ഷാര്‍ജ: എം.ടി. വാസുദേവന്‍ നായരുടെ ആരാധകനാണ് താനെന്ന് ഋഷിരാജ് സിങ് അഭിപ്രായപ്പെട്ടു. ഷാര്‍ജ പുസ്തകോത്സവത്തില്‍ പങ്കെടുക്കവെ സംസാരിക്കുകയായിരുന്നു അദ്ദേഹം. "എഴുത്തില്‍ എനിക്ക് എം.ടി. അത്ഭുതമാണ്, ഞാന്‍ എം.ടി. യുടെ ആരാധകനാണ്. വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികളും വായിച്ചിട്ടുണ്ട്" -അദ്ദേഹം പറഞ്ഞു. 

To advertise here,

അറിവിനെ ആഘോഷമാക്കുന്ന ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ കീര്‍ത്തിമുദ്രയാണെന്നും ഋഷിരാജ് സിങ് ഐ.പി.എസ്. പറഞ്ഞു. 

ഇവിടെയെത്തുമ്പോഴാണ് വായന ഇത്രയും ഗംഭീരമാണെന്ന് തിരിച്ചറിയുന്നത്. മലയാളികള്‍ക്ക് വായനയില്ലാത്ത ജീവിതമില്ല. കേരളത്തില്‍ വായനയെ കൂടുതല്‍ സജീവമാക്കേണ്ടിയിരിക്കുന്നുവെന്ന അഭിപ്രായവും അദ്ദേഹം പങ്കുവെച്ചു.

ഡല്‍ഹി പുസ്തകമേള ഇന്ത്യന്‍ ജനതയ്ക്ക് കൂടുതല്‍ വായനാവസരം നല്‍കുന്നുണ്ട്. കുട്ടികളില്‍ വായനയെ കൂടുതല്‍ പ്രോത്സാഹിപ്പിക്കണമെന്ന അഭിപ്രായമാണുള്ളത്. ഷാര്‍ജ മേളയിലും ആയിരക്കണക്കിന് വിദ്യാര്‍ഥികളെ ഒരുദിവസംതന്നെ കാണാന്‍ സാധിച്ചതും സന്തോഷകരമായ അനുഭവമാണ്. മലയാളത്തില്‍ തന്റെ കൃതിയും മാതൃഭൂമിയിലൂടെ വായനക്കാരിലെത്തിയിട്ടുണ്ടെന്നത് അഭിമാനമാണ്. മാതൃഭൂമി ബുക്‌സ് പുതിയ എഴുത്തുകാര്‍ക്ക് വലിയ പ്രോത്സാഹനവും നല്‍കുന്നുണ്ടെന്നും ഋഷിരാജ് സിങ് അഭിപ്രായപ്പെട്ടു. 

അമേരിക്കയിലുള്ള മകന്റെയടുത്തേക്ക് പോകുംവഴിയാണ് ഋഷിരാജ് സിങ് ഷാര്‍ജ പുസ്തകോത്സവത്തിലും പങ്കെടുത്തത്. അദ്ദേഹം മാതൃഭൂമി ബുക്‌സ് സ്റ്റാളും സന്ദര്‍ശിച്ചു.