കോഴിക്കോട്: 'ഞാന്‍ ജീവിച്ചിരിക്കുന്ന കാലത്ത് ഈ റോഡൊന്ന് പൂര്‍ത്തിയായിക്കാണാന്‍ ആഗ്രഹമുണ്ട്' എന്നായിരുന്നു മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡിനെക്കുറിച്ച് നവതിയാഘോഷച്ചടങ്ങില്‍ ഡോ. എം.ജി.എസ്. നാരായണന്‍ പറഞ്ഞത്. ആ റോഡിന്റെ വീതികൂട്ടല്‍ യാഥാര്‍ഥ്യമാവുന്നതിനുവേണ്ടി ഒരു വ്യാഴവട്ടക്കാലമാണ് എം.ജി.എസ്. മുന്നില്‍നിന്ന് സമരംനയിച്ചത്. എം.ജി.എസ്. ആദ്യമായി അറസ്റ്റുചെയ്യപ്പെടുന്നതും കോടതികയറേണ്ടിവന്നതും ശിക്ഷിക്കപ്പെടുന്നതുമെല്ലാം ഈ റോഡിനുവേണ്ടിയാണ്. രാജ്യമറിയപ്പെടുന്ന ചരിത്രകാരന്‍ യാത്രയാവുന്നത് ആ സ്വപ്നം ബാക്കിയാക്കിയാണ്. 

To advertise here,

എം.ജി.എസിന്റെ നേതൃത്വത്തില്‍നടന്ന സമരങ്ങളുടെ ഫലമായി സ്ഥലമെടുപ്പ് പൂര്‍ത്തിയായി. ഏറ്റവുമൊടുവില്‍ കഴിഞ്ഞമാസം ടെന്‍ഡര്‍വിളിച്ചെങ്കിലും റോഡുപണി തുടങ്ങുന്നതുപോലും കാണാന്‍കഴിയാതെയാണ് എം.ജി.എസ്. യാത്രയായത്.

ഇത്രയും വലിയ ചരിത്രകാരന്‍ ഒരു റോഡിനുവേണ്ടിയുള്ള സമരംനയിക്കുന്നത് ആദ്യത്തെ സംഭവമായിരിക്കാം. എം.ജി.എസ്. നാരായണന്റെ മലാപ്പറമ്പിലെ വീട്ടില്‍വെച്ചാണ് അദ്ദേഹം പ്രസിഡന്റായി ആക്ഷന്‍ കമ്മിറ്റിക്ക് രൂപംനല്‍കിയത്.

മലാപ്പറമ്പില്‍ ഗതാഗതം സുഗമമാക്കാന്‍ നടത്തിയ ധര്‍ണ ഉദ്ഘാടനംചെയ്തുകൊണ്ടാണ് തുടക്കം. ഈ ധര്‍ണയില്‍നിന്ന് രൂപംകൊണ്ട ആശയം മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് ആക്ഷന്‍ കമ്മിറ്റി എന്നതിലേക്ക് വളര്‍ന്നു. അദ്ദേഹം അതിന്റെ ആദ്യ പ്രസിഡന്റുമായി. അവസാനനിമിഷംവരെ ആ പദവിയില്‍ തുടര്‍ന്നു. എം.ജി.എസ്. സമരത്തിന് മുന്നിലുള്ളതുകൊണ്ട് ഒട്ടേറെ എഴുത്തുകാരടക്കം ഇതില്‍ പങ്കാളിയായെന്ന് ആക്ഷന്‍ കമ്മിറ്റി ജനറല്‍സെക്രട്ടറി എം.പി. വാസുദേവന്‍ പറയുന്നു.

നഗരപാതാ വികസനത്തിന്റെ ആദ്യഘട്ടത്തിലായിരുന്നു മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് ഉണ്ടായിരുന്നത്. പക്ഷേ, മറ്റുറോഡുകളെല്ലാം അതിവേഗം മുന്നോട്ടുനീങ്ങിയപ്പോള്‍ ഇതുമാത്രം മുടങ്ങിക്കിടന്നു. 2008-ലെ സംസ്ഥാനബജറ്റില്‍ ഉള്‍പ്പെടുത്തി നാലുവരിപാതയാക്കുന്നതിന് 52 കോടി അനുവദിച്ച പദ്ധതി സ്ഥലമെടുപ്പിന്റെ വിജ്ഞാപനകാലാവധി കഴിഞ്ഞ് ഇല്ലാതാവുന്ന അവസ്ഥവന്നതോടെയാണ് 2012-ല്‍ എം.ജി.എസ്. പ്രസിഡന്റായി ആക്ഷന്‍ കമ്മിറ്റി രൂപവത്കരിക്കുന്നത്. 

എം.ജി.എസ്. നിവേദനംനല്‍കിയതിനെത്തുടര്‍ന്നാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ ഇബ്രാഹിംകുഞ്ഞ്, ഡോ. എം.കെ. മുനീര്‍ എന്നിവരെയെല്ലാം പങ്കെടുപ്പിച്ചുകൊണ്ട് ഉന്നതതലയോഗം വിളിച്ചത്. ഈ റോഡിനുവേണ്ടി എം.ജി.എസിന്റെ ഇടപെടലിനെത്തുടര്‍ന്ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മൂന്നുവതണ ഉന്നതതലയോഗം വിളിച്ചു. ഒരുറോഡിന്റെ കാര്യത്തില്‍ മുഖ്യമന്ത്രിതന്നെ മൂന്ന് ഉന്നതതലയോഗങ്ങള്‍ വിളിച്ചത് ഒരുപക്ഷേ അപൂര്‍വമായിരിക്കാം. എം.ജി.എസിനോടുള്ള ആദരംകൂടിയായിരുന്നു അതിനുകാരണം. 

ഇല്ലാതായിപ്പോവുമായിരുന്ന പദ്ധതിക്ക് സമരംതുടങ്ങി രണ്ടുവര്‍ഷത്തിനുള്ളില്‍ 64 കോടിരൂപ അനുവദിച്ചുകിട്ടി. വര്‍ഷങ്ങള്‍കഴിഞ്ഞ് റോഡ് ഭാഗികമായി ടെന്‍ഡര്‍വിളിച്ചു. മാനാഞ്ചിറമുതല്‍ മലാപ്പറമ്പുവരെ മാത്രം റോഡ് വീതികൂട്ടാനാണ് നിലവിലെ തീരുമാനം.