
പയ്യോളി (കോഴിക്കോട്): മലയാളത്തിലെ ആദ്യകാല നോവലുകളിലൊന്നായ ‘മീനാക്ഷി’ പിറവിയെടുത്തത് 1890-ലാണ്. ആ പുസ്തകത്താളുകൾ 136 വർഷമായി സാഹിത്യകുതുകികൾ മറിച്ചുകൊണ്ടിരിക്കുന്നു. മീനാക്ഷിയുടെ രചയിതാവ് പള്ളിക്കര ചെറുവലത്ത് ചാത്തുനായർ വിടപറഞ്ഞിട്ട് 99 വർഷമായി. കാലങ്ങൾക്കിപ്പുറം ‘മീനാക്ഷി’ പുനർവായനയ്ക്കും പഠനത്തിനുമായി പുതുതലമുറയ്ക്ക് മുന്നിലെത്തുന്നു.
ചാത്തുനായരുടെ ചെറുവലത്ത് തറവാട്ടിൽതന്നെയാണ് പുസ്തകം ‘കാലങ്ങളിലൂടെ മീനാക്ഷി’ എന്ന പേരിൽ വീണ്ടും ജനിക്കുന്നത്. ഇപ്പോൾ ചെറുവലത്ത് താമസിക്കുന്ന ചാത്തുനായരുമായി ബന്ധപ്പെട്ട നാലാംതലമുറയിലെ സി. ഗോപിനാഥന്റെ ഭാര്യ മീഞ്ചന്ത സ്വദേശി പി. അനിതയാണ് കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളോടെ പുസ്തകം പുറത്തിറക്കുന്നത്.
19-ാം നൂറ്റാണ്ടിൽ സ്ത്രീകൾ അനുഭവിച്ചിരുന്ന ദുരിതങ്ങളാണ് മീനാക്ഷിയുടെ പ്രമേയം. ആ പ്രയാസങ്ങൾ പലരീതിയിൽ 21-ാം നൂറ്റാണ്ടിലെ സ്ത്രീകളും അഭിമുഖികരിക്കുന്നതിനാലാണ് ‘മീനാക്ഷി’ പുനഃപ്രസിദ്ധീകരിക്കുന്നതെന്ന് അനിതാ ഗോപിനാഥ് പറഞ്ഞു.
മലയാളത്തിലെ മൂന്നാമത്തെ നോവലായാണ് മീനാക്ഷിയെ ഡോ. ജോർജ് ഇരുമ്പയം വിശേഷിപ്പിക്കുന്നത്. പുസ്തകം അച്ചടിച്ചുകിട്ടാൻ അനേകം പ്രതിബന്ധങ്ങൾ നേരിട്ടതായി ഒന്നാംപതിപ്പിന്റെ അവതാരികയിൽ ചാത്തുനായർ പറയുന്നുണ്ട്. ഈ പതിപ്പ് ലണ്ടൻ ഇന്ത്യാ ആപ്പീസ് ലൈബ്രറിയിൽനിന്ന് കണ്ടെത്തി 1990-ൽ ‘മീനാക്ഷി’യുടെ ശതാബ്ദി വർഷത്തിൽ സാഹിത്യ അക്കാദമി പുനഃപ്രസിദ്ധീകരിച്ചിരുന്നു.
നോവലുകളും നാടകവും ഓട്ടൻതുള്ളലും രചിച്ചിട്ടുള്ള ചാത്തുനായർ ജർമൻ ബാസൽ മിഷൻ സ്കൂളിലെ ജീവനക്കാരനായിരുന്നു. വടക്കെ മലബാറിൽനിന്ന് ആദ്യമായി കോരപ്പുഴ കടന്ന നായർസ്ത്രീ എന്ന ‘അപകീർത്തി’ക്ക് ചാത്തുനായരുടെ ഭാര്യ മാതുഅമ്മ ഇരയായിട്ടുണ്ട്. ഇതിനെത്തുടർന്ന് ജാതിഭ്രഷ്ടിനും വിധേയമായി.
1843-ൽ ജനിച്ച ചാത്തുനായർ 1927-ൽ 84-ാമത്തെ വയസ്സിലാണ് അന്തരിച്ചത്. പുതിയ പുസ്തകമായ കാലങ്ങളിലൂടെ മീനാക്ഷി 29-ന് മൂന്നിന് മധുശങ്കർ മീനാക്ഷി പ്രകാശനംചെയ്യും. ചാത്തുനായരുടെ പൗത്രൻ ശ്രീകുമാർ കാരയാട് ഏറ്റുവാങ്ങും. ചെറുവലത്ത് വീടുതന്നെയാണ് വേദി.
Content Highlights: The novel "Meenakshi," one of the earliest in Malayalam literature, was originally published in 1890 and is being reintroduced for modern readers by P. Anitha, adapting it to contemporary contexts. The novel addresses the hardships faced by women in the 19th century, which remain relevant today, prompting its republication. Written by Pallikkara Cheruvalath Chathu Nair, "Meenakshi" faced initial publication challenges and was rediscovered and republished by the Sahitya Akademi in 1990.
Published: 23 Nov 2026, 09:01 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented