ന്യൂഡൽഹി: ഗ്യാനേഷ് കുമാർ വിഷയത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ച നടത്താൻ പാർലമെന്റിൽനിന്ന് രാഷ്ട്രപതിഭവനിലേക്ക് മാർച്ചുമായി ഇന്ത്യാസഖ്യം. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു പ്രതിപക്ഷ എംപിമാരുടെയും നേതാക്കളുടെയും മാർച്ച്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനത്തിലുള്ള ആശങ്കകൾ രാഷ്ട്രപതിയെ അറിയിക്കുകയാണ് ലക്ഷ്യം.

To advertise here,

എന്നാൽ പ്രതിപക്ഷ എംപിമാരുടെ മാർച്ച് വിജയ് ചൗക്കിൽ ഡൽഹി പോലീസ് തടഞ്ഞു. അതിനിടെ പത്തുപേരടങ്ങിയ പ്രതിപക്ഷസംഘം രാഷ്ട്രപതിയെ കാണാനും വോട്ട് ചോരി വിഷയത്തിൽ നിവേദനം കൈമാറാനുമായി രാഷ്ട്രപതിഭവനിലേക്ക് പോയി. രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ടിഎംസി നേതാവ് മമതാ ബാനർജി, സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ, എസ്പി നേതാവ് രാജീവ് റായ്, എൻസിപി (എസ്പി) നേതാവ് സുപ്രിയ സുലെ, എൻസി നേതാവ് ഒമർ അബ്ദുള്ള, ആർജെഡി എംപി മനോജ് ഝാ, വിസികെ നേതാവ് തോൽ തിരുമാളവൻ എന്നിവരുൾപ്പെട്ട സംഘമാണ് രാഷ്ട്രപതിയെ കാണാൻ പോയത്.

പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ചേർന്ന ഇന്ത്യാസഖ്യ എംപിമാരുടെ യോഗത്തിന് ശേഷമായിരുന്നു മാർച്ച്. ഏകദേശം നൂറ്റമ്പതോളം എംപിമാർ യോഗത്തിൽ പങ്കെടുത്തിരുന്നു. പതിനാറ് പാർട്ടികളിലെ നേതാക്കൾ, രാഷ്ട്രപതിക്ക് കൈമാറാനുള്ള നിവേദനത്തിൽ ഒപ്പിട്ടുവെന്നാണ് വിവരം. എസ്‌ഐആർ അവസാനിപ്പിക്കണം, കരടുപട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ട 13 കോടി വോട്ടർമാരെ തിരിച്ച് ഉൾപ്പെടുത്തണം തുടങ്ങി മൂന്ന് ആവശ്യങ്ങളാണ് നിവേദനത്തിലുള്ളത്.

 

അതേസമയം രാഷ്ട്രപതിഭവനിലേക്കുള്ള മാർച്ച് പോലീസ് തടഞ്ഞതിന് പിന്നാലെ എംപിമാർ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. പ്രിയങ്കാ ഗാന്ധി, കെ.സി. വേണുഗോപാൽ, കൊടുക്കുന്നിൽ സുരേഷ്, ഷാഫി പറമ്പിൽ തുടങ്ങിയ എംപിമാരാണ് പ്രതിഷേധിച്ചത്.