
കോഴിക്കോട്: ഉണ്ണികള്ക്കായി കഥകളും കവിതകളുമെഴുതിയും അവരെ വല്ലാതെ രസിപ്പിച്ചുമാണ് അപ്പുണ്ണി സാഹിത്യത്തിന്റെ മലമുകളിലേക്കുയര്ന്നത്. കേന്ദ്രസാഹിത്യ അക്കാദമി അവാര്ഡ് നേടിയ, നൂറിലേറെ പുസ്തകങ്ങളെഴുതിയ ബാലസാഹിത്യകാരന് ചൊവ്വാഴ്ച എണ്പത് തികയും. മിന്നാമിന്നിയും മയില്പ്പീലിയും മഞ്ചാടിക്കുരുവും കുന്നിമണിയും കൗതുകമായി മനച്ചെപ്പില് കൂട്ടിവെക്കുന്ന കുട്ടികള് കൂട്ടിവായിക്കും കാലംമുതല് അപ്പുണ്ണിയെയറിഞ്ഞു.
കോഴിക്കോട് ഗോവിന്ദപുരത്ത് താമസിക്കുന്ന അപ്പുണ്ണിയുടേതായി കഥയും കവിതയും വിവര്ത്തനവും വ്യാഖ്യാനവും ജീവചരിത്രവും സമാഹരണവുമൊക്കെയുണ്ട്. പക്ഷേ, ബാലസാഹിത്യകാരന് ഇപ്പോള് അല്പം ദുഃഖിതനാണ്. പാഠഭാഗങ്ങളുടെയും ശാസ്ത്രത്തിന്റെയും പാഠ്യേതര പ്രവര്ത്തനങ്ങളുടെയും ശ്വാസംമുട്ടിക്കലില് കുട്ടിക്ക് കുട്ടിത്തം നഷ്ടപ്പെടുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. കംപ്യൂട്ടറും മൊബൈലും കാര്ട്ടൂണ് ചാനലും വാട്സാപ്പും എ.ഐ.യും എല്ലാം ചേര്ന്ന് നമ്മുടെ കുട്ടികളുടെ ലോകം അവരറിയാതെ കവര്ന്നെടുക്കുന്നു.
മലപ്പുറം ജില്ലയിലെ തെക്കന്കുറ്റൂരില് ജനനം. തിയ്യാടത്ത് ശേഖരന് നായരുടെയും മലയത്ത് പാപ്പിയമ്മയുടെയും മകന്. കൂട്ടുകാരന് കവിതയിലൂടെ തന്നെ പരിഹസിച്ചപ്പോള് കവിതയിലൂടെതന്നെ തിരിച്ചടിച്ചാണ് കുട്ടിക്കവിതയെഴുത്തിന്റെ തുടക്കം. അധ്യാപകന് പരാതിയെത്തി. ചുട്ട അടി പ്രതീക്ഷിച്ച അപ്പുണ്ണിക്ക് അധ്യാപകന്റെ തലോടല്കിട്ടി. പിന്നെ ദീര്ഘദര്ശനംപോലെ ഗുരുവരം: ''നല്ല കവിത്വമുണ്ട്. മിടുക്കനാവും.''
പത്തോളം പ്രധാന അവാര്ഡുകള് കിട്ടിയിട്ടുണ്ട്. 1997-ല് ബാലസാഹിത്യ ഇന്സ്റ്റിറ്റ്യൂട്ട് അവാര്ഡ്, 2010-ല് കേരള സാഹിത്യ അക്കാദമി അവാര്ഡ്, 2019-ല് കേന്ദ്ര സാഹിത്യ അക്കാദമി അവാര്ഡ്... കാര്ത്തികനക്ഷത്രം, തേന്തുള്ളികള്, ഞാവല്പ്പഴങ്ങള്, പുഴക്കരയില്, അറവുമാടുകള്, പച്ചിലയുടെ ചിരി, 100 കുട്ടിക്കവിതകള് തുടങ്ങിയവ പ്രധാനകൃതികള്.
'നാട്ടുവഴികള്, നഗരവീഥികള്' എന്ന പേരില് കവിയുടെ ആത്മകഥയുമുണ്ട്. ഇതില് താന് ജനിച്ച കുറ്റൂരിലെ നാട്ടിന്പുറത്തെയും പ്രവര്ത്തിച്ച കോഴിക്കോട് നഗരത്തിലെയും ജീവിതസഞ്ചാരവഴികള് കുട്ടിക്കൗതുകത്തോടെ വിവരിക്കുന്നു.
ഭാവനയുടെ ഉദാത്തതയും കവനത്തിന്റെ സുതാര്യതയും അവതരണത്തിന്റെ ലാളിത്യവും അപ്പുണ്ണിയുടെ രചനകളെ വ്യത്യസ്തമാക്കുന്നു. റിട്ട. അധ്യാപിക സി. അംബുജാക്ഷിയാണ് അപ്പുണ്ണിയുടെ ഭാര്യ. സി. അപര്ണ, സി. അനില് എന്നിവര് മക്കളാണ്.
Content Highlights: Malayath Appunni, Poet, Birth anniversary, Malayalam childrens literature
Published: 15 Aug 2023, 10:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented