
മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച മുഹമ്മദ് അബ്ബാസിന്റെ 'വിശപ്പ് പ്രണയം ഉന്മാദം' എന്ന പുസ്തകം ഇനി തമിഴിലും വായിക്കാം. 'പശി കാതല്‍ പിത്ത്' എന്ന പേരിലാണ് പുസ്തകത്തിന്റെ തമിഴ് പരിഭാഷ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കൃതി ഉടന്‍ പുറത്തിറങ്ങുമെന്ന് മുഹമ്മദ് അബ്ബാസ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. കെ.വി. ശൈലജ പരിഭാഷ ചെയ്ത പുസ്തകത്തിന്റെ പ്രസാധകര്‍ 'വംശി' ബുക്‌സാണ്.
മുഹമ്മദ് അബ്ബാസിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
പ്രിയപ്പെട്ടവരേ... ചെറുതല്ലാത്ത ഒരു സന്തോഷം നിങ്ങളുമായി പങ്കിടാനാണ് ഈ കുറിപ്പ്. 'വിശപ്പ് പ്രണയം ഉന്മാദം' എന്ന പുസ്തകം തമിഴില്‍, 'പശി കാതല്‍ പിത്ത്' എന്ന പേരില്‍ പുറത്തിറങ്ങുകയാണ്. ചുള്ളിക്കാടിന്റെ ചിദംബര സ്മരണകളും, എം.ടി.യുടെ വിലാപയാത്രയും, ഭാഗ്യലക്ഷ്മിയുടെ, സ്വരഭേദങ്ങളും മറ്റനേകം മലയാള പുസ്തകങ്ങളും തമിഴിലേക്ക് എത്തിച്ച 'വംശി ' ബുക്‌സാണ് പ്രസാധകര്‍. ആ പുസ്തകങ്ങളൊക്കെ വിവര്‍ത്തനം ചെയ്ത, കെ.വി. ശൈലജ തന്നെയാണ് ഇതും വിവര്‍ത്തനം ചെയ്തിട്ടുള്ളത്.

അവര്‍ നോവലിസ്റ്റും വിവര്‍ത്തകയും ആക്ടിവിസ്റ്റുമാണ്. തമിഴ്‌നാട് സര്‍ക്കാരിന്റെ പുരസ്‌കാരം ഒന്നിലധികം തവണ നേടിയിട്ടുള്ള, കെ.വി. ശൈലജ തമിഴിലെ പ്രശസ്ത നോവലിസ്റ്റ് 'ബവ ചെല്ലദുരയുടെ' ഭാര്യ കൂടിയാണ്.
തമിഴ് നാട്ടില്‍ ജനിച്ച്, തമിഴ് പഠിച്ച്, കേരളത്തിലെത്തി മലയാളം പഠിച്ചവന്റെ ഒരു പുസ്തകം തമിഴിലേക്ക് മൊഴി മാറ്റപ്പെടുമ്പോള്‍ ആദ്യം നന്ദി പറയേണ്ടത്, ആ പുസ്തകത്തിലെ മുഴുവന്‍ കുറിപ്പുകളും ഇവിടെ എഫ്.ബി.യിലൂടെ ആദ്യം വായിച്ച നിങ്ങളോടാണ്. നിങ്ങളില്‍ പലരും എന്റെ അക്ഷരത്തെറ്റുകളടക്കം തിരുത്തി തന്നിട്ടുണ്ട്. ഓരോ കുറിപ്പ് കഴിയുമ്പോഴും, അടുത്തത് എഴുതാന്‍ നിങ്ങളെനിക്ക് പ്രചോദനവും ആത്മവിശ്വാവും തന്നിട്ടുണ്ട്.
പ്രവദ ബുക്‌സാണ് ഇത് ആദ്യം പുറത്തിറക്കിയത്. അവരോടും നന്ദി പറയേണ്ടതുണ്ട്. പത്താളെങ്കിലും എന്നെ വായിക്കുമെന്ന് ഉറപ്പില്ലാത്ത ഒരു കാലത്ത് 500 കോപ്പികള്‍ പുറത്തിറക്കിയ അവരെയും, അതിന്റെ എഡിറ്ററും എഴുത്തുകാരനുമായ നൗഫലിനെയും ഞാന്‍ എങ്ങനെ മറക്കാനാണ്? ഈ പുസ്തകത്തിന്റെ പുറംചട്ടയിലേക്ക് നല്ല വാക്കുകള്‍ എഴുതിത്തന്ന സുധീറേട്ടനോടുള്ള (Sudheer NE) നന്ദി വളരെ വളരെ വലുതാണ്.
500 കോപ്പിയില്‍ മുരടിച്ചു നിന്ന ഒരു പുസ്തകത്തെ സന്തോഷത്തോടെ സ്വീകരിച്ച്, ഈ നിലയിലെത്തിച്ച മാതൃഭൂമി ബുക്‌സിനോടും എഡിറ്റര്‍ നൗഷാദ് പപ്പിയോണിനോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു. ഈ പുസ്തകത്തിലെ ഓരോ കുറിപ്പ് എഴുതുമ്പോഴും എന്റെ കടലാസിലേക്ക് കണ്ണീര് വീണിട്ടുണ്ട്. എന്തിനെന്നില്ലാതെ അലറി കരഞ്ഞിട്ടുണ്ട്. ഉന്മാദത്തിന്റെ ചിരി ചിരിച്ചിട്ടുമുണ്ട്. അതൊന്നും വെറുതെയായില്ലെന്ന് ഒരിക്കല്‍ കൂടി ബോധ്യമാവുന്നു.
കെ.വി. ശൈലജയ്ക്ക് ഈ പുസ്തകം പരിചയപ്പെടുത്തുന്നത്, നീലേശ്വരത്തെ രാജന്‍ മാഷാണ്. അദ്ദേഹം ഈ പുസ്തകം,
കാഴ്ചയ്ക്ക് പരിമിതിയുള്ളവരുടെ ശ്രവ്യമെന്ന ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് തന്റെ മനോഹരമായ ശബ്ദത്തില്‍ വായിച്ചു കൊടുത്തിട്ടുമുണ്ട്.
നന്ദി പറയേണ്ട മനുഷ്യര്‍ ഇനിയും അറ്റമില്ലാതെ നീണ്ടുപോവുകയാണ്. അവര്‍ക്കൊക്കെയും എന്റെ ഹൃദയം നിറഞ്ഞ നന്ദി.
ചില സാങ്കേതിക കാരണങ്ങളാല്‍ തമിഴ് പതിപ്പിന്റെ പ്രകാശനം, വംശി ബുക്‌സിനും ശൈലജയ്ക്കും മൂന്നിലധികം തവണ മാറ്റി വെയ്‌ക്കേണ്ടി വന്നിട്ടുണ്ട് (അതിനെ കുറിച്ച് ഇനിയൊരിക്കല്‍ എഴുതാം.) ഒടുക്കം ഈ മാസം മുപ്പതാം തീയതി 'പശിയും കാതലും പിത്തും'തമിഴില്‍ റിലീസാവുകയാണ്.
കാലം കരുതിവെച്ച കനിവിന്റെ ഈ വിനാഴികത്തുമ്പിലേക്ക് എന്നെ വിരല്‍ പിടിച്ച് നടത്തിച്ച മുഴുവന്‍ മനുഷ്യരെയും ഞാന്‍ സ്‌നേഹത്തോടെ ഓര്‍ക്കുന്നു. നിങ്ങളില്ലായിരുന്നെങ്കില്‍ അറിയാത്ത ദേശങ്ങളിലെ അറിയാത്ത പാതകളിലൂടെ സ്വബോധമില്ലാതെ ഉടുതുണി പോലുമില്ലാതെ ഭ്രാന്തനായി ഞാനിപ്പോള്‍ അലയേണ്ടി വന്നേനെ.
ഇനി ഞാന്‍ നന്ദി പറയേണ്ടത്, ഈ പുസ്തകത്തിന്റെ പേരില്‍ എന്നെ വിമര്‍ശിക്കുന്നവരോടും തെറി വിളിക്കുന്നവരോടും എന്തിനെന്നില്ലാതെ എന്നോട് പക സൂക്ഷിക്കുന്നവരോടുമാണ്. നിങ്ങളില്ലായിരുന്നെങ്കില്‍ ഞാനെന്റെ പരിമിതികളെ മനസ്സിലാക്കുമായിരുന്നില്ല. വാശിയോടെ കൂടുതല്‍ എഴുതുമായിരുന്നില്ല. സ്‌നേഹവും വെറുപ്പും ഇഷ്ടവും അസൂയയും ആനന്ദവും കുശുമ്പും ചേര്‍ത്തുപിടിക്കലും അലിവും കരുണയും അരിഞ്ഞിട്ട് വേവിച്ച അവിയലിന്റെ പേരാണ് എഴുത്ത് ജീവിതമെന്ന് ഞാന്‍ മനസ്സിലാക്കുമായിരുന്നില്ല.
നന്ദി.
എല്ലാത്തിനും, എല്ലാവരോടും
നന്ദി.
സ്‌നേഹാദരങ്ങളോടെ
അബ്ബാസ്.
Content Highlights: Mohammed Abbas's book vishappu pranayam unmadam tamil translation
Published: 20 Nov 2024, 03:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented