കേരള സാഹിത്യ അക്കാദമി അവാർഡ് സ്വീകരിച്ചതിന് ശേഷം ഹരിത സാവിത്രി നടത്തിയ മറുപടി പ്രസംഗം

To advertise here,

കഴിഞ്ഞ വർഷം ഈ സ്റ്റേജിൽ വന്നു നിന്ന നിമിഷങ്ങളാണ് ഞാൻ ഇപ്പോൾ ഓർക്കുന്നത്. ആറു വർഷങ്ങൾക്ക് മുൻപ് എഴുത്ത് തുടങ്ങിയ ഒരു വീട്ടമ്മ എന്ന് അന്ന് ഞാൻ സ്വയം പരിചയപ്പെടുത്തി. ഇപ്പോഴും അത് തന്നെയാണ് എന്നെപ്പറ്റി പറയാനുള്ളത്. എഴു വർഷങ്ങൾ എന്ന് ചെറിയൊരു മാറ്റം വന്നു എന്ന് മാത്രം. എന്റെ ആദ്യനോവലായ, ഇപ്പോൾ അവാർഡ് ലഭിച്ച 'സിൻ' ഡോക്യു ഫിക്ഷൻ എന്ന വിഭാഗത്തിൽ പെട്ട ഒരു നോവലാണ്. മനുഷ്യൻ എന്ന നിലയിൽ  മനുഷ്യകുലത്തിനു വേണ്ടി എന്റെ കടമ ചെയ്യേണ്ടതുണ്ട് എന്ന തോന്നലിൽ നിന്നാണ് ഡോക്യുഫിക്ഷൻ എന്ന താരതമ്യേന അപ്രശസ്തമായ സാഹിത്യ ശാഖയിലേക്ക് ഞാൻ തിരിയുന്നത്.

ചരിത്രം മാറ്റിയെഴുതുന്ന കാലമാണിത്. ശബ്ദമില്ലാത്തവന്റെ ശബ്ദമാകുക. ഭരണകൂടങ്ങൾ മറച്ചു വയ്ക്കാൻ ശ്രമിക്കുന്ന ചോരപ്പാടുകൾ ലോകത്തിനു കാട്ടിക്കൊടുക്കുക ഇവയായിരുന്നു ലക്ഷ്യം. ക്രിമിനൽ രാജ്യങ്ങൾ കൊച്ചു കുഞ്ഞുങ്ങളെപ്പോലും കൊന്നു തള്ളുന്ന ഇന്നത്തെ കാലത്ത് ഇത്തരം പ്രശ്നങ്ങൾ ഏതു രീതിയിൽ ആണെങ്കിലും  ഡോക്യുമെന്റ് ചെയ്യുക എന്നത് വളരെ പ്രധാനമാണ്. ഏകാധിപത്യ പ്രവണതയുള്ളവർ ഭരിക്കുന്ന നാടുകളിൽ ചരിത്രം തിരുത്തിയെഴുതുക അത്ര പ്രയാസമുള്ള കാര്യമല്ല എന്ന് നമുക്ക് ഇന്ത്യയിലെ അനുഭവങ്ങൾ കൊണ്ട് തന്നെ അറിയാം. ഇവിടെയാണ്‌ ഡോക്യുഫിക്ഷന്റെ പ്രാധാന്യം. ഏതു നിമിഷവും നശിപ്പിക്കപ്പെടാവുന്ന  രേഖകളിലേക്ക് ഒതുങ്ങിപ്പോകാതെ ഇത്തരം വിവരങ്ങൾ ലോകത്തിന്റെ കണ്ണുകൾക്ക് മുന്നിലേക്ക്  എത്തിക്കുക വളരെ പ്രധാനമാണ്. 

നോവൽ എന്ന മീഡിയത്തിലൂടെ അത് ചെയ്യുക അത്ര എളുപ്പമല്ല. വിഷയത്തിൽ നിന്ന് വായനക്കാരന്റെ ശ്രദ്ധ ഭാഷയിലേക്ക് തിരിയാത്തയത്ര ഒതുക്കവും ലാളിത്യവുമുള്ള ഭാഷ ഉപയോഗിക്കുക, ആർക്കും ചോദ്യം ചെയ്യാനാവത്ത വിധം റിലയബിൾ  ആയ ഡാറ്റ ഉപയോഗിക്കുക, വിഷയം ഗഹനമായി പഠിക്കുക, പ്രശ്നബാധിത പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുക, ഇരകളോടും കുടുംബങ്ങളോടും സംസാരിക്കുക, അവരോട് ഒത്ത് സമയം ചിലവഴിക്കുക അങ്ങനെ ഒരുപാട് തയ്യാറെടുപ്പും പ്രയത്നവും ഞാൻ സിനിനു വേണ്ടി നടത്തിയിട്ടുണ്ട്. സിനിനു വേണ്ടി മാത്രമല്ല ഇപ്പോൾ ദേശാഭിമാനി വീക്കിലിയിൽ പ്രസിദ്ധീകരിക്കുന്ന കുർബാന് വേണ്ടിയും.

സിൻ എഴുതിക്കഴിഞ്ഞ് അടുത്ത നോവലിലേക്ക് കടക്കാൻ  എനിക്ക് നാല് വർഷം വേണ്ടി വന്നു. ഈ നോവൽ എന്നിൽ ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് പുറത്തെത്താൻ എനിക്ക് സമയം വേണമായിരുന്നു. അടുത്ത നോവലിനു വേണ്ടി തയ്യാറെടുക്കാനും.  സിനിൽ എത്ര മാത്രം സത്യമുണ്ട് എന്ന് ചോദിക്കുമ്പോൾ കുറച്ചു റഫറൻസുകൾ ചേർക്കാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. കുർബാനിൽ ഞാനത് ചെയ്തിട്ടുണ്ട്. 

സാഹിത്യ അക്കാദമി ഈ അവാർഡ് നൽകുന്നതിലൂടെ എന്റെ ചുമലിൽ വലിയ ഒരു ഉത്തരവാദിത്തം വച്ചു തരികയാണ് ചെയ്തത്. ഇപ്പോൾ ലഭിച്ച പ്രശസ്തി മുതലെടുക്കാനായി ചവറു പോലെ എഴുതിക്കൂട്ടുന്നതിനു പകരം കൂടുതൽ സൂക്ഷ്മതയോടെ മുന്നോട്ട് നീങ്ങുകയും കൂടുതൽ മെച്ചപ്പെടാൻ ശ്രമിക്കുകയും ചെയ്യുമെന്ന് ഞാൻ ഉറപ്പ് തരുന്നു.  നിങ്ങൾ എന്നിലർപ്പിച്ച വിശ്വാസത്തിനും സ്നേഹത്തിനും സിനിനു നൽകിയ പരിഗണനയ്ക്കും നന്ദി.