
വാഷിങ്ടൺ: ഇന്ത്യയുൾപ്പെടെ 14 രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതിക്ക് പുതിയ തീരുവ ഏർപ്പെടുത്താൻ അമേരിക്ക. ഇന്ത്യയിൽനിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം വരെയും ചൈനയിൽനിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 40 ശതമാനം വരെയും അധിക തീരുവ ഏർപ്പെടുത്താനാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം. ഇന്ത്യ-അമേരിക്ക വ്യാപാരക്കാരാർ സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് അമേരിക്കയുടെ പുതിയ നീക്കം.
യൂറോപ്യൻ യൂണിയൻ, ബംഗ്ലാദേശ്, ജപ്പാൻ, സ്വിറ്റ്സർലൻഡ്, സിംഗപ്പുർ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 20 ശതമാനം വരെ തീരുവ ചുമത്താനും ആലോചനയുണ്ട്. ആഗോള വിപണിയിൽ കുറഞ്ഞ വിലയ്ക്ക് വ്യാവസായിക ഉൽപ്പന്നങ്ങൾ വിറ്റഴിച്ച് മറ്റ് രാജ്യങ്ങളുടെ വിപണിയെ ദോഷകരമായി ബാധിക്കുന്നുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് അമേരിക്കയുടെ നീക്കം.
എന്നാൽ, അമിതമായ വ്യാവസായിക ഉൽപ്പാദനമെന്ന അമേരിക്കയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് ചൈനയുടെ നിലപാട്. ഇതിന്റെ പേരിൽ രാഷ്ട്രീയ സമ്മർദം ചെലുത്താനുള്ള നീക്കങ്ങളെ അംഗീകരിക്കില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുൻ പറഞ്ഞു.
അതേസമയം, നേരത്തെ വിവിധ രാജ്യങ്ങളുമായി ട്രംപ് ഭരണകൂടം ഉണ്ടാക്കിയ വ്യാപാര കരാറുകളിലെ തീരുവ പരിധി മറികടക്കില്ലെന്നാണ് അമേരിക്കയുടെ വിശദീകരണം. ചൈനയുമായുള്ള നിലവിലെ ധാരണപ്രകാരം 20 ശതമാനമാണ് തീരുവയുടെ പരമാവധി പരിധി. യൂറോപ്യൻ യൂണിയൻ, ജപ്പാൻ, ദക്ഷിണ കൊറിയ, തായ്‌വാൻ എന്നിവയുമായുള്ള കരാറുകളിൽ 15 ശതമാനവും മലേഷ്യയുമായുള്ള കരാറിൽ 19 ശതമാനവുമാണ് പരിധി. നേരത്തെ ഏർപ്പെടുത്തിയ ചില തീരുവകൾക്ക് പുറമെ പുതിയ നികുതി കൂടി ചുമത്തില്ലെന്നും അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights: US administration plans new tariffs on imports from 14 countries including India and China., Indian products may face up to 25% additional duty, while Chinese goods face up to 40%., The move aims to counter dumping of low-priced industrial goods in global markets., China rejects the overcapacity allegations and calls for stable economic relations.
Published: 25 Nov 2026, 08:31 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented