പാലക്കാട്: സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നിര്‍മിതബുദ്ധിയുള്ള (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) യന്ത്രത്തിന് കിട്ടിയെന്നുകേട്ടാലും ഇനിയുള്ള കാലത്ത് അദ്ഭുതപ്പെടാനില്ലെന്ന് സാഹിത്യകാരന്‍ എന്‍.എസ്. മാധവന്‍. നിര്‍മിതബുദ്ധിയിലൂടെ എഴുത്തുകാര്‍ വലിയ വെല്ലുവിളിയാണ് നേരിടാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ചിറ്റൂര്‍ ഗവ. കോളേജില്‍ പ്രൊഫ. ടി.വി. ശശിസ്മാരക പാഞ്ചജന്യം പുരസ്‌കാരവിതരണച്ചടങ്ങില്‍ 'സാഹിത്യം നവമാധ്യങ്ങളുടെയും നിര്‍മിതബുദ്ധിയുടെയും കാലത്ത്' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

To advertise here,

മൊബൈല്‍ ഫോണ്‍ വന്നതോടെ എഴുത്തിലും വായനയിലും നിന്ന് ഒരു വലിയ സമൂഹത്തെ എഴുത്തുകാരന് നഷ്ടമായി. ഇതുവരെ കണ്ടുപിടിക്കപ്പെട്ട സാങ്കേതിക സംവിധാനങ്ങളെല്ലാം മനുഷ്യന്റെ നിയന്ത്രണത്തിലായിരുന്നു.

എന്നാല്‍, നിര്‍മിതബുദ്ധി അങ്ങനെയല്ല. അത് മനുഷ്യന്റെ കൈവിട്ട സൂത്രമാണ്. എ.ഐ. കൊണ്ട് എഴുതിയ പുസ്തകങ്ങള്‍പോലും കമ്പോളത്തിലുണ്ട്. അതേസമയം, ഈ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താനുള്ള സംവിധാനവും എഴുത്തുകാര്‍ക്കുണ്ടെന്ന് എന്‍.എസ്. മാധവന്‍ പറഞ്ഞു. 

placeholder
പ്രൊഫ. ടി.വി. ശശിസ്മാരക പാഞ്ചജന്യം പുരസ്കാരം അധ്യാപകൻ ഡോ. റഫീഖ് ഇബ്രാഹിമിന് സാഹിത്യകാരൻ എൻ.എസ്. മാധവൻ സമ്മാനിക്കുന്നു.

ചിറ്റൂര്‍ ഗവ. കോളേജ് മലയാളവിഭാഗവും ചിറ്റൂര്‍ തെക്കേഗ്രാമം പാഞ്ചജന്യം ലൈബ്രറിയും പ്രൊഫ. ടി.വി. ശശി സ്മാരകസമിതിയും ചേര്‍ന്ന് നല്‍കുന്ന പുരസ്‌കാരം കണ്ണൂര്‍ സര്‍വകലാശാലയിലെ അസി. പ്രൊഫസര്‍ റഫീഖ് ഇബ്രാഹിമിന് എന്‍.എസ്. മാധവന്‍ സമ്മാനിച്ചു.

പ്രിന്‍സിപ്പല്‍ ഡോ. ടി. റെജി അധ്യക്ഷനായി. പ്രഭാഷകന്‍ സുനില്‍ പി. ഇളയിടം, എന്‍. അജയകുമാര്‍, ഡോ.ടി.ശ്രീവത്സന്‍, സി. രൂപേഷ്, ഡോ. വി.ആര്‍. അഞ്ജന തുടങ്ങിയവര്‍ സംസാരിച്ചു.