ലക്ഷ്മൺ ഗെയ്ക്‌വാദ് വർഷങ്ങളായി നടത്തി വന്നിരുന്ന പ്രഫുൽ ഫാസ്റ്റ് ഫുഡുമായി ബന്ധപ്പെട്ട വാടക കുടിശ്ശിക റിക്കവറിയുടെ (ആർ.ആർ.സി.) ഭാഗമായാണ് ജപ്തി നോട്ടീസ്.

മുംബൈ: കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ‘ഉച്ചല്യ’യുടെ കഥാകാരൻ ലക്ഷ്മൺ ഗെയ്ക്‌വാദിന്റെ ഫ്ളാറ്റ് ജപ്തി ചെയ്യാൻ കളക്ടറുടെ നോട്ടീസ്. മുംബൈയിലെ ഗൊരേഗാവ് ഈസ്റ്റിലെ ഫിലിംസിറ്റി റോഡിലുള്ള അനന്ദ ഓംകാർ ടവർ കെട്ടിടത്തിൽ ലക്ഷ്മൺ ഗെയ്ക്‌വാദ് താമസിക്കുന്ന എ/1304 എന്ന ഫ്ലാറ്റാണ് ജപ്തി നടപടി നേരിടുന്നത്.
ഗൊരേഗാവിൽ മഹാരാഷ്ട്ര ഫിലിം, സ്റ്റേജ് ആൻഡ് കൾച്ചറൽ ഡിവലപ്മെന്റ് കോർപ്പറേഷന്റെ കീഴിലുള്ള ഫിലിം സിറ്റിയിൽ ലക്ഷ്മൺ ഗെയ്ക്‌വാദ് വർഷങ്ങളായി നടത്തി വന്നിരുന്ന പ്രഫുൽ ഫാസ്റ്റ് ഫുഡുമായി ബന്ധപ്പെട്ട വാടക കുടിശ്ശിക റിക്കവറിയുടെ (ആർ.ആർ.സി.) ഭാഗമായാണ് ജപ്തി നോട്ടീസ്.
ഉച്ചല്യ സമുദായത്തിൽ ജനിച്ച ലക്ഷ്മൺ ഗെയ്ക്‌വാദിന് നേരിടേണ്ടിവന്ന അനുഭവങ്ങളുടെ വെളിച്ചത്തിൽ രചിച്ച ആത്മകഥാംശമുള്ള നോവലാണ് 1988-ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ‘ഉച്ചല്യ’ എന്ന എന്ന പ്രശസ്ത മറാഠി നോവൽ. ഉച്ചല്യ എന്നാൽ ‘കണ്ണിൽപ്പെട്ടതെല്ലാം കട്ടുകൊണ്ട് പോകുന്നവൻ’ എന്നാണർഥം. അക്കാദമി അവാർഡിന് പുറമെ മഹാരാഷ്ട്ര ഗൗരവ് പുരസ്‌കാരം അടക്കം മറ്റു പല പുരസ്കാരങ്ങളും ഈ കൃതിക്ക് ലഭിച്ചു. ഇംഗ്ലീഷിൽ ദി ബ്രാന്റഡ് എന്ന പേരിലും മലയാളത്തിലടക്കം ഇരുപത്തിരണ്ടോളം ഇതര ഭാഷകളിലും പരിഭാഷകളുണ്ട്.
ചീനി മാഠിചി ദിവസ്, സമാജ് സാഹിത്യ ആണി സ്വാതന്ത്ര്യ, വഡാർ വേദന, ഉഠാവ്, ഹീ സ്വാതന്ത്ര്യ കോണാസാഠി, വക്കീല്യാ പാർധി, ബുദ്ധാച്ചി വിപാസന, ദുഭംഗ്, അംബേദ്കറാൻചി ജീവൻ ആണി കാര്യ, ഗാവ് കുസ ബാഹേരി മാൻസ എന്നിങ്ങനെ കൃതികളും അദ്ദേഹത്തിന്റേതായിട്ടുണ്ട്.
ജപ്തി നോട്ടീസ് അന്യായവും മനുഷ്യത്വരഹിതവുമാണെന്നും സർക്കാരിന്റെ അംഗീകാരം നേടിയിട്ടുള്ള എഴുത്തുകാരനെ അപമാനിക്കാനും ജീവിതം വഴിമുട്ടിക്കാനുമുള്ള ഗൂഢാലോചനകളുടെ ഭാഗമാണെന്നും ലക്ഷ്മൺ ഗെയ്ക്‌വാദ് മാതൃഭൂമിയോടു പറഞ്ഞു.
Content Highlights: Laxman Gaikwad, the legendary Marathi author of the path-breaking novel 'Uchalya' (The Branded), has been served a seizure notice by the Mumbai Collector for his Goregaon flat due to rental arrears related to a fast-food stall he ran at Film City. The author has termed the move a "conspiracy" to humiliate him.
Published: 01 May 2026, 07:36 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented