മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിനെത്തിയ ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസുമായി നടത്തിയ അഭിമുഖം; 

To advertise here,

രാഷ്ട്രീയപ്രക്ഷുബ്ധമായ ബംഗാളിന്റെ ഗവര്‍ണറായി ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു. എങ്ങനെയുണ്ട് ബംഗാള്‍?

ബംഗാളിനെക്കുറിച്ച് നന്നായി പഠിച്ചു. ബംഗാളിന്റെ ഭാഗമായി മാറാനും മാനസികമായി കഴിഞ്ഞു. ഒരു കൊച്ചു പെണ്‍കുട്ടിയെ ബംഗാളി ഭാഷയില്‍ എഴുത്തിനിരിത്തിക്കാന്‍ കഴിഞ്ഞു. ആ ചടങ്ങില്‍ ബംഗാളി പാഠാവലി എനിക്ക് സമ്മാനിച്ചത് മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ്. ഒരു വര്‍ഷത്തിനകം ബംഗാളി ഭാഷയില്‍ പ്രസംഗിക്കാന്‍ ശ്രമിക്കുമെന്ന് അന്ന് ഞാന്‍ പറഞ്ഞിരുന്നു. പക്ഷേ, 80-ാം ദിവസം അത് സാധിച്ചു. ഇത്തവണത്തെ 24 മിനിറ്റ് നീണ്ട റിപ്പബ്ലിക് ദിന സന്ദേശവും ബംഗാളിയിലായിരുന്നു. 

ദീദിയെക്കുറിച്ച് എന്താണ് പറയാനുള്ളത്. അവരുമായുള്ള ബന്ധം എങ്ങനെയാണ്

വ്യക്തിപരമായി മമതാ ബാനര്‍ജി തുടക്കം മുതല്‍ എന്നോട് സ്‌നേഹബഹുമാനം കാണിച്ചിരുന്നു. തിരിച്ച് ഞാനും. മുഖ്യമന്ത്രി എന്ന നിലയ്ക്ക് അവര്‍ക്ക് ചില തീരുമാനങ്ങള്‍ എടുക്കേണ്ടിവരും. അത് ഭരണഘടനയെയോ നിയമവാഴ്ചയെയോ ആസ്പദമാക്കിയുള്ളതല്ലെങ്കില്‍ ഞാന്‍ തടയും. പക്ഷേ, നിര്‍ദേശം തള്ളിക്കളയുകയാണെന്ന കാര്യം അവരെ അറിയിക്കും. വിയോജിപ്പുകള്‍ പരസ്പരം അംഗീകരിച്ചുകൊണ്ടുള്ള ധാരണയിലാണ് ഞങ്ങള്‍ മുന്നോട്ടുപോകുന്നത്. 

കേരളത്തില്‍ കണ്ടത് സമാനതകളില്ലാത്ത ഗവര്‍ണര്‍-മുഖ്യമന്ത്രി പോരാണല്ലോ. അതിന്റെ തുടര്‍ച്ചയെന്നോണം തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങളിലും ചില സമാനസംഭവങ്ങള്‍, ഗവര്‍ണര്‍ ഒരു ആലങ്കാരികപദവി മാത്രമാണ് എന്നതരത്തിലെ വിമര്‍ശനങ്ങളെ എങ്ങനെ കാണുന്നു

കേരളത്തിന്റെ കാര്യം ഞാന്‍ പറയുന്നില്ല. ഗവര്‍ണറുടെ റോളുകളെല്ലാം ഭരണഘടനാപരമായിത്തന്നെ വ്യവസ്ഥ ചെയ്തിട്ടുള്ളതാണ്. ഫെഡറിലസത്തെ ശക്തിപ്പെടുത്തുന്ന പദവിയാണത്. അല്ലാതെ ആലങ്കാരികമല്ല. ചില പ്രേത്യകാധികാരങ്ങളുണ്ട്. അത് ഗവര്‍ണറുടെ യുക്തമനുസരിച്ച് ചെയ്യും. ബാക്കിയുള്ള 90 ശതമാനവും മന്ത്രിസഭയുടെ നിര്‍ദേശപ്രകാരവും.

