ചരിത്രത്തിലെ പല നിഗൂഢതകൾക്കും ഉത്തരം കണ്ടെത്താൻ ഗവേഷകർ വർഷങ്ങളോളം ചെലവഴിക്കാറുണ്ട്. പഴയ രേഖകൾ പരിശോധിക്കണം, നൂറുകണക്കിന് പേരുകൾ വിലയിരുത്തണം, ഓരോ സൂചനയും പരസ്പരം ബന്ധിപ്പിച്ചു നോക്കണം. എന്നാൽ, 200 വർഷത്തോളം പഴക്കമുള്ള ഒരു സ്കെച്ച്ബുക്കിന്റെ യഥാർഥ ഉടമയെ കണ്ടെത്താൻ ഒരു എഐ മോഡലിന് വേണ്ടിവന്നത് വെറും 22 മിനിറ്റ്! ഓപ്പൺഎഐയുടെ GPT-6.2 Astra ആണ് ഇതിനായി സഹായിച്ചത്.

To advertise here,

യേൽ സർവകലാശാലയിലെ ലൈബ്രറിയിൽ സൂക്ഷിച്ചിരിക്കുന്ന, 1808 കാലഘട്ടത്തിലേതെന്ന് കരുതപ്പെടുന്ന ഒരു അജ്ഞാത യാത്രാ സ്കെച്ച്ബുക്കിന്റെ ഉടമയെയാണ് എഐ കണ്ടെത്തിയത്. കാനഡയിലെ വിൽഫ്രിഡ് ലോറിയർ സർവകലാശാലയിലെ ചരിത്രവിഭാഗം പ്രൊഫസറായ മാർക്ക് ഹംഫ്രീസ് ആണ് ഈ പരീക്ഷണം നടത്തിയത്.

പഴയകാലത്തെ യാത്രകൾ ചിത്രങ്ങളിലൂടെ രേഖപ്പെടുത്തിയ ഈ സ്കെച്ച്ബുക്കിൽ ചില അടിക്കുറിപ്പുകളും വിരലിലെണ്ണാവുന്ന തീയതികളും മാത്രമാണുണ്ടായിരുന്നത്. അത് തയ്യാറാക്കിയ ആളുടെ പേര് ഉണ്ടായിരുന്നില്ല. ധാരാളം ആളുകൾ സഞ്ചരിച്ച ഇടങ്ങളായിരുന്നു ഇതിലുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ആരാണ് ഈ ചിത്രങ്ങൾ വരച്ചതെന്ന് കണ്ടെത്തുക എളുപ്പമായിരുന്നില്ല.

ഓപ്പൺഎഐയുടെ പുതിയ എഐ മോഡലുകൾ നേരത്തേ പരീക്ഷിക്കാൻ അവസരം ലഭിക്കുന്ന ഉപയോക്താക്കളുടെ കൂട്ടായ്മയിൽ അംഗമാണ് ഹംഫ്രീസ്. ഈ അവസരം ഉപയോഗിച്ചാണ് അദ്ദേഹം GPT-6.2 Astra-യെ അന്വേഷണത്തിനായി നിയോഗിച്ചത്. ഇതിനായി വിവിധ ചരിത്രരേഖകളെയാണ് എഐ ആശ്രയിച്ചത്. സ്കെച്ച്ബുക്കിൽ ചിത്രീകരിച്ചിരിക്കുന്ന സ്ഥലങ്ങളിൽ ആ കാലത്ത് ആരൊക്കെയുണ്ടായിരുന്നുവെന്ന് കണ്ടെത്തുകയായിരുന്നു ലക്ഷ്യം. 22 മിനിറ്റിനുള്ളിൽ, രേഖകളും സ്ഥലവിവരങ്ങളും പരിശോധിച്ച എഐ, അത് വിസ്കൗണ്ട് ലുയി ഗയ് ചാൾസ് ഗിയോം ഡി റോഹാൻ ഷാബോയുടേതാകാമെന്ന് (Louis Guy Charles Guillaume de Rohan Chabot) നിർദേശിച്ചു.

പിന്നീട് ഒരു ചരിത്രഗവേഷകന്റെ പിഎച്ച്ഡി പ്രബന്ധത്തിൽനിന്ന് ഷാബോ ഒരു ഡയറി സൂക്ഷിച്ചിരുന്നതായുള്ള പരാമർശം കണ്ടെത്തി. മൈക്രോഫിലിം പകർപ്പുകളായി ലഭിക്കുന്ന ഈ ഡയറി ഹംഫ്രീസ് ഓർഡർ ചെയ്തു. ഈ ഡയറിയിലെ തീയതികളും സ്കെച്ച്ബുക്കിലെ ചിത്രങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങളും പരിശോധിച്ചു. രണ്ടിലെയും വിവരങ്ങൾ കൃത്യമായി പൊരുത്തപ്പെടുന്നതായിരുന്നു. സ്കെച്ച്ബുക്കിൽ ചിത്രീകരിച്ച സ്ഥലങ്ങളിൽ അതേ സമയത്ത് ഷാബോ ഉണ്ടായിരുന്നതായി ഡയറിയിൽനിന്ന് വ്യക്തമായി.

തന്റെ ഡയറിയിൽ ഫോർട്ട് സെന്റ് ജോസഫിന്റെ ഒരു ചിത്രം വരച്ചതായി ഷാബോ രേഖപ്പെടുത്തിയിരുന്നു. അത് ഏത് ദിശയിൽനിന്നുള്ള കാഴ്ചയാണ് ചിത്രീകരിച്ചതെന്നും അദ്ദേഹം വിവരിച്ചിരുന്നു. സ്കെച്ച്ബുക്ക് പരിശോധിച്ചപ്പോൾ അതേ ചരിത്രസ്മാരകത്തിന്റെ ചിത്രം കണ്ടെത്തുകയും ചെയ്തു.

ചരിത്രരേഖകളിലെ നൂറുകണക്കിന് പേരുകളും സൂചനകളും പരിശോധിച്ച് 200 വർഷം പഴക്കമുള്ള ഒരു സ്കെച്ച്ബുക്കിന്റെ ഉടമയെ കണ്ടെത്തിയത് ഗവേഷണരംഗത്ത് എഐയുടെ സാധ്യതകളിലേക്കാണ് വിരൽചൂണ്ടുന്നത്. മനുഷ്യന് വർഷങ്ങൾ വേണ്ടിവന്നേക്കാവുന്ന ഗവേഷണജോലി 22 മിനിറ്റിനുള്ളിൽ പൂർത്തിയാക്കാൻ എഐക്ക് കഴിഞ്ഞുവെന്നതാണ് ഇവിടെ ശ്രദ്ധേയം.