എളിയ മനുഷ്യരുടെ ജീവിതത്തിൽ സംഗീതം ചെലുത്തുന്ന അപാരമായ സ്വാധീനത്തെക്കുറിച്ചും കാലം മറന്നുപോയ അർഹരായ കലാകാരന്മാരെ ചേർത്തുപിടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഓർമ്മിപ്പിച്ച് പ്രശസ്ത സംഗീത നിരൂപകനും എഴുത്തുകാരനുമായ രവിമേനോൻ. അന്താരാഷ്ട്ര സംഗീതദിനത്തിൽ കാക്കനാട് മാതൃഭൂമി ബുക്‌സിൽ 'പാട്ടുവഴിയോരത്ത്' എന്ന സാംസ്കാരിക കൂട്ടായ്മയുടെ ആദ്യപതിപ്പിൽ വായനക്കാരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.പാട്ടുകളുമായി ബന്ധപ്പെട്ട സങ്കീർണമായ സംശയങ്ങൾ ചോദിക്കാനും അഭിപ്രായങ്ങൾ പങ്കുവെക്കാനും പാതിരാത്രിയിൽ പോലും ആളുകൾ തന്നെ ഫോണിൽ വിളിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഒരിക്കൽ പുലർച്ചെ ഒരു മണിക്ക് അപരിചിതമായൊരു നമ്പറിൽ നിന്നുവന്ന ഫോൺ കോളിൽ എസ്.പി.ബി.യുടെയും യേശുദാസിന്റെയും ശ്വാസമടക്കി പാടാനുള്ള കഴിവിനെക്കുറിച്ച് ഒരു ആസ്വാദകൻ ചോദിച്ച അനുഭവം അദ്ദേഹം പങ്കുവെച്ചു.
ഓരോ പാട്ടിനും അതിന്റേതായ പ്രായവും സമയവും മാനസികാവസ്ഥയുമുണ്ടെന്നും ആളുകൾ തന്റെ വാക്കുകളും പുസ്തകങ്ങളും നെഞ്ചിലേറ്റുന്നത് തന്റെ കഴിവുകൊണ്ടല്ല, മറിച്ച് സംഗീതത്തോടുള്ള പ്രണയം കൊണ്ടാണെന്നും രവിമേനോൻ പറഞ്ഞു. പരിപാടിക്കിടയിൽ അദ്ദേഹം പാട്ടുപാടുകയും ചെയ്തു. ആർ.ജെ. അച്ചു അവതാരകയായി.

To advertise here,