ഇന്ത്യയിലെ ആദ്യപത്രമായ 'ഹിക്കീസ് ബംഗാൾ ഗസറ്റ്' അമേരിക്കൻ ചരിത്രകാരനായ ആൻഡ്രൂ ഓട്ടിസ് ഡിജിറ്റലി ആർക്കൈവ് ചെയ്തു. അഞ്ച് രാജ്യങ്ങളിൽനിന്നായി 'ഹിക്കീസ് ബംഗാൾ ഗസറ്റിന്റെ' അവശേഷിക്കുന്ന പേജുകൾ hickysgazette.com എന്ന വെബ്സൈറ്റിലൂടെയാണ് പുറത്തിറക്കിയിട്ടുള്ളത്. ജേണലിസത്തിൽ പിഎച്ച്ഡി നേടിയ അമേരിക്കൻ ചരിത്രകാരനാണ് ആൻഡ്രൂ ഓട്ടിസ്. പത്രപ്രവർത്തന പൈതൃകം സംരക്ഷിക്കുന്നതിനുള്ള ശ്രമം എന്നതിലുപരി, ബ്രിട്ടീഷ് അധികാരത്തിന്റെ സിരാകേന്ദ്രമായി വളർന്നുകൊണ്ടിരുന്ന 18-ാം നൂറ്റാണ്ടിലെ കൽക്കട്ടയിലെ ദൈനംദിന ജീവിതം, അപവാദങ്ങൾ, വാണിജ്യം, രാഷ്ട്രീയ ഗൂഢാലോചനകൾ, സാമൂഹിക വൈരുദ്ധ്യങ്ങൾ എന്നിവയിലേക്കുള്ള അസാധാരണമായ ജാലകം കൂടിയാണ് ഓട്ടിസിന്റെ ഈ സംരംഭം. പത്രാധിപർ ജയിലിലായ ശേഷവും പ്രസിദ്ധീകരണം തുടർന്ന ഒരു പത്രമാണ് അതിന്റെ പിറവിക്ക് 246 വർഷങ്ങൾക്ക് ശേഷം തിരിച്ചെത്തിയിരിക്കുന്നതെന്ന കൗതുകവും ഇവിടെയുണ്ട്. 1780 ജനുവരി 29-നാണ് ബംഗാൾ ഗസറ്റ് ആദ്യമായി വായനക്കാരിലേക്കെത്തിയത്.

To advertise here,

എല്ലാ ശനിയാഴ്ചകളിലും പുറത്തിറങ്ങിയിരുന്ന ഈ വാരികയുടെ അവസാന ലക്കം 1782 മാർച്ച് 30-നാണ് പ്രസിദ്ധീകരിച്ചത്. ഇന്ത്യ, യുകെ, ജർമ്മനി, ഓസ്‌ട്രേലിയ, യുഎസ് എന്നീ അഞ്ച് രാജ്യങ്ങളിലെ ആറ് ശേഖരങ്ങളിലായി ചിതറിക്കിടന്നിരുന്ന അപൂർണ്ണമായ ഏഴ് ശേഖരങ്ങളിലെ അവശേഷിക്കുന്ന എല്ലാ ലക്കങ്ങളും ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ കൊണ്ടുവരിക എന്നത് ശ്രമകരമായ ദൗത്യം തന്നെയായിരുന്നു എന്ന് വേണം കരുതാൻ. ഐറിഷ് വംശജനായ ജെയിംസ് അഗസ്റ്റസ് ഹിക്കി സ്ഥാപിച്ച ഈ വാരിക വെറും രണ്ട് വർഷം മാത്രമാണ് നിലനിന്നത്. എങ്കിലും ധീരമായ റിപ്പോർട്ടിംഗും നിർഭയമായ ആക്ഷേപഹാസ്യവും കൊളോണിയൽ ഭരണകൂടത്തിനെതിരെയുള്ള നിരന്തരമായ വിമർശനങ്ങളും ഏഷ്യയിലെ പത്രസ്വാതന്ത്ര്യത്തിന് മാതൃക സൃഷ്ടിച്ചു.

ഹിക്കി ആകെ 121 ലക്കങ്ങളും ഒരു പ്രോസ്പെക്ടസും അടക്കം 464 പേജുകളാണ് അച്ചടിച്ചത്. ഒരു സ്ഥാപനത്തിന്റെ പക്കലും ഇതിന്റെ സമ്പൂർണ്ണശേഖരമില്ല. അവശേഷിക്കുന്ന പേജുകൾ കാലക്രമത്തിൽ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. ഒപ്പം, തിരയാൻ കഴിയുന്ന (searchable) പകർപ്പുകളും ലഭ്യമാണ്. കൊൽക്കത്തയിലെ ഫുൾബ്രൈറ്റ് ഫെലോഷിപ്പ് കാലത്ത്, നാഷണൽ ലൈബ്രറി ഓഫ് ഇന്ത്യയിൽനിന്ന് പത്രത്തിന്റെ പകർപ്പുകൾ ഒട്ടിസിന്റെ കയ്യിൽ ആദ്യമെത്തുന്നത്. എന്നാൽ അവയുടെ ഫോട്ടോ എടുക്കാനോ ഡിജിറ്റലായി സ്കാൻ ചെയ്യാനോ അനുമതി ലഭിച്ചില്ല. അതിനാൽ അദ്ദേഹം പേപ്പർ ഫോട്ടോകോപ്പികൾ വാങ്ങി വീട്ടിലേക്ക് കൊണ്ടുപോയി സ്വയം സ്കാൻ ചെയ്തു കൊണ്ടാണ് പരിശ്രമം ആരംഭിച്ചത്. തുടർന്ന് കൽക്കട്ട ഹൈക്കോടതിയിലും ജർമ്മനിയിലെ ഹൈഡൽബർഗ് സർവ്വകലാശാലയുടെ ആർക്കൈവ്സിൽനിന്നും അപൂർവ്വമായ മറ്റ് പതിപ്പുകളും ലഭിച്ചു. 'ഹിക്കീസ് ബംഗാൾ ഗസറ്റ്: ദ അൺടോൾഡ് സ്റ്റോറി ഓഫ് ഇന്ത്യസ് ഫസ്റ്റ് ന്യൂസ്പേപ്പർ' (2018) എന്ന പുസ്തകത്തിലൂടെ പത്രാധിപരുടെ ശ്രദ്ധേയമായ ജീവിതം പുനർനിർമ്മിച്ച ഓട്ടിസ്, ഇപ്പോൾ അവശേഷിക്കുന്ന പത്രം ആഗോള വായനക്കാർക്ക് ലഭ്യമാക്കിയിരിക്കുകയാണ്.

ആവർത്തിച്ചുള്ള പേരുകൾ, പരസ്യങ്ങൾ, വിവാദങ്ങൾ, കൽക്കട്ടയുടെ നഗരചരിത്രത്തിലെ വിസ്മരിക്കപ്പെട്ട അധ്യായങ്ങൾ എന്നിവ കണ്ടെത്താൻ ഗവേഷകർക്ക് ഈ ആർക്കൈവ് സഹായകമാകും.