തം വഴി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിലേക്ക് നയിച്ചതിലും ആഴ്ചപ്പതിപ്പിന് പങ്കുണ്ടെന്ന് ഇദ്ദേഹം പറയുന്നു. ആഴ്ചപ്പതിപ്പ് വായിച്ചാണ് ഇവരും വളർന്നത്. കൂടാതെ രണ്ടുപേരുടെയും ആദ്യസൃഷ്ടികൾ പ്രസിദ്ധീകരിച്ചതും ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയിലാണ്. അത് മറ്റൊരു സന്തോഷം. ചെറുപ്പം മുതൽ വായനയെ ജീവിതത്തിന്റെ ഭാഗമാക്കിയ കുഞ്ഞികൃഷ്ണക്കുറുപ്പ് എൺപതാം വയസ്സിലും ആഴ്ചപ്പതിപ്പ് വായന മുടക്കില്ല. ഗുമസ്തപ്പണിയും തുടരുന്നു. ഭാര്യ പത്മാവതിയും ആഴ്ചപ്പതിപ്പ് സൂക്ഷിക്കുന്നതിൽ ഒപ്പമുണ്ട്. ഇ.കെ. ബിന്ദു മകളാണ്.
Published: 09 Nov 2026, 12:03 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented