കൊച്ചി: അഖില്‍ പി. ധര്‍മ്മജന്റെ എഴുതിയ നോവല്‍ 'റാം c/o ആനന്ദി'യുടെ വ്യാജപതിപ്പ് കണ്ടെത്തി. മറൈന്‍ ഡ്രൈവില്‍ നടന്ന ഗുണാകേവ് എക്‌സിബിഷന്‍ സെന്ററിലെ പുസ്തകസ്റ്റാളിലാണ് 'റാം c/o ആനന്ദി' എന്ന പുസ്തകത്തിന്റെ വ്യാജ പതിപ്പുകള്‍ പകര്‍പ്പവകാശ നിയമത്തിന് വിരുദ്ധമായി വില്‍ക്കുന്നതായി കണ്ടെത്തിയത്. തിരുവനന്തപുരം സ്വദേശികളാണ് സ്റ്റോള്‍ നടത്തിയിരുന്നത്. 

To advertise here,

വില്‍ക്കാന്‍വെച്ചിരുന്ന പത്ത് പുസ്തകങ്ങളില്‍ ഒന്‍പതെണ്ണം വ്യാജപതിപ്പാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ തിരുവനന്തപുരം പൂന്തുറ സ്വദേശി ഹബീബ് റഹ്മാന്‍ കസ്റ്റഡിയിലായിട്ടുണ്ട്. എറണാകുളം സെന്‍ട്രല്‍ പൊലീസിന്റേതാണ് നടപടി. 

എഴുത്തുകാരുടെയും പുസ്തകപ്രസാധന മേഖലയുടെയും അതിജീവനത്തിന് വെല്ലുവിളിയുയര്‍ത്തിക്കൊണ്ട് സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും ഇത്തരത്തില്‍ വ്യാജപുസ്തകങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നതിനെതിരെ ശക്തമായനടപടികളാണ് പൊലീസ് സ്വീകരിക്കുന്നത്. ഇന്ത്യന്‍ പകര്‍പ്പവകാശ നിയമപ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുക്കുന്നത്.

ജനപ്രീതിയാര്‍ജിച്ച പുസ്തകങ്ങളുടെ വ്യാജപതിപ്പുകള്‍ നിര്‍മിച്ച് വിതരണം ചെയ്യുന്നതായി നിരവധി പരാതികള്‍ ഉണ്ടാകാറുണ്ട്. ഈ സാഹചര്യത്തിലാണ്  'റാം c/o ആനന്ദി'യുടെ വ്യാജപതിപ്പ് കണ്ടെത്തിയിരിക്കുന്നത്.  'റാം C/O ആനന്ദി'യുടെ വ്യാജപതിപ്പ് പ്രചരിപ്പിക്കുന്നതിനെതിരെ എഴുത്തുകാരൻ അഖിൽ പി ധർമ്മജൻ നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നു. നോവല്‍ മുഴുവനായും സ്‌കാന്‍ ചെയ്ത് പി.ഡി.എഫ്. രൂപത്തിലാക്കി സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണെന്നായിരുന്നു പരാതി.

എവിടെനിന്നാണ് വ്യാജപതിപ്പുകള്‍ അച്ചടിച്ചതെന്നും ആരാണ് പുസ്തകം എക്‌സിബിഷന്‍ സെന്ററിലേക്ക് എത്തിച്ചതെന്നുമടക്കമുള്ള വിവരങ്ങള്‍ അന്വേഷിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.