ഷാര്‍ജ: സത്യം പറയാന്‍ പൊതുവെ ഇഷ്ടപ്പെടാത്ത സമൂഹമാണ് നമ്മുടേതെന്നും സത്യത്തിനുവേണ്ടി നിലകൊണ്ടതിന്റെ പേരില്‍ പല പ്രതിസന്ധികളും തനിക്ക് നേരിടേണ്ടിവന്നിട്ടുണ്ടെന്നും നര്‍ത്തകിയും നടിയും എഴുത്തുകാരിയുമായ മല്ലിക സാരാഭായ്. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ പത്താംദിനത്തില്‍ ഇന്റലക്ച്വല്‍ ഹാളില്‍ ഒരുക്കിയ 'ഇന്‍ എ ഫ്രീ ഫാള്‍' സംവാദത്തില്‍ പങ്കെടുക്കുകയായിരുന്നു അവര്‍. 

To advertise here,

ജനാധിപത്യം വലിയ വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നുവെന്ന് മല്ലിക പറഞ്ഞു. ഇന്ത്യന്‍ ഭരണഘടനയിലും ജനാധിപത്യത്തിലും വിശ്വാസമുള്ളതുകൊണ്ടാണ് ഗുജറാത്ത് വംശഹത്യക്കെതിരേ സുപ്രീംകോടതിയെ സമീപിച്ചത്. അതിനുശേഷം സര്‍ക്കാര്‍ തന്നെ വേട്ടയാടാന്‍ ശ്രമിച്ചു. ആദായനികുതിവകുപ്പ് പിന്നാലെ കൂടി. അതുകൊണ്ട് തന്റെ അമ്മയ്ക്കും ബുദ്ധിമുട്ടുകളുണ്ടായി - അവര്‍ പറഞ്ഞു.

പ്രകടമായൊരു വംശീയവേര്‍തിരിവ് ഗുജറാത്തിലുണ്ടായിരുന്നു. അവിടെത്തെ കടകള്‍പോലും ഹിന്ദുവിന്റേതും മുസ്ലിമിന്റേതും എന്ന് കണക്കാക്കുന്നിടത്തേക്ക് കാര്യങ്ങള്‍ മാറി. എന്നാല്‍ ജോലിയുടെ ഭാഗമായി കേരളകലാമണ്ഡലത്തില്‍ എത്തിയപ്പോള്‍ വലിയ ആശ്വാസം തോന്നി. ഓക്‌സിജന്‍ ലഭിച്ചതുപോലെയാണ് തോന്നിയത്. കലാമണ്ഡലത്തില്‍നിന്ന് നല്ല അനുഭവങ്ങളാണുണ്ടായത്. നല്ലരീതിയില്‍ അതിനെ കൊണ്ടുപോകാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. വയനാട്ടില്‍നിന്നൊരു ആദിവാസി കുട്ടി അവിടെ പഠിക്കാന്‍വന്നതും ഹിജാബ് ധരിച്ചൊരു മുസ്ലിം പെണ്‍കുട്ടി കഥകളി പഠിക്കാനെത്തിയതും നല്ല അനുഭവങ്ങളാണ് സമ്മാനിച്ചത്- മല്ലിക പറഞ്ഞു.

കേന്ദ്രം കേരളത്തെ ശിക്ഷിക്കുകയാണെന്ന് മല്ലിക സാരാഭായ് അഭിപ്രായപ്പെട്ടു. അക്കാദമികരംഗത്തെ കാവിവത്കരണത്തെ എതിര്‍ത്തതുകൊണ്ടാണ് 14 വി.സി.മാരെയും ഗവര്‍ണര്‍ പുറത്താക്കിയത്. എന്നാല്‍, അതിനുശേഷം സര്‍വകലാശാലകളില്‍ അതാത് രംഗങ്ങളില്‍ വൈദഗ്ധ്യമുള്ളവരെ നിയമിക്കുന്നതിന്റെ ഭാഗമായാണ് തന്നെ കലാമണ്ഡലത്തില്‍ കൊണ്ടുവന്നതെന്നും അവര്‍ പറഞ്ഞു.