കാക്കനാട്: ഭരിക്കുന്നവരെ തുണയ്ക്കാനും ആഘോഷിക്കാനും എഴുത്തുകാര്‍ മത്സരിക്കുന്നുവെന്ന് സാഹിത്യകാരന്‍ പി.എഫ്. മാത്യൂസ്. കാക്കനാട് മാതൃഭൂമി ബുക്സ്റ്റോറില്‍ നടത്തിയ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എഴുത്തുകാരന് അത്ര വലിയ സ്വാധീനമൊന്നും ഇന്നില്ല, പണ്ട് അതുണ്ടായിരുന്നു. അന്ന് തകഴിയും കേശവദേവുമൊക്കെ സംസാരിക്കുമ്പോള്‍ ആളുകള്‍ അവരെ കേള്‍ക്കാന്‍ കാത്തിരുന്നു. 

To advertise here,

ഇന്നാകട്ടെ ഭരിക്കുന്നവരെ തുണയ്ക്കാനും അവരെ ആഘോഷിക്കാനുമാണ് എഴുത്തുകാര്‍ മത്സരിക്കുന്നത്. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് എഴുത്തുകാരോട് ബഹുമാനമുണ്ടാകുക.

ഇതേക്കുറിച്ച് ഒരു വരി എഴുതിയിട്ടപ്പോള്‍ അതിഭീകരമായ ആക്രമണമായിരുന്നു. അഭിപ്രായ സ്വാതന്ത്ര്യം ഓണ്‍ലൈനില്‍ അനുവദിക്കപ്പെട്ടിട്ടില്ലെന്ന് മനസ്സിലായി. മാതൃഭൂമിയുടെ ക ഫെസ്റ്റിവലില്‍ നോവലിനെ കുറിച്ചുള്ള ഒരു ചര്‍ച്ചയ്ക്കിടെ പറഞ്ഞ ഒരു വാചകം എവിടെയോ പ്രത്യക്ഷപ്പെട്ടു. ഇതിനെ ആദ്യമെതിര്‍ത്തത് മലയാളത്തിലെ ഏറ്റവും പ്രശസ്തനായ, ഏറ്റവും വിപണിമൂല്യമുള്ള ഒരെഴുത്തുകാരനാണ്.

placeholder
കാക്കനാട് മാതൃഭൂമി ബുക്‌സ്റ്റോറിൽ നടത്തിയ മുഖാമുഖത്തിൽ എഴുത്തുകാരൻ പി.എഫ്. മാത്യൂസ് സംസാരിക്കുന്നു. കഥാകൃത്ത് മനോജ് വെങ്ങോല സമീപം.

അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് പേജില്‍ ഇതിനെ എതിര്‍ത്തുകൊണ്ട് ഒരു കുറിപ്പെഴുതിയതിനു പിന്നാലെ അനുയായികളെല്ലാം ആക്രമിച്ച് തന്നെ 'എയറില്‍' നിര്‍ത്തി. പിന്നീടാണ് അദ്ദേഹം ഈ വീഡിയോ മുഴുവന്‍ കണ്ടതും പോസ്റ്റ് നീക്കം ചെയ്തതും. മലയാളി ഓണ്‍ലൈനില്‍ ഒരു വ്യാജ വ്യക്തിത്വം പേറുന്നുണ്ടോയെന്നും പ്രതിപക്ഷ ബഹുമാനം നഷ്ടപ്പെട്ടിട്ടുണ്ടോയെന്നും സംശയമുണ്ട്. രണ്ടു സംഭവങ്ങളിലും എന്നെ ഏറ്റവും കൂടുതല്‍ ആക്രമിച്ചത് എഴുത്തുകാര്‍ തന്നെയായിരുന്നു.

ഭരിക്കുന്നവരെ വിമര്‍ശിക്കുകയെന്നതാണ് പണ്ടുകാലത്ത് എഴുത്തുകാര്‍ ചെയ്തിരുന്നത്. ഓണ്‍ലൈനില്‍ മലയാളികളുടെ സ്വഭാവത്തില്‍ നന്നായി മാറ്റം വന്നിട്ടുണ്ട്. നേട്ടത്തിനുവേണ്ടി എന്തും ചെയ്യാമെന്ന അവസ്ഥയാണ്, പ്രത്യേകിച്ച് എഴുത്തുകാരില്‍. ഏതാണ് ഗുണമെന്ന് അവര്‍ക്കറിയാം. എന്നും ഭരണകൂടത്തോടൊപ്പം നിന്നുകഴിഞ്ഞാല്‍ പദ്മശ്രീ, പദ്മഭൂഷണ്‍ വരെയെത്താം.

കഴിയുമെങ്കില്‍ എഴുത്തുകാര്‍ ഭരണകൂടത്തോടൊപ്പം നില്‍ക്കരുതെന്നതാണ് തന്റെ അഭിപ്രായം. അടിയാളപ്രേതം എന്ന നോവല്‍ കീഴാളസാഹിത്യം എഴുതണമെന്നു വിചാരിച്ച് എഴുതിയതൊന്നുമല്ല. അടിയാളപ്രേതം എഴുതാന്‍ വേണ്ട വിവരങ്ങള്‍ വളരെ കുറവായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഥാകൃത്ത് മനോജ് വെങ്ങോല മുഖാമുഖം നയിച്ചു. കളക്ടറേറ്റിനു സമീപത്തുള്ള സിവില്‍ ലൈന്‍ ബൈപ്പാസ് റോഡിലാണ് മാതൃഭൂമിയുടെ പുതിയ ബുക്സ്റ്റോര്‍. ഫോണ്‍: 81389 04214.