തലശ്ശേരി: മലയാളഭാഷയ്ക്ക് അമൂല്യ സംഭാവന നല്‍കിയ ജര്‍മന്‍ മിഷനറി ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ 132-ാം ചരമവാര്‍ഷികദിനമാണ് വെള്ളിയാഴ്ച. മിഷനറി പ്രവര്‍ത്തനത്തിനൊപ്പം മലയാളഭാഷയ്ക്കായി ജീവിതം നീക്കിവെച്ച ഗുണ്ടര്‍ട്ട് നിഘണ്ടുവും വ്യാകരണഗ്രന്ഥവും പ്രഥമപത്രവും അദ്ദേഹം സമ്മാനിച്ചു. ഗുണ്ടര്‍ട്ടിന്റെ സ്മരണയില്‍ 174 വര്‍ഷം പഴക്കമുള്ള പുസ്തകം ഇന്നും തലശ്ശേരിയിലുണ്ട്.

To advertise here,

ഗുണ്ടര്‍ട്ട് നെട്ടൂരില്‍ സ്ഥാപിച്ച കല്ലച്ചില്‍ അച്ചടിച്ച ലോക ചരിത്രശാസ്ത്രം എന്ന പുസ്തകമാണ് തലശ്ശേരിയില്‍ സൂക്ഷിച്ചിട്ടുള്ളത്. ക്രിസ്തുവിന് മുന്‍പുള്ള ചരിത്രമാണ് ലോക ചരിത്രശാസ്ത്രത്തില്‍ പ്രതിപാദിക്കുന്നത്. പുസ്തകത്തിന്റെ ഒന്നാം കാണ്ഡം തലശ്ശേരിയിലെ സിഎസ്ഐ വൈദികന്‍ ഫാ. ജി.എസ്.ഫ്രാന്‍സിസിന്റെ ചരിത്രപുസ്തക ശേഖരത്തിലാണുള്ളത്. സഭാപ്രവര്‍ത്തകനും സംസ്‌കൃത പണ്ഡിതനുമായിരുന്ന ഇ.കെ.സത്യവ്രതനാണ് പുസ്തകം ആദ്യം ലഭിച്ചത്. ഗുണ്ടര്‍ട്ടിനുശേഷം സെമിനാരി പ്രവര്‍ത്തനം നടത്തിയ സത്യവ്രതനില്‍നിന്ന് മകന്‍ ജോര്‍ജ് സത്യസന്ധന്റെ കൈവശം പുസ്തകമെത്തി. തലശ്ശേരി ബിഇഎംപി സ്‌കൂള്‍ പ്രഥമാധ്യാപകനായിരുന്ന സത്യസന്ധന്റെ മകള്‍ റൊമോളയുടെ ഭര്‍ത്താവാണ് ജി.എസ്.ഫ്രാന്‍സിസ്.

തലശ്ശേരിയിലെ ഛാപിതം എന്നാണ് പുസ്തകത്തിലുള്ളത്. തലശ്ശേരി മിഷന്‍ പ്രസില്‍ അച്ചടിച്ചിരുന്ന പുസ്തകങ്ങള്‍ ഛാപിതം എന്ന പേരിലാണ് അറിയപ്പെട്ടത്. സി.കണ്യന്‍ കിട്ടുവിന്റെ സഹായത്തോടെയാണ് ഗുണ്ടര്‍ട്ട് പ്രസ് നടത്തിയത്. പുസ്തകത്തിലെ കൈയക്ഷരം കണ്യന്‍ കിട്ടുവിന്റേതാണ്.

1845 ഒക്ടോബര്‍ 23-നാണ് കല്ലച്ച് സ്ഥാപിച്ചത്. 1864 വരെ പ്രവര്‍ത്തിച്ചു. പിന്നീട് ലെറ്റര്‍ പ്രസ് നിലവില്‍ വന്നു. 1851-ലാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. സാംസ്‌കാരിക വകുപ്പ് ഉദ്യോഗസ്ഥര്‍ അടുത്തിടെ പുസ്തകം പരിശോധിച്ചു. പുസ്തകം സൂക്ഷിച്ചതിന് ജി.എസ്.ഫ്രാന്‍സിസിനെ അഭിനന്ദിച്ചു. ചരിത്രവിദ്യാര്‍ഥികള്‍ പുസ്തകം കാണാനെത്താറുണ്ട്.