കൊല്ലം: മലയാളസാഹിത്യത്തിന്റെ ഗതിവിഗതികള്‍ നിര്‍ണയിച്ച മുണ്ടയ്ക്കല്‍ 'അശ്വതി'യില്‍നിന്ന് വെള്ളിയാഴ്ച രാവിലെ പടിയിറങ്ങുമ്പോള്‍ കെ.പി.അപ്പന്റെ പ്രിയതമ ഓമനയുടെ മനസ്സില്‍ 'വരകളും വര്‍ണങ്ങളുമേറെ'. 'കലഹവും വിശ്വാസവും' 'ഇന്നലെകളിലെ അന്വേഷണപരിശോധനകളു'മെല്ലാം പിറവിയെടുത്ത ചുമരുകള്‍ക്കുള്ളില്‍നിന്ന് ജന്മനാടായ കായംകുളത്തേക്ക് ജീവിതം പറിച്ചുനടുകയാണവര്‍.

To advertise here,

കൊല്ലം എസ്.എന്‍.കോളേജില്‍ അധ്യാപകനായി എത്തിയതുമുതലാണ് കെ.പി.അപ്പന് കൊല്ലവുമായുള്ള ബന്ധം ആരംഭിക്കുന്നത്. ആദ്യം ലോഡ്ജ് മുറികളിലായിരുന്നു അദ്ദേഹത്തിന്റെ താമസം. അയല്‍ക്കാരിയും അധ്യാപികയുമായ ഓമനയെ വിവാഹം കഴിച്ചശേഷം വാടകവീട്ടിലേക്ക് മാറി. 1971 നവംബര്‍ 28-നായിരുന്നു വിവാഹം. എല്ലാവരും കേള്‍ക്കെ സാര്‍ എന്നും ആരുമില്ലാത്തപ്പോള്‍ അപ്പാണ്ണാ എന്നുമായിരുന്നു ഓമന കെ.പി.അപ്പനെ വിളിച്ചിരുന്നത്.

കൊല്ലത്തെ 'അശ്വതി' എഴുത്തുകാരുടെ സ്ഥിരം സന്ദര്‍ശനവേദിയായിരുന്നു. സുകുമാര്‍ അഴീക്കോട് അടക്കമുള്ളവര്‍ മണിക്കൂറുകളോളം അവിടെ സംവാദങ്ങള്‍ക്കായി ചെലവഴിച്ചിട്ടുണ്ട്. ഇടയ്ക്ക് അപ്പന്റെ ശിഷ്യരും സഹപ്രവര്‍ത്തകരുമെത്തും. അശ്വതിയിലെ വായനമുറി അദ്ദേഹത്തിന് ദേവാലയംപോലെയായിരുന്നെന്ന് ഓമന ഓര്‍ക്കുന്നു. അവിടേക്ക് ഭാര്യയെപ്പോലും അദ്ദേഹം പ്രവേശിപ്പിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ മരണശേഷം പുസ്തകശേഖരം നീരാവില്‍ നവോദയം ഗ്രന്ഥശാലയ്ക്കും കൊല്ലം എസ്.എന്‍.കോളേജ് മലയാളവിഭാഗം ലൈബ്രറിക്കുമടക്കം കൈമാറിയിരുന്നു. നവോദയം ഗ്രന്ഥശാലയില്‍ വര്‍ഷങ്ങളോളം കെ.പി.അപ്പന്‍ കുട്ടികളെ എഴുത്തിനിരുത്തിയിരുന്നു.

2008-ലായിരുന്നു കെ.പി.അപ്പന്റെ മരണം. മരണശേഷം അദ്ദേഹത്തിന്റെ മൂത്തമകന്‍ രവീണ്‍ കായംകുളത്തേക്ക് താമസം മാറി. ഓമനയുടെ ബന്ധുക്കള്‍ വര്‍ഷങ്ങളായി ജന്മനാട്ടിലേക്ക് താമസം മാറ്റാന്‍ നിര്‍ബന്ധിക്കുന്നുണ്ടായിരുന്നു. അങ്ങനെയാണ് വീടുവിറ്റത്. കെ.പി.അപ്പന്റെ പിറന്നാള്‍ദിനമായ വ്യാഴാഴ്ചവരെ അശ്വതിയില്‍ കഴിയാനായിരുന്നു ആഗ്രഹം. വെള്ളിയാഴ്ച രാവിലെ അവര്‍ 'അശ്വതി'യില്‍നിന്ന് പടിയിറങ്ങി. ഇളയമകന്‍ ശ്രീജിത്തിനും കുടുംബത്തിനുമൊപ്പമാണ് ഓമന കായംകുളത്തേക്ക് താമസംമാറ്റുന്നത്.