placeholder
സി.വി. ആനന്ദബോസ് അക്ഷരോത്സവത്തിനെത്തിയപ്പോള്‍
| ഫോട്ടോ: മാതൃഭൂമി 

 വി.സി. നിയമനത്തില്‍ ചാന്‍സലര്‍മാരുടെ അധികാരവുമായി ബന്ധപ്പെട്ട സുപ്രീംകോടതിവിധിയെ അങ്ങ് സ്വാഗതം ചെയ്തിരുന്നല്ലോ..

ഗവര്‍ണര്‍ വേറെ ചാന്‍സലര്‍ വേറെ. ഗവര്‍ണറെ സംബന്ധിച്ച നിബന്ധനകള്‍ ചാന്‍സര്‍ക്ക് ബാധകമല്ല. അയാള്‍ സ്വതന്ത്രനാണ്. ഭരണഘടനയിലും യു.ജി.സി. ചട്ടങ്ങളിലും സുപ്രിംകോടതിവിധിയിലും പറഞ്ഞിരിക്കുന്നതും അതാണ്. സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ കഴിയുന്നയാളാണ് ചാന്‍സലര്‍. അവിടെ സര്‍ക്കാര്‍ ഇടപെടുന്നത് ശരിയല്ല. 

സര്‍വകലാശാലയുടെ തലവന്‍ ഗവര്‍ണറാണെന്ന് ബംഗാളില്‍ ഞാന്‍ സ്ഥാപിച്ചെടുത്തു. അവിടെ സര്‍ക്കാരിന് ഒന്നും ചെയ്യാനില്ല. ഞാന്‍ അനുവദിക്കാറുമില്ല. താത്കാലിക വൈസ് ചാന്‍സലര്‍മാരെ സര്‍ക്കാര്‍ കൂടിയാലോചിച്ച് തീരുമാനിക്കണമെന്നാണ് നിയമം. കൂടിയാലോചിക്കണമെന്നതിനര്‍ഥം സര്‍ക്കാര്‍ പറയുന്ന എല്ലാവരെയും എടുക്കണമെന്നല്ല. ആരോപണവിധേയരായ പലരെയും ഞാന്‍ മാറ്റിയിട്ടുണ്ട്. അത് കോടതിയും ശരിവെച്ചു. തമിഴ്‌നാടിന്റെ കേസില്‍ കോടതി നിരീക്ഷിച്ചത് ഗവര്‍ണര്‍മാരും മുഖ്യമന്ത്രിയും തമ്മിലുള്ള പ്രശ്‌നം തീര്‍ക്കാന്‍ 'ബംഗാള്‍ മോഡല്‍' നടപ്പാക്കാമെന്നാണ്.

ഇന്ത്യന്‍ ഫെഡറേഷന്റെ നിലനില്‍പ്പ് എത്രത്തോളമുണ്ട്. രാഷ്ട്രീയപരമായും അല്ലാതെയുമുള്ള പല കാരണങ്ങളും സൗത്ത്, നോര്‍ത്ത് ഫെഡറേഷന്‍ എന്നുള്ള ചേരിതിരിവിലേക്ക് നീങ്ങുന്നതായി തോന്നുന്നുണ്ടോ

നോര്‍ത്ത് സൗത്ത് എന്ന നിലയ്ക്ക് ഒരു ധ്രുവീകരണം ഉള്ളതായി തോന്നുന്നില്ല. പക്ഷേ, രാഷ്ട്രീയധ്രുവീകരണം പലഭാഗത്തുനിന്നുമുണ്ട്. പക്ഷേ, വൈകാരികമായ ഐക്യവും ഇന്ത്യയുടെ ആന്തരികശക്തിയും അതിനെ അതിജീവിക്കും.