കൊല്ലം: ‘ചേട്ടൻ ഇരുന്ന കസേര കാണുമ്പോൾ, ഒരോ സീനും കംപോസ് ചെയ്യുമ്പോൾ ഓർമ്മകൾ പിന്തുടരും. ചിലപ്പോൾ സങ്കടമായി പോകും. പക്ഷേ, ആ അദൃശ്യസാന്നിധ്യം തരുന്ന ഊർജം മുന്നോട്ടുനയിക്കും’... നാടകസംവിധാനരംഗത്തേക്കു ആദ്യമായി ചുവടുവെക്കുന്ന സന്ധ്യാ രാജേന്ദ്രന്റെ ഈ വാക്കുകളിൽ തിളങ്ങുന്നത് പൂർത്തിയാക്കേണ്ട കടമയുടെ സ്നേഹനിറവുകൂടിയാണ്.

To advertise here,

അന്തരിച്ച നാടക-സിനിമാതാരം രാജേന്ദ്രനുള്ള സ്മരണാഞ്ജലി കൂടിയാണ്, കൊല്ലം കാളിദാസകലാകേന്ദ്രത്തിന്റെ പുതിയ നാടകം ‘ഇപ്പോൾ അല്ലെങ്കിൽ എപ്പോൾ’. കലാകേന്ദ്രത്തിന്റെ 66-ാം വർഷത്തിൽ, 63-ാം നാടകമായാണ് ഹേമന്ത്കുമാർ രചിച്ച ‘ഇപ്പോൾ അല്ലെങ്കിൽ എപ്പോൾ’ എത്തുന്നത്.

‘പറയാനുള്ളത് പറയാനുള്ള സമയമാണിത്. ഞങ്ങളുടെയൊക്കെ ചെറുപ്പകാലത്ത് ജാതിയും മതവും നിറവുമൊന്നും നോക്കാതെ സ്‌നേഹിച്ചിരുന്ന തലമുറയുണ്ടായിരുന്നു. എന്നാലിപ്പോൾ അത് കൈമോശം വന്നുകൊണ്ടിരിക്കുന്നു. മാനവികത എന്ന വിശാലമായ ആശയത്തിലൂടെയാണ് മനുഷ്യൻ വളരേണ്ടത്. നമ്മൾ ഇന്ത്യക്കാർ എന്നുപറയുന്ന കാലവും കഴിഞ്ഞ് ആഗോളഗ്രാമത്തിലേക്ക് വളർന്ന കാലത്ത്, മനുഷ്യകുലത്തെ ജാതിമതവർഗവർണങ്ങളിലേക്ക് ചുരുക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കേണ്ടതുണ്ട്’. ഇതൊക്കെ ഇപ്പോഴല്ലെങ്കിൽ എപ്പോഴാണ് പറയേണ്ടതെന്നും സന്ധ്യ ചോദിക്കുന്നു.

വർത്തമാനകാലത്ത് നമ്മുടെ ചുറ്റുവട്ടത്തുണ്ടാകുന്ന പ്രശ്‌നങ്ങളിലൂടെയാണ് നാടകം വളരുന്നത്, അതിലൂടെ ആഗോളതലത്തിലെ പ്രശ്‌നങ്ങളാണ് അവതരിപ്പിക്കുന്നത്. ആക്ഷേപഹാസ്യവും ജീവിതവുമാണ് നാടകത്തിന്റെ കരുത്ത്.

ചെറുപ്പം മുതലേ റിഹേഴ്‌സലും നാടകസംഭാഷണങ്ങളും അവതരണവുംകണ്ട് നാടകത്തോടൊപ്പം വളർന്ന സന്ധ്യ സ്‌കൂൾ ഓഫ് ഡ്രാമയിൽനിന്ന് നാടകം പഠിച്ചതുമാണ്. നേരത്തേ സഹസംവിധായകയായും കോസ്റ്റ്യൂം ഡിസൈനറായും കൊറിയോഗ്രാഫറായും പ്രവർത്തിച്ചിട്ടുണ്ട്. രാജേന്ദ്രന്റെ വിയോഗത്തെത്തുടർന്നാണ് പുതിയ നിയോഗമേറ്റെടുത്തത്.

ആദ്യമൊക്കെ ആ ശൂന്യത വല്ലാതെ വിഷമിപ്പിച്ചിരുന്നു. പാകപ്പെടുത്തിയെടുക്കാൻ പാടുപെട്ടു. പിന്നെ അരങ്ങിന്റെ ഊർജം വീണ്ടെടുത്തു. ഞാൻ നേരത്തേ ചെയ്ത റോൾ ഇപ്പോൾ മരുമകൾ അശ്വതി ദിവ്യദർശനാണ് ഏറ്റെടുത്തിരിക്കുന്നത്-സന്ധ്യ പറഞ്ഞു.

വിജയകുമാരി ഒ. മാധവൻ, മുകേഷ്, ദിവ്യദർശൻ എന്നിവർ ചേർന്നാണ് നിർമാണം. വിഭു പിരപ്പൻകോടിന്റെ വരികൾക്ക് അനിൽ മാള ഈണം നൽകുന്നു. നാടകത്തിന്റെ ആദ്യ പ്രദർശനം ബുധനാഴ്ച ഏഴിന് കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ നടക്കും. തുടർന്ന് തൃശ്ശൂരിലും. ഓണാഘോഷനാളുകളിലേക്കുള്ള ബുക്കിങ് പൂർത്തിയായി.