
ന്യൂഡൽഹി: കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്ന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റി വച്ചു. അവാർഡിന് അർഹരായവരുടെ പട്ടികയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമിയുടെ എക്‌സിക്യുട്ടീവ് യോഗം അംഗീകാരം നൽകിയതിന് ശേഷമാണ് കേന്ദ്ര സർക്കാരിന്റെ ഇടപെടൽ.
കേന്ദ്ര സാഹിത്യ അക്കാദമിയുടെ ചരിത്രത്തിൽ ഇത് ആദ്യമായാണ് കേന്ദ്ര സർക്കാർ ഇടപെടലിനെ തുടർന്ന് അവാർഡ് പ്രഖ്യാപനം നീട്ടി വയ്ക്കുന്നത്.
വ്യാഴാഴ്ച രാവിലെ ഡൽഹിയിൽ ചേർന്ന കേന്ദ്ര സാഹിത്യ അക്കാദമിയുടെ എക്‌സിക്യൂട്ടീവ് യോഗമാണ് അവാർഡിന് അർഹരായവരുടെ പട്ടിക തയ്യാറാക്കിയത്. ഈ പട്ടിക കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന് കൈമാറിയിരുന്നു. തുടർന്ന് സാംസ്‌കാരിക മന്ത്രാലയം അവാർഡ് പ്രഖ്യാപനം നീട്ടി വയ്ക്കണം എന്ന് ആവശ്യപ്പെടുകയായിരുന്നു. സ്വയംഭരണ സ്ഥാപനം ആണെങ്കിലും അവാർഡ് പ്രഖ്യാപനത്തിന് മുമ്പായി പട്ടിക കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന് കൈമാറുന്ന പതിവുണ്ട്.
കേന്ദ്ര തീരുമാനത്തിന് പിന്നിൽ 'ഭരണപരമായ കാരണങ്ങൾ' - കെ.പി. രാമനുണ്ണി
'ഭരണപരമായ കാരണങ്ങൾ' ആണ് കേന്ദ്ര തീരുമാനത്തിന് പിന്നിൽ എന്ന് എഴുത്തുകാരൻ കെ.പി. രാമനുണ്ണി പറഞ്ഞു. അവാർഡിന് അർഹരായവരുടെ പേരിൽ അല്ല തർക്കം എന്നും കേന്ദ്ര സാഹിത്യ അക്കാദമിയുടെ എക്‌സിക്യൂട്ടീവ് അംഗമായ കെ.പി. രാമനുണ്ണി പറഞ്ഞു. വ്യക്തമായ കാരണം പറയാതെയാണ് ഇത്തരം ഒരു നടപടി. ആദ്യമായിട്ടാണ് കേന്ദ്രസർക്കാർ ഇങ്ങനെ ഒരു ഇടപെടൽ നടത്തുന്നത്. സ്വയംഭരണ സ്ഥാപനമാണ് സാഹിത്യ അക്കാദമി. അതിന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. വിഷയം പരിഹരിക്കാൻ കേന്ദ്രസർക്കാരുമായി അക്കാദമി സെക്രട്ടറി ചർച്ച നടത്തുന്നതായും കെ.പി. രാമനുണ്ണി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
ഷീല ടോമി (ആ നദിയോട് പേര് ചോദിക്കരുത്), ദേശമംഗലം രാമകൃഷ്ണൻ (അഷ്ടവക്രന്റെ വീണ്ടു വിചാരങ്ങൾ), കെ.വി. മോഹൻ കുമാർ (മഹായോഗി), എൻ. പ്രഭാകരൻ (മായമനുഷ്യർ), ബെന്യാമിൻ (നിശബ്ദ സഞ്ചാരങ്ങൾ), എം.വി. ജനനാർദ്ദനൻ (പെരുമലയൻ), ടി.ടി. ശ്രീകുമാർ (പോസ്റ്റു ഹ്യുമൻ വിചാര ലോകങ്ങൾ, ശാസ്ത്രം സൗന്ദര്യം, മൃത്യുരാഷ്ട്രീയം), വിജയലക്ഷ്മി (തമിഴ്പ്പാവ), കെ.എൽ. മോഹനവർമ്മ (കൊച്ചി), രവി വർമ്മ തമ്പുരാൻ (മുടിപ്പേച്ച്) എന്നിവരടങ്ങുന്ന എഴുത്തുകാരെയാണ് കേരളത്തിൽനിന്നും അവാർഡിനായി പരിഗണിച്ചതെന്നാണ് വിവരം.
Content Highlights: Sahitya Akademi Award announcement postponed for the first time in its history due to a Central Government request.
Published: 18 Dec 2025, 06:48 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